2010-02-05 20:29:47

 ശിശിരകാല ഒളിംപിക്സ് കളികള്‍
ആഗോളസൗഹൃദത്തിന്‍റെ കണ്ണികള്‍
-മാര്‍പാപ്പ


 മനുഷ്യരുടെ ഇടയില്‍ സമാധാനത്തിന്‍റേയും സൗഹൃദത്തിന്‍റേയും ധാരണകളുണര്‍ത്തുന്ന ശിശിരകാല ഒളിംപിക്സ്, സമാന്തര ഒളിംപിക്സ് – ലോക കായികമത്സരങ്ങള്‍, സ്നേഹത്തിന്‍റെ നൂതന മാനവീകത വളര്‍ത്തുന്നതിന് സഹായകമാകുമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആശംസിച്ചു.
ഫെബ്രുവരി 12 മുതല്‍ 28 വരെ വടക്കേ അമേരിക്കയിലെ വാന്‍കോവറില്‍ ആരംഭിക്കുവാന്‍ പോകുന്ന ശിശിരകാല ഒളിംപിക്സിന്‍റേയും, കാംലൂപ്സില്‍ അന്നുതന്ന‍െ തുടങ്ങുന്ന സമാന്തര ഒളിംപിക്സിന്‍റേയും വിജയത്തിനായിട്ടാണ്, വാന്‍കോവര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മൈക്കള്‍ മില്ലര്‍ വഴി വത്തിക്കാനില്‍നിന്നും മാര്‍പാപ്പ സന്ദേശമയച്ചത്. 11-ാമത്തെ ശിശിരകാല ഒളിംപിക്സിലും
10-ാമത് സമാന്തര ഒളിംപിക്സിലും പങ്കെടുക്കുവാന്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന എല്ലാ കായിക താരങ്ങള്‍ക്കും, അതിന്‍റെ സംഘാടകര്‍ക്കും, നടത്തിപ്പിനായി ബുദ്ധിമുട്ടുന്ന എല്ലാ സന്നദ്ധസേവകര്‍ക്കും മാര്‍പാപ്പാ വിജയാശംസകള്‍ നേര്‍ന്നു. ജനതകളേയും രാഷ്ട്രങ്ങളേയും തമ്മില്‍ കൂട്ടിയിണക്കുന്ന സമാധാനത്തിന്‍റേയും സൗഹൃദത്തിന്‍റേയും വലിയ കണ്ണികളാണ് ഈ രണ്ടു രാജ്യാന്തര-കായിക സംഭവങ്ങളെന്ന് പാപ്പാ വിശേഷിപ്പിച്ചു.

വിശ്വാസം സ്വര്‍ണ്ണത്തെക്കാള്‍ വിലമതിക്കുന്നതാണെന്ന, വിശുദ്ധ പത്രോസ്ലീഹായുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഒളിംപിയാര്‍ഡില്‍ സന്നദ്ധ സേവനം ചെയ്യുന്ന More than Gold സ്വര്‍ണ്ണത്തെക്കാളുപരി -എന്ന ക്രിസ്തീയ കൂട്ടായ്മയുടെ സംഘടനയ്ക്കും മാര്‍പാപ്പ പ്രത്യേകം ആശംസകളര്‍പ്പിച്ചു. “അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം.” – 1 പത്രോസ് 1:7.







All the contents on this site are copyrighted ©.