2010-02-04 10:49:39

ഡോണ്‍ ബോസ്കോയുടെ ആദ്യപിന്‍ഗാമി
ഡോണ്‍ റൂവായുടെ ചരമശതാബ്ദിവര്‍ഷം (+1910 - 2010)


 ആഗോള സലീഷ്യന്‍സഭ ഡോണ്‍ ബോസ്കോയുടെ ആദ്യപിന്‍ഗാമിയായ വാഴ്ത്തപ്പെട്ട ഡോണ് റൂവായുടെ ചരമശതാബ്ദി
ഈ വര്‍ഷം ആഘോഷിക്കുമെന്ന് ഡോണ്‍ പാസ്ക്വാള്‍ ചാവെസ്, സഭയുടെ റെക്ടര്‍ മേജര്‍ റോമില്‍ അറിയിച്ചു.
1888 ജനുവരി 31-ന് ഡോണ്‍ ബോസ്കോ മരിക്കുന്ന ആ ദിവസംതന്നെയാണ് അദ്ദേഹത്തിന്‍റെ വിശ്വസ്ത സഹചാരിയായിരുന്ന ഡോണ്‍ റൂവാ സഭയുടെ ഭരണചുമതല ഏറ്റെടുത്തത്. അന്നുമുതല്‍ 1910 ഏപ്രില്‍ 6-ന് തന്‍റെ അവസാനശ്വാസംവരെ യുവാക്കള്‍ക്കുവേണ്ടി, പ്രത്യേകിച്ച് പാവങ്ങളും അനാഥരുമായവര്‍ക്കുവേണ്ടി, ഡോണ്‍ ബോസ്കോ കൈമാറിയ ആത്മീയചൈതന്യം വിശ്വസ്തതയോടെ ജീവിക്കുവാനും, വളര്‍ത്തിയെടുക്കുവാനും ഡോണ്‍ റൂവായ്ക്കു സാധിച്ചിട്ടുണ്ടെന്ന്, വിശുദ്ധ ഡോണ്‍ ബോസ്കോയുടെ തിരുനാള്‍ ബലിയര്‍പ്പിച്ചുകൊണ്ട് ഡോണ്‍ പാസ്ക്വാള്‍ ചാവെസ് പറഞ്ഞു. ഡോണ്‍ മൈക്കിള്‍ റൂവാ, ഡോണ്‍ ബോസ്കോയുടെ പിന്‍ഗാമിമാത്രമല്ല, ആത്മീയപുത്രനും, ശിഷ്യനും, ഡോണ്‍ ബോസ്കോയുടെതന്നെ ശൈലിയുള്ള യുവജനപ്രേഷിതനുമായിരുന്നു. ഡോണ്‍ റൂവായുടെ മാനുഷികവും ആത്മീയവുമായ വ്യക്തിത്വം പഠിക്കുന്നതിനുള്ള നല്ലൊരവസരമാണ് ഈ ജൂബിലി വര്‍ഷമെന്ന് റെക്ടര്‍ മേജര്‍ പറഞ്ഞു. ആഗോള തലത്തിലുള്ള സലേഷ്യന്‍ സമൂഹങ്ങള്‍ ഈ ജൂബിലി വര്‍ഷത്തിലുടനീളം സംഘടിപ്പിക്കേണ്ട ആത്മീയ നവീകരണ പദ്ധതികള്‍, ശതാബ്ദിയുടെ സമാപനമായി ‘ചരിത്രത്തിലെ ഡോണ്‍ റൂവാ’ എന്ന പേരില്‍ റോമില്‍വച്ച് നടത്തുവാന്‍ ഉദ്ദേശിക്കുന്ന അന്തര്‍ദേശിയ കോണ്‍ഗ്രസ്സ് എന്നിവയെക്കുറിച്ചും ഡോണ്‍ ബോസ്കോയുടെ 9-ാമത്തെ പിന്‍ഗാമിയായ, ഡോണ്‍ പാസ്ക്വാള്‍ ചാവെസ് റോമില്‍ ഡോണ്‍ ബോസ്കോയുടെ തിരുനാളില്‍ പങ്കെടുത്ത സലേഷ്യന്‍ സഭാംഗങ്ങളോടും ആഗോളതലത്തിലുള്ള സലീഷ്യന്‍ സമൂഹങ്ങളോടും, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സഹകാരികള്‍, യുവജനങ്ങള്‍ എന്നിവരോടുമായി ആഹ്വാനംചെയ്തു.

1847-ല്‍ ഇറ്റലിയിലെ ട്യൂറിന്‍‍ പട്ടണത്തിലാണ് മൈക്കിള്‍ റൂവാ ജനിച്ചത്. 1854-ല്‍ ഡോണ്‍ ബോസ്ക്കോയുടെ ഓറട്ടറിയില്‍ ചേര്‍ന്നു. 1860-ല്‍ സലീഷ്യന്‍ വൈദീകനായി. 1888-ല്‍ സലീഷ്യന്‍ സഭയുടെ ആദ്യ റെക്ടര്‍ മേജറായി. 1910-ല്‍ മരണം.
1972-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ ഫാദര്‍ മൈക്കിള്‍ റൂവായെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തി.
ഡോണ്‍ ബോസ്കോയുടെ ആത്മീയതയുടെ തുടര്‍സാന്നിദ്ധ്യമായിരുന്നു ഡോണ്‍ റൂവാ. ഈ ജൂബിലി ആഘോഷം സഭാംഗങ്ങള്‍ക്ക് ഒരാത്മീയ അജപാലന യാത്രയായിരിക്കും, കാരണം ഡോണ്‍ റൂവായുടെ സന്യാസ തീക്ഷ്ണത അത്രത്തോളം ആഴമുള്ളതായിരുന്നു.







All the contents on this site are copyrighted ©.