2010-02-01 16:05:25

പ്രസിദ്ധീകരണ മേഖലയിലുള്ളവര്‍
നന്മയുടെ സന്ദേശവാഹകര്‍
- കര്‍ദ്ദിനാള്‍ ബര്‍ത്തോണെ


സഭയോടും മാര്‍പാപ്പയോടുംചേര്‍ന്ന് മാനവീക സാഹോദര്യവും നന്മയും ലോകത്തു പരത്തുന്ന പ്രത്യാശയുടെ സേവകരാണ് നിങ്ങളെന്ന്, വത്തിക്കാന്‍റെ അച്ചടിശാലയിലും (Vatican Press) ഔദ്യോഗിക പത്രമായ ഒസര്‍വത്തോരെ റൊമാനോയിലും (L'ossarvatore Romano) പ്രവര്‍ത്തിക്കുന്നവരോടായ്
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ ബര്‍ത്തോണേ പറഞ്ഞു. ജനുവരി 30-ന്, ശനിയാഴ്ച രാവിലെ വിശുദ്ധ പൗലോസ്ലീഹായുടെ കപ്പേളയില്‍ ഈ രണ്ടു വത്തിക്കാന്‍ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരോടൊപ്പം അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേയുള്ള പ്രഭാഷണത്തിലാണ് കര്‍ദ്ദനാള്‍ ഇങ്ങിനെ പ്രസ്താവിച്ചത്. വിശ്വാസത്തില്‍ നങ്കൂരമിട്ടും, സഭയോടുള്ള സ്നേഹത്തിലും വിശ്വസ്തതയിലും ഉറച്ചുനിന്നുകൊണ്ടും, ആത്യാധുനീക സൗകര്യങ്ങളാല്‍ ഏറെ മേന്മയാര്‍ന്ന വത്തിക്കാന്‍റെ അച്ചടിശാലയിലും പ്രസിദ്ധീകരണമേഖലയിലും ജോലിചെയ്യുന്നവര്‍ സഭയുടെ പ്രബോധനങ്ങളും പാപ്പായുടെ സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റേയും സന്ദേശങ്ങളും, അസന്ദിഗ്ദ്ധമായും ബുദ്ധിപൂര്‍വ്വകമായും ഇന്നത്തെ ലോകത്തിന് എത്തിച്ചുകൊടുക്കുന്ന നന്മയുടെ സന്ദേശവാഹകരാണെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ ബര്‍ത്തോണേ പറഞ്ഞു. അവരുടെ മേന്മയാര്‍ന്ന തൊഴിലിനെ അദ്ദേഹം അഭിനന്ദിക്കുകയും നന്ദിപറയുകയും ചെയ്തു.
1626-ല്‍ സ്ഥാപിതമായ വത്തിക്കാന്‍റെ അച്ചടിശാല ലോകത്തില്‍തന്നെ മേന്മയാര്‍ന്നതും അത്യാധുനിക സങ്കേതികതകളുള്ളതുമാണ്. 1861-ല്‍ ആരംഭിച്ച വത്തിക്കാന്‍റെ ദിനപത്രമാണ്, ഒസര്‍വത്തോരെ റൊമാനോ. ഈ പേരില്‍തന്നെ ഇറങ്ങുന്ന അതിന്‍റെ ആഴ്ചപ്പതിപ്പ് ഇറ്റാലിയന്‍ കൂടാതെ ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്നു.
ഇംഗ്ലീഷ് പതിപ്പ് 129 രാജ്യങ്ങളില്‍ ലഭ്യമാണ്. ഒസര്‍വത്തോരെ റൊമാനോയുടെ മലയാള പതിപ്പ് തിരുവനന്തപുരത്തുനിന്നും കാര്‍മ്മല്‍ പബ്ലിഷേഴ്സ് പുറത്തിറക്കുന്നു.







All the contents on this site are copyrighted ©.