2010-01-26 08:54:54

മലങ്കര കത്തോലിക്കാസഭയ്ക്ക് നാല് പുതിയ മെത്രാന്മാരും രണ്ട് പുതിയ രൂപതകളും.


( 25/01/2010 വത്തിക്കാന്‍ ) മലങ്കര കത്തോലിക്കാസഭയില്‍ നാല് പുതിയ മെത്രാന്മാരും രണ്ട് പുതിയ രൂപതകളും പ്രഖ്യാപിക്കപ്പെട്ടു.റവ.ഡോ.വിന്‍സന്‍റ് കുളപ്പുരവിളൈ, റവ.ഡോ. സാമുവേല്‍ കാട്ടുകല്ലില്‍, റവ.ഡോ. സ്റ്റീഫന്‍ തോട്ടത്തില്‍, റവ.ഡോ. ആന്‍റണി വലിയവിളയില്‍ എന്നിവരാണ് പുതിയ മെത്രാന്മാര്‍. പത്തനംതിട്ട, കര്‍ണ്ണാടകയിലെ പുത്തൂര്‍ എന്നിവയാണ് പുതിയ രൂപതകള്‍. മലങ്കര കത്തോലിക്കാ സഭയുടെ സിനഡ് പൗരസ്ത്യസഭകളുടെ കാനന്‍നിയമവ്യവസ്ഥകള്‍ക്കനുസൃതം കൈക്കൊണ്ട, ഈ പുതിയ മെത്രാന്മാരുടെ നിയമനവും, രൂപതാസ്ഥാപനവും സംബന്ധിച്ച തീരുമാനങ്ങള്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ജനുവരി ഇരുപത്തിയഞ്ചിന് വത്തിക്കാനിലും തിരുവനന്തപുരത്ത്, പട്ടം ഭദ്രാസന ദേവാലയത്തിലും ഈ പ്രഖ്യാപനങ്ങളുണ്ടായത്.

നിയുക്ത മെത്രാന്മാരും ഭരണച്ചുമതലയും:
റവ.ഡോ.വിന്‍സന്‍റ് കുളപ്പുരവിളൈ - മാര്‍ത്താണ്ഡം രൂപതാദ്ധ്യക്ഷന്‍.
റവ.ഡോ. സാമുവേല്‍ കാട്ടുകല്ലില്‍ - തിരുവനന്തപുരം മലങ്കരകത്തോലിക്കാ മേജര്‍അതിരൂപത സഹായ മെത്രാന്‍.
റവ.ഡോ. സ്റ്റീഫന്‍ തോട്ടത്തില്‍ - തിരുവല്ല അതിരൂപത സഹായമെത്രാന്‍.
റവ.ഡോ. ആന്‍റണി വലിയവിളയില്‍ - മലങ്കരകത്തോലിക്കാസഭ മേജര്‍അതിരൂപത കൂരിയ.

പുതിയ രൂപതയായ പത്തനംതിട്ടയുടെ പ്രഥമ ഭരണസാരഥിയായി മാര്‍ത്താണ്ഡം രൂപതയുടെ മെത്രാനായി സേവനമനുഷ്ടിച്ചുവരികയായിരുന്ന യുഹാനോന്‍ മാര്‍ ക്രിസോസ്റ്റോം നിയമിതനായി. ബത്തേരി രൂപതയുടെ അദ്ധ്യക്ഷനായിരുന്ന ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസാണ് പുത്തൂര്‍ രൂപതയുടെ പ്രഥമ മെത്രാന്‍. തിരുവനന്തപുരം മലങ്കരകത്തോലിക്കാ മേജര്‍അതിരൂപതാസഹായ മെത്രാനും വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും അപ്പസ്തോലിക് വിസിറ്ററുമായ ജോസഫ് മാര്‍ തോമസാണ് ബത്തേരി രൂപതയുടെ പുതിയമെത്രാന്‍.







All the contents on this site are copyrighted ©.