2010-01-20 20:20:20

ഐക്യത്തില്‍ ജീവിച്ചുകൊണ്ട് ഉത്ഥിതനായ
ക്രിസ്തുവിന്‍റെ സാക്ഷികളാകുവിന്‍...


 "നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്" ( ലൂക്കാ 24:48)
(Christian Unity Octave 18-25 January)

ആഗോളസഭ ക്രിസ്തീയ ഐക്യവാരം ആഘോഷിക്കുകയാണ്. വിവിധ ക്രിസ്തീയ സഭകളുടെ ഐക്യത്തിനായുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പരിശ്രമമാണിത്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരിലും ഐക്യത്തിനുള്ള അവബോധം വളര്‍ത്തുവാനും ഭിന്നിച്ചു നില്ക്കുന്ന സഭകളി‍ല്‍ പ്രകടവും ദൃശ്യവുമായ ഒരു ഏകീകരണം യാഥാര്‍ത്ഥ്യമാക്കുവാന്‍ സഭ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. "അവരെല്ലാവരും ഒന്നായിരിക്കുന്നതിനുവേണ്ടി, പിതാവേ, അങ്ങ് എന്നിലും, ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു," (Jn. 17:21) എന്ന് തന്‍റെ ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച ക്രിസ്തു നാഥനെ അനുകരിച്ച് നാമും പ്രാര്‍ത്ഥനയുടെ മാര്‍ഗ്ഗമാണ് പ്രഥമമായും ഈ ഉദ്യമത്തില്‍ അവലംമ്പിക്കുന്നത്. നിരന്തരമായ പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനത്തിലൂടെയാണ് ക്രിസ്തവിനെ അനുഗമിക്കുന്നവരുടെ ഇടയിലുള്ള ഒരു സമ്പൂര്‍ണ്ണ ഐക്യത്തിനായി നാം ലക്ഷൃംവയ്ക്കുന്നത്. കാരണം ഐക്യം ദൈവത്തിന്‍റെ ദാനമാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നതുപോലെ, ക്രിസ്തുവിന്‍റെ ഏകസഭയുടെ ഐക്യത്തിലേയ്ക്ക് എല്ലാ ക്രൈസ്തവരേയും പുനരാനയിക്കുക എന്ന പവിത്രമായ ലക്ഷൃം പ്രാപിക്കുവാന്‍ മാനുഷീക കഴിവുകള്‍ക്കും സിദ്ധികള്‍ക്കും സാദ്ധ്യമല്ലെന്ന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് ക്രിസ്തുവിന്‍റെ സഭയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലും, നമ്മോടുള്ള പിതാവിന്‍റെ സ്നേഹത്തിലും പരിശുദ്ധാത്മാവിന്‍റെ ശക്തിയിലുമാണ് അതിന്‍റെ എല്ലാ പ്രതീക്ഷയും നിക്ഷേപിച്ചിരിക്കുന്നത്. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല, കാരണം നമുക്ക് നല്‍കപ്പെട്ട പവിത്രാത്മാവ് നമ്മുടെ ഹൃദയങ്ങളെ ദൈവസ്നേഹംകൊണ്ടു നിറച്ചിരിക്കുന്നു" (റോമാ. 5:5). അതുകൊണ്ട് സാഹോദര്യത്തിന്‍റെ ബന്ധങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, സഭകളെയും വിവിധ സഭാസമൂഹങ്ങളെയും തമ്മിലകറ്റുന്ന വ്യത്യാസങ്ങള്‍ സംവാദത്തിന്‍റെ പാതയിലൂടെ വിശദമാക്കാനും പരിഹരിക്കാനും ശ്രമിക്കേണ്ടതുമാണ്. അതിന് വിശ്വാസവും ഏകകണ്ഠേനയുള്ള പ്രാര്‍ത്ഥനയും അനിര്‍വാര്യമാണ്.

ഉത്ഥിതനായ കര്‍ത്താവിന്‍റെ അവസാന വാക്കുകളാണ് ഈ വര്‍ഷത്തെ സഭായ്ക്ക്യവാരത്തിന്‍റെ ആപ്തവാക്യമയെടുത്തിരിക്കുന്നത്, "നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്" ( ലൂക്കാ 24:48) . ക്രൈസ്തവായ്ക്ക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റേയും, ലോകത്തില‍െ വിവിധ സഭകളുടെ കൗണ്‍സിലിന്‍റേയും (wcc), സ്കോട്ട്ലാന്‍റിലെ സഭായ്ക്ക്യ സമൂഹത്തിന്‍റേയും നിര്‍ദ്ദേശങ്ങള്‍ മാനിച്ചാണ് ഈ വിഷയം പ്രധാനമായും എടുത്തിരിക്കുന്നത്. ഒരു നൂറ്റാണ്ടു മുന്‍പ്, 1910-ല്‍ സ്കോട്ട്ലന്‍റിലെ എഡിന്‍ബര്‍ഗില്‍വച്ചു നടന്ന ഒരു ആഗോള സമ്മേളനത്തിലാണ് അക്രൈസ്തവരോട് സുവിശേഷം പ്രഘോഷിക്കേണ്ട വിഷയം സംയുക്തമായി ചര്‍ച്ചചെയ്യപ്പെട്ടത്. വിഘടിതമായ ഒരു സമൂഹത്തിന് എങ്ങിനെ അക്രൈസ്തവ മതങ്ങളോട് സുവിശേഷം പ്രസംഗിക്കാനാകും എന്ന മൂര്‍ത്തമായ പ്രശ്നം അന്നുതന്നെ ഉയര്‍ന്നു വന്നിരുന്നു. അങ്ങിനെ ആധുനിക ആഗോള സഭായ്ക്ക്യ ശ്രമങ്ങളുടെ സമാഗമനവും പുറപ്പാടും എഡിന്‍ബര്‍ഗിലെ സമ്മേളനമാണെന്നു പറയാം. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഈ ആശയം പുനരാവിഷ്ക്കരിച്ചിരിക്കുന്നു. "ക്രിസ്തു നാഥന്‍റെ അനുയായികളെന്ന് എല്ലാവരും ഏറ്റുപറയുകയും, എന്നാല്‍ ക്രിസ്തു തന്നില്‍ത്തന്നെ വിഭജിക്കപ്പെട്ടാലെന്നപോലെ അവരുടെ പഠനങ്ങള്‍ വിഭിന്നങ്ങളും അനുഗമിക്കുന്ന പന്ഥാക്കള്‍ വിവിധങ്ങളുമാണ്. ഈ വിഭജനം ക്രിസ്തുവിന്‍റെ തിരുമനസ്സിനു കട്ടായം എതിരാണ്; ഇത് ലോകത്തിന് ഇടര്‍ച്ചയാണ്; എല്ലാ സൃഷ്ടികളോടും സുവിശേഷം അറിയിക്കുകയെന്ന മഹനീയോദ്യമത്തെ ക്ഷതപ്പെടുത്തുന്നതുമാണ്" (Unitatis Redentegratio 1).

കത്തോലിക്കാസഭ ആവിഷ്കൃതമായ എല്ലാ ദൈവികസത്യങ്ങളാലും പ്രസാദവരത്തിന്‍റെ എല്ലാ ദാനങ്ങളാലും അലംകൃതയാണ്. എങ്കിലും അവളുടെ മക്കള്‍ തങ്ങള്‍ക്കു യോഗ്യമായ സര്‍വ്വതീക്ഷ്ണതയോടുംകൂടി ജീവിക്കുവാന്‍ ഇനിയും പരിശ്രമിക്കേണ്ടതാണ്. നമ്മുടെ ആത്മീയജീവിത പരാജയം കൊണ്ടുതന്നെ വേര്‍പെട്ടുനില്ക്കുന്ന നമ്മുടെ സഹോദരങ്ങളുടേയും പൊതുവെ ലോകത്തിന്‍റേയും നോട്ടത്തില്‍ സഭയുടെ സൗന്ദര്യപ്രകാശം മങ്ങിപ്പോകുന്നു. ദൈവരാജ്യത്തിന്‍റെ വളര്‍ച്ച അതുവഴി നിന്നുപോവുകയും ചെയ്യാം. ആകയാല്‍ സകല ക്രൈസ്തവരും ക്രിസ്തീയ പരിപൂര്‍ണ്ണതയ്ക്കായ് പരിശ്രമിക്കേണ്ടതാണ്. ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും എളിമയും ത്യാഗവും സംവഹിക്കുന്ന സഭ അനുദിനം നവീകൃതയും വിശുദ്ധീകൃതയുമാകാന്‍വേണ്ടി അവരവരുടെ ജീവിതസഹചര്യങ്ങള്‍ അനുവദിക്കുന്നതിനനുസൃതമായി ഓരോ കത്തോലിക്കനും പരിശ്രമിക്കേണ്ടതാണ്. ചുളിവും, കളങ്കവുമില്ലാതെ മഹത്വപൂര്‍ണ്ണയായി ക്രിസ്തു അവളെ ഉയര്‍ത്തുന്നതുവരെ ഈ പരിശ്രമം തുടരേണ്ടതാണ്.
(Extract from the General Audience of Pope Benedict XVI, 20 January 2010).







All the contents on this site are copyrighted ©.