2010-01-19 20:44:45

റോമിലെ തേംപിയോ മജോരെ (Tempio Maggiore) യഹൂദപ്പള്ളിയില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് ഹൃദ്യമായ വരവേല്‍പ്പ്


17 ജനുവരി 2010
വത്തിക്കാനില്‍നിന്നും 3 കിലോമീറ്റര്‍ മാത്രം അകലെയുള്ള ‘വലിയ പള്ളി’ എന്നര്‍ത്ഥമാക്കുന്ന ‘തേംപിയോ മജോരെ’ (Tempio Maggiore) യഹൂദപ്പള്ളിയില്‍ പതിനയ്യായിരത്തോളം വരുന്ന റോമിലെ യഹൂദസമൂഹം ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് 17-ാ തിയതി ഞായറാഴ്ച ഉജ്ജ്വല വരവേല്പ്പു നല്കി. ചരിത്രപുരാതനമായ ഈ സിനഗോഗ് ബനഡിക്ട് 16-ാമന്‍ പാപ്പ സന്ദര്‍ശിക്കുന്നത് ആദ്യമാണ്. എന്നാല്‍ 24 വര്‍ഷങ്ങള്‍ക്കുമുന്‍പ് 1986-ല്‍ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ സിലഗോഗ് സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പയായിരുന്നു. റോഡുമാര്‍ഗ്ഗം വൈകുന്നേരം സിനഗോഗിലെത്തിയ പാപ്പാ, 1943-ലെ നാസി ഭരണകൂടത്തിന്‍റെ ക്രൂരമായ യഹൂദരുടെ ഇറ്റലിയില്‍നിന്നമുള്ള നാടുകടത്തലിന്‍റേയും, 1982-ല്‍ ഒരു കുഞ്ഞിന്‍റെ മരണത്തിനും അനേകരുടെ മുറിപ്പെടലിനും കാരണമായ റോമിലെ യഹൂദപ്പള്ളിയുടെ തീവ്രവാദികളുടെ ആക്രമണത്തിന്‍റേയും - രണ്ടു ചരിത്രസംഭവങ്ങള്‍ ഓര്‍പ്പിക്കുന്ന സ്മാരകങ്ങളില്‍ ആദരസൂചകമായി പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് സിനഗോഗിലേയ്ക്ക് പ്രവേശിച്ചത്. പാപ്പാ നീണാല്‍ വാഴട്ടെ! Viva il Papa, എന്ന് ആര്‍ത്തിരമ്പി ഉദ്ഘോഷിച്ചുകൊണ്ട് സനഗോഗിനു മുന്നിലും പരിസരത്തും തടിച്ചുകൂടിയ വന്‍ ജനാവലിയെ മാര്‍പാപ്പാ കരങ്ങളുയര്‍ത്തി അഭിവാദ്യംചെയ്തു.
റോമിലെ യഹൂദസമൂഹത്തിന്‍റെ പ്രസിഡന്‍റ്, റിക്കാര്‍ദോ പാസിഫിച്ചി, ഇറ്റലിയിലുള്ള വിവിധ യഹൂദ സമൂഹങ്ങളുടെ യൂണിയന്‍ പ്രസിഡന്‍റ്, റെന്‍സോ ഗത്തേഞ്ഞാ, റോമിലെ യഹൂദപ്പള്ളിയുടെ പ്രഥാനപുരോഹിതന്‍, റാബായ് റിക്കാര്‍ദോ സേഞ്ഞി എന്നിവര്‍ ചേര്‍ന്ന് മാര്‍പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്കി. യഹൂദരും ക്രൈസ്തവരും മുസ്ലീങ്ങളുമടങ്ങിയ ആയിരത്തില്‍പ്പരം വരുന്ന ഒരു നിറഞ്ഞ സദസ്സിലേയ്ക്കാണ് പാപ്പാ പ്രവേശിച്ചത്. സ്വാഗതത്തിനും ആശംസകള്‍ക്കും ശേഷം മാര്‍പാപ്പാ അവിടെചേര്‍ന്ന വിശിഷ്ടവ്യക്തകളെയും പൊതുവെ, ലോകമെമ്പാടുമുള്ള യഹൂദ സഹോദരങ്ങളെയും അഭിസംബോദനചെയ്തു. 1942-ല്‍ പോളണ്ടിലെ ഓഴ്സ്വിറ്റ്സില്‍ യഹൂദരുടെ കൂട്ടക്കുരുതിക്കിടയാക്കിയ നാസി ഭരണത്തിന്‍റെ ഭീകരതയെ ഖേദപൂര്‍വ്വം അനുസ്മരിച്ച പാപ്പാ, ഇനിയും പൂര്‍വ്വോപരി സഹകരണത്തിന്‍റെ പാതയില്‍ യഹൂദ മതസ്ഥരും ക്രൈസ്തവരും ഏകദൈവത്തിന്‍റെ സാക്ഷികളായി ജീവിച്ചുകൊണ്ട് ലോകത്തിന്‍റെ ആത്മീയ നവോത്ഥാനത്തിനായും സമാധാനത്തിനായും ഉണര്‍ന്നു പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
പാപ്പായുടെ സന്ദര്‍ശനം ആത്മീയ തലത്തില്‍ മാത്രമല്ല, സാമൂഹ്യതലത്തിലും മതസൗഹൃദത്തിന്‍റെ ആഴമായ അടയാളം പതിക്കുമെന്ന്, റോമിലെ യഹൂദ സമൂഹത്തിന്‍റെ പ്രസിഡന്‍റ് റിക്കാര്‍ദോ പാസിഫിച്ചി പ്രഭാഷണത്തില്‍ പറഞ്ഞു. തന്‍റെ പിതാവ് ഇമ്മനുവേല്‍ പാസിഫിച്ചിക്ക് ഫ്ലോറന്‍സിലെ സെന്‍റ് മാര്‍ത്താ കോണ്‍വെന്‍റിലെ സഹോദരിമാര്‍ അഭയം നല്കിയതുകൊണ്ടു മാത്രമാണ് ഹിറ്റലറുടെ ‘യഹൂദ-വേട്ട’യില്‍നിന്നും രക്ഷപ്പെട്ടതെന്ന് പാസിഫിച്ചി നന്ദിയോടെ അനുസ്മരിച്ചു. ഇതുപോലെ മറ്റിടങ്ങളിലും സ്വജീവിതം പണയപ്പെടുത്തിയും ക്രൈസ്തവര്‍ യഹൂദ സഹോദരങ്ങളുടെ ജീവന്‍ രക്ഷിച്ച സംഭവങ്ങള്‍ പാസിഫിച്ചി അനുസ്മരിച്ചു. ചില യഹൂദ-വൃത്തങ്ങളില്‍ ഈയിടെ ദൈവദാസന്‍ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണം, ‘നഷ്ടമായതെന്നു കരുതപ്പെടുന്ന ഹിറ്റ്ലറോടുള്ള സമാധാനാഭ്യര്‍ത്ഥന’ പാസിഫിച്ചി തന്‍റെ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചുവെങ്കിലും, തുടര്‍ന്നും ലോകത്തുള്ള യഹൂദ സമൂഹങ്ങളും കത്തോലിക്കാ സമൂഹങ്ങളും തമ്മലുള്ള സൗഹൃദസംവാദങ്ങള്‍ തുടരുകതന്നെ വേണമെന്ന് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇരുസമൂഹങ്ങളെയും ഇനിയും അടുപ്പിക്കുവാന്‍ തുടരേണ്ട സംവാദത്തിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ റോമിലെ സിനഗോഗിലെ റാബായ് റിക്കാര്‍ദോ സേഞ്ഞി, പാപ്പായ്ക്ക് ഇറ്റലിയിലെ മുപ്പത്തയ്യായിരത്തോളം വരുന്ന യഹൂദരുടെ പേരില്‍ നന്ദിപറയുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.