2010-01-18 20:46:17

സീറോ-മലബാര്‍ സഭയ്ക്ക് ഭാരതത്തില്‍
2 പുതിയ രൂപതകള്‍


കര്‍ണ്ണാടകയില്‍ മാണ്ഡ്യാ രൂപത
ഇത്രയുംനാള്‍ താമരശ്ശേരി രൂപതയുടെ അജപാലനശുശ്രൂഷയില്‍പ്പെട്ടിരുന്ന കര്‍ണ്ണാടക സംസ്ഥാനത്തിലെ ഹസ്സന്‍, മൈസൂര്‍, ചാമരാജ്നഗര്‍ എന്നീ പ്രവിശ്യകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ മാണ്ഡ്യാ രൂപത. കോതമംഗലം രൂപതാംഗമായ മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് ഞെരളക്കാട്ടിലാണ് പുതിയ മെത്രാന്‍.
1946-ല്‍ കലയന്താനിയില്‍ ജനിച്ചു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പഠിച്ച് 1971 വൈദികപട്ടം സ്വീകരിച്ചു. റോമില്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും മതബോധനത്തില്‍ ബിരുദാനന്തര ബരുദം കരസ്ഥമാക്കി. രൂപതാ മതബോധന ഡയറക്ടര്‍, മാനന്തവാടി രൂപതാ അഡ്മിനിസ്ട്രേറ്റര്‍, ഭദ്രാവതി സീറോ-മലബാര്‍ പ്രവിശ്യയുടെ അഡ്മിനിസ്ട്രേറ്റര്‍ എന്നീ മേഖലകളില്‍ അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്.


തമിഴ്നാട്ടില്‍ രാമനാഥപുരം രൂപത
പാലക്കാട് സീറോ-മലബാര്‍ രൂപതയുടെ അജപാലന ശുശ്രൂഷാമേഖലയില്‍ ഉള്‍പ്പെട്ടിരുന്ന തമിഴ്നാട്ടിലെ ഈറോട്, കാരൂര്‍, തിരുവൂര്‍, കോയമ്പത്തൂര്‍ പ്രവിശ്യകള്‍ ചേര്‍ത്താണ് പുതിയ രാമനാഥപുരം രൂപത രൂപീകൃതമായിരിക്കുന്നത്. ഇരിങ്ങാലക്കുട രൂപതാംഗമായ മോണ്‍സീഞ്ഞോര്‍ പോള്‍ ആലപ്പാട്ട് പുതിയ രുപതയുടെ അദ്ധ്യക്ഷനായും നിയമിതനായി. 1962-ല്‍ അദ്ദേഹം ഇരിങ്ങാലക്കുടയ്ക്കടുത്ത് പുറത്തൂര്‍ എന്ന സ്ഥലത്തു ജനിച്ചു. വടവാതൂര്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി 1987-ല്‍ ഗുരുപ്പട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍നിന്നും കാനോനാ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. മറ്റം, പുതുശ്ശേരി, പാരന്നൂര്‍ എന്നിവിടങ്ങളില്‍ അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. പിന്നീട് തൂപത സെമിനാരി റെക്ടര്‍, ചാന്‍സലര്‍ എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സീറോ-മലബാര്‍ സഭയുടെ കാനോന നിയമം അനുവദിക്കുന്നതനുസരി‍ച്ച് കൊച്ചിയില്‍ ചേര്‍ന്ന സിനഡ് യോഗം നാമനിര്‍ദ്ദേശംചെയ്ത യോഗ്യരായ വ്യക്തികളെ വത്തിക്കാനിലെ മെത്രാന്മാരുടെ നിയമനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ സംഘത്തിന്‍റെ സൂക്ഷ്മമായ പഠനത്തിനും പരിശോധനയ്ക്കും ശേഷമാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മെത്രാന്മാരായി പ്രഖ്യാപിച്ചത്.







All the contents on this site are copyrighted ©.