2010-01-12 15:59:25

കര്‍ദ്ദിനാള്‍ ആര്‍മാണ്ട് ഗയിത്താന്‍ തീക്ഷ്ണമതിയായ ഇടയനെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍


 
സഹപൗരന്മാര്‍ക്കായുള്ള സേവനത്തിലും, ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലും കര്‍ദ്ദിനാള്‍ ആര്‍മാണ്ട് ഗയിത്താന്‍ കാട്ടിയ ആവേശകരമായ തീക്ഷ്ണതയെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ശ്ലാഘിക്കുന്നു. മഡഗാസ്കറിലെ ആന്‍റാനാറിവോ അതിരൂപതയുടെ മുന്‍ ഭരണസാരഥിയായ അദ്ദേഹത്തിന്‍െറ മരണത്തില്‍ അനുശോചനവും, ഖേദവും അറിയിച്ചുകൊണ്ട് ഇപ്പോഴത്തെ അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഓദണ്‍മാര്‍ത്തേ അര്‍സേനേ റാസാനാകോളോണായുടെ പേരില്‍ അയച്ച സന്ദേശത്തിലാണ് അത് കാണുന്നത്. 84 വയസ്സ് പ്രായമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ ശനിയാഴ്ചയാണ് നിര്യാതനായത്. ആഫ്രിക്കായുടെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍െറ പ്രാര്‍ത്ഥനകളാല്‍ സൈന്യങ്ങളുടെ നാഥനായ ദൈവം കര്‍ദ്ദിനാളിനെ പ്രകാശത്തിന്‍െറയും, സമാധാനത്തിന്‍െറയും ഇടമായ സ്വര്‍ഗ്ഗരാജ്യത്ത് എത്രയും വേഗം പ്രവേശിപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആംബോഹിമലാസ്സ എന്ന സ്ഥലത്ത് 1925 ലാണ് കര്‍ദ്ദിനാളിന്‍െറ ജനനം. 1954 ല്‍ വൈദികനായി അഭിഷിക്തനായ അദ്ദേഹത്തിന്‍െറ ഉപരിപഠനം പാരീസിലായിരുന്നു. 1978ല്‍ ഫാദര്‍ ആര്‍മാണ്ട് ഗയിത്താന്‍മഹാജാന്‍ഗാ രൂപതാസാരഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 64000 ചതുരശ്രമൈല്‍ വിസ്ത്രീണ്ണമുള്ള ആ രൂപതയിലെ എല്ലാ സഭാസമൂഹങ്ങളിലും ഇടയസന്ദര്‍ശനം നടത്തിയ ആദ്യമെത്രാനാണ് അദ്ദേഹം. യാത്രാസൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്നതിനാല്‍ അദ്ദേഹം പല പള്ളികളും കാല്‍നടയായിട്ടാണ് സന്ദര്‍ശിച്ചത്. ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1994ല്‍ ആന്‍റാനായറിവോ അതിരുപതയുടെ ഭരണാദ്ധ്യക്ഷനായി നിയമിച്ച അദ്ദേഹത്തെ, അതെ വര്‍ഷം നവംബറില്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. അദ്ദേഹത്തിന്‍െറ മരണത്തോടെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 182 ആയി താണു. അവരില്‍ 112 പേര്‍ 80 വയസ്സിന് താഴെയുള്ളവരാകയാല്‍ പാപ്പായെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരാണ്.







All the contents on this site are copyrighted ©.