2010-01-06 20:36:20

പ്രത്യക്ഷീകരണ തിരുനാളില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കുന്ന
തൃകാലപ്രാര്‍ത്ഥനാ സന്ദേശം --
ആ രാജാക്കന്മാര്‍ ദൈവത്തിന്‍റെ പുതിയ ഭാവും രാജത്വവും കണ്ടെത്തി –
സ്നേഹത്തിന്‍റെ ഭാവും രാജത്വവും


(2010 ജനുവരി 06) നാമിന്ന് മഹാ പ്രത്യക്ഷീകരണത്തിരുനാള്‍, യഹൂദരുടെ രാജാവിനെ ആരാധിക്കാന്‍ കിഴക്കുനിന്നെത്തിയ ജ്ഞാനികള്‍ പ്രതിനിധാനം ചെയ്യുന്ന സകല ജനതകള്‍ക്കും കര്‍ത്താവ് വെളിപ്പെടുത്തപ്പെട്ട രഹസ്യം, ആഘോഷിക്കുന്നു. "ഹേറോദേസ് രാജീവിന്‍റെ ഭരണകാലത്ത് യൂദയായിലെ ബദലഹേമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നും ജ്ഞാനികള്‍ ജരൂസലേമിലെത്തി; അവര്‍ അന്വേഷിച്ചു : എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ട്, അവനെ ആരാധിക്കുവാന്‍ വന്നിരിക്കുകയാണ് " (മത്തായി 2: 1-2 ). സുവിശേഷകന്‍ മത്തായി രേഖപ്പെടുത്തുന്നതനുസരിച്ച്, പ്രവാചകന്മാര്‍ മുന്നേ അരുള്‍ ചെയ്ത ഒരു രാജാവ്, രക്ഷകന്‍ ജനിച്ചതിന്‍റെ അടയാളമാണ് കിഴക്കുദിച്ച ആ സവിശേഷമായ നക്ഷത്രം. അതിനെ അനുധാവനംചെയ്ത് മൂന്നു രാജാക്കന്മാര്‍ ജരൂസലേമിലെത്തിച്ചേര്‍ന്നു. അവര്‍ ജരൂസലേമിലെത്തിയെങ്കിലും ബദലഹേമില്‍ ചെന്നുചേരാന്‍ അവര്‍ക്ക് പുരോഹിതന്മാരുടെയും നിയമജ്ഞന്മാരുടെയും സഹായം തേടേണ്ടി വന്നു. "ക്രിസ്തു എവിടെയാണ് ജനിച്ചിരിക്കുന്നതെന്ന് അവര്‍ അന്വേഷിച്ചു. അവര്‍ പറഞ്ഞു യൂദയായിലെ ബദലഹേമില്‍. പ്രവാചകന്‍ എഴുതിയിരിക്കുന്നു: യൂദയായിലെ ബദലഹേമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല, എന്തെന്നാല്‍ എന്‍റെ ജനമായ ഇസ്രായേലിനെ നയിക്കുവാനുള്ളവന്‍ നിന്നില്‍നിന്നാണ് ഉത്ഭവിക്കുക" (മത്തായി 2: 5-6). അങ്ങിനെ നക്ഷത്രവും തിരുവെഴുത്തുമാണ് പൗരസ്ത്യരായ രാജാക്കള്‍ക്കന്മാരെ യാത്രയില്‍ സാഹായിച്ച രണ്ടു ഘടകങ്ങള്‍. നക്ഷത്രത്തെ നോക്കി ചരിത്രത്തിന്‍റെ ഗതിവിഗതികള്‍ മനസ്സിലാക്കിയിരുന്ന ജ്ഞാനികളായിരുന്നു ആ രാജാക്കന്മാര്‍.

ഈ പ്രപഞ്ചത്തെ നിരീക്ഷിച്ച് യഥാര്‍ത്ഥത്തില്‍ ഇത് മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്‍റെ അടയാളങ്ങളും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വലിയ ഗ്രന്ഥമാണെന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം. തങ്ങളുടെതന്നെ അറിവില്‍മാത്രം ഒതുങ്ങിനില്ക്കാതെ അവര്‍ മറ്റു പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങള്‍ക്കും ദൈവിക ശബ്ദത്തിനും കാതോര്‍ത്തു. മറ്റുള്ളവരോട് ദിശ ചോദിക്കുന്നതിലും അവര്‍ക്ക് കുറവുതോന്നിയില്ല. അറിവും ദൈവവചനവും ഇടചേരുന്ന ഒരു പ്രക്രിയയില്ലാതെ തങ്ങളുടെ ബുദ്ധിയില്‍ അവര്‍ക്ക് വേണ്ടത് ചെയ്യാമായിരുന്നു. എന്നാല്‍ ആ ജ്ഞാനികള്‍ പ്രവചനങ്ങള്‍ ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്തു.
തിരികെ ബദലഹേമിലേയ്ക്കുള്ള വഴില്‍ അവര്‍ ചെന്നപ്പോള്‍, മനുഷ്യന്‍റെ സത്യാന്വേഷണ ശ്രമം ദൈവീകാനന്ദവുമായി സംയോജിക്കപ്പെടുന്നതുപോലെ വീണ്ടും ആ നക്ഷത്രം അവര്‍ക്ക് ദൃശ്യമായി. "ശിശുകിടക്കുന്ന സ്ഥലത്തിനു മുകളില്‍ നക്ഷത്രം വന്നുനിന്നു. വീണ്ടും ആ നക്ഷത്രം കണ്ട് അവര്‍ അത്യധികം സന്തോഷിച്ചു " (മത്തായി 2:10). ദിവ്യശിശുവിനെ അമ്മായായ മറിയത്തോടൊപ്പം കണ്ടതാണ് ആ യാത്രയുടെ പരിസമാപ്തി. "അവര്‍ ഭവനത്തില്‍ പ്രവേശിച്ച്, ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവിടുത്തെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും മീറയും കുന്തുരുക്കവും കാഴ്ചയര്‍പ്പിച്ചു" (മത്തായി 2 :11). അവര്‍ നിരാശരാവുകയോ അപമാനിതരാവുയോ ചെയ്തില്ല, മറിച്ച് ആശ്ചര്യകരമാംവിധം തങ്ങള്‍ക്കുമുന്നില്‍ ചുരുളഴിഞ്ഞ ദൈവികരഹസ്യങ്ങള്‍ക്ക് ഹൃദയങ്ങള്‍ തുറന്നുകൊടുത്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് നല്കിയ അവരുടെ പ്രതീകാത്മകമായ കാണിക്കകള്‍ യേശുവിനെ രാജാവായും ദൈവപുത്രനായും അംഗീകരിക്കുകയും, പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ മിശിഹായെ ജനതകള്‍ക്ക് രക്ഷയേകുന്ന ഇസ്രായേലിന്‍റെ ദൈവമായി പ്രഘോഷിക്കുകയും ചെയ്യുന്നു.

പൂജരാജാക്കന്മാര്‍ വിശ്വാസവും യുക്തിയും തമ്മിലുള്ള ഐക്യത്തിന്‍റെ പ്രതീകമായും നമുക്ക് മനസ്സിലാക്കാം. "ഹേറോദേസിന്‍റെ പക്കലേയ്ക്ക് മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ അവര്‍ക്ക് മുന്നറിയിപ്പു കിട്ടിയതിനാല്‍ അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേയ്ക്കു മടങ്ങി" (മത്തായി 2:12). സ്വാഭാവികമായും തങ്ങളുടെ കണ്ടുപിടുത്തത്തിന്‍റെ മാറ്ററിയിക്കുവാന്‍ അവര്‍ ജരൂസലേമിലേയ്ക്കും ഹേറോദേസിന്‍റെ അരമനയിലേയ്ക്കും മടങ്ങേണ്ടതായിരുന്നു. എന്നാല്‍ അവര്‍ ആ ശിശുവിനെ തങ്ങളുടെ നാഥനായി അംഗീകരിച്ച് സംതൃപ്തിയടയുകയും, സത്യത്താല്‍ നിറഞ്ഞും രൂപാന്തരപ്പെട്ടും, എല്ലാം മറിയത്തെപ്പോലെ ഉള്ളില്‍ സംഗ്രഹിച്ച് നിശ്ശബ്ദരായി വന്നതുപോലെ മടങ്ങിപ്പോവുകയാണുണ്ടായത്.
ആ രാജാക്കന്മാര്‍ ദൈവത്തിന്‍റെ ഒരു പുതിയ ഭാവവും രാജത്വവും കണ്ടെത്തി - സ്നേഹത്തിന്‍റെ ഭാവവും രാജത്വവും. ഈ ജീവിതത്തില്‍ യുക്തിയും വിശ്വാസവും, വിജ്ഞാനവും വെളിപാടും സമഗ്രമായി സംയോജിപ്പിച്ചു ജീവിക്കുവാന്‍ അറിവിന്‍റെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിന്‍റ‍െ മാദ്ധ്യസ്ഥ്യം നമുക്കു പ്രത്യേകം യാചിക്കാം. ഏവര്‍ക്കും പ്രത്യക്ഷീകരണ തിരുനാളിന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ നേരുന്നു.
 







All the contents on this site are copyrighted ©.