2010-01-01 18:21:27

വത്തിക്കാനിലെ അസാധാരണമായ പുല്‍ക്കൂട്


 "ഓരോ പുല്‍ക്കൂടും ലളിതമെങ്കിലും ദൈവികജീവന്‍റെ രഹസ്യത്തിലേയ്ക്ക് നമ്മുടെ മനസ്സും ഹൃദയവും തുറക്കുന്ന സ്പഷ്ടമായ ഒരു ക്ഷണമാണ്. ആത്മീയതയുണര്‍ത്തുന്ന തിരുപ്പിറവിയുടെ രംഗസംവിധാനം അനശ്വരമായ ദൈവികജീവനെ നശ്വരമായ ഈ ലോകവുമായി ബന്ധിക്കുന്നതിന്‍റെ പ്രതീകമാണ്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ മുന്നിലുള്ള ചത്വരത്തിലെന്നതുപോലെ, യേശുവിനെ വണങ്ങുന്ന ലോകമെമ്പാടുമുള്ള എല്ലാ കുടുംബങ്ങളിലും പള്ളികളിലും കപ്പേളകളിലും തിരുപ്പിറവിയുടെ രംഗങ്ങള്‍ കൗതുകമുണര്‍ത്തുന്ന രീതിയില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു."
- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലുള്ള 28-ാമത്തെ സവിശേഷമായ തിരുപ്പിറവിയുടെ ദൃശ്യാവിഷ്ക്കരണം പരമ്പരാഗത ശൈലിയിലാണ്. ലളിതമായ ഒരു ഗുഹയുടെ മദ്ധ്യത്തില്‍ മാലാഖയുടെ സന്ദേശം കേട്ടുവരുന്ന ആട്ടിടയന്മാരെ സ്വീകരിക്കാനെന്നതുപോലെ ഒരു പിള്ളക്കച്ചയില്‍പ്പൊതിഞ്ഞ ശിശു, കരങ്ങള്‍ വിരിച്ച് ഒരു മന്ദസ്മിതത്തോടെ പുല്‍ത്തൊട്ടിയില്‍ കിടക്കുന്നു.
വിശുദ്ധ മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളില്‍നിന്നെടുത്ത യേശുവിന്‍റെ ജീവിതത്തിലെ രണ്ടു രംഗങ്ങള്‍ പ്രതീകാത്മകമായി ഈ വര്‍ഷത്തെ പുല്‍ക്കൂടിനോടുചേര്‍ന്ന് വലതും ഇടതും ഭാഗങ്ങളിലായി അനുസ്മരിക്കപ്പെട്ടിരിക്കുന്നു. വലതുഭാഗത്ത് ഒരു കടലോര രംഗമാണ്: വഞ്ചിയും വലയും, മീനും മീന്‍പിടുത്തക്കാരെയും, ഏറെ സ്വാഭാവികതയോടെ രംഗസംയോജനം ചെയ്തിരിക്കുന്നു. തിബേരിയൂസ് തീരത്ത് യേശു തന്‍റെ ആദ്യശിഷ്യന്മാരെ വിളിച്ച സംഭവം ഓര്‍പ്പിക്കുന്നതാണ് ഈ രംഗം:
"ഈശോ ഗലീലിയാ കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്മാരെ കണ്ടു – പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. തല്‍ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവിടത്തെ അനുഗമിച്ചു. അവര്‍ അവിടെനിന്നു മുന്നോട്ടു നീങ്ങയപ്പോള്‍ വേറെ രണ്ടു സഹോദരന്‍മാരെയും കണ്ടു – സെബദീപുത്രന്മാരായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും യേശു വിളിച്ചു. തല്‍ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, യേശുവിനെ അനുഗമിച്ചു"
(മത്തായി 4:18-22 ).

പുല്‍ക്കൂടിന്‍റ‍െ ഇടതുഭാഗത്ത് ഇടയന്മാരും കര്‍ഷകരും അവരവരുടെ നിത്യത്തൊഴിലുകളില്‍ വ്യാപൃതരായിരിക്കെ രക്ഷകന്‍റെ ജനനത്തിന്‍റെ സന്തോഷവാര്‍ത്ത കേള്‍ക്കുന്നതായി രംഗസംയോജനം ചെയ്തിരിക്കുന്നു. "ഇടയന്മാര്‍ പറഞ്ഞ സംഗതികള്‍ കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടു. മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. തങ്ങളോടു പറയപ്പെട്ടതുപോലെ കാണുകയും കേള്‍ക്കുകയും ചെയ്ത സകല കാര്യങ്ങളെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ആ ഇടയന്മാര്‍ തിരിച്ചുപോയി"
( ലൂക്കാ 2:18-21).

വത്തിക്കാനിലെ തിരുപ്പിറവിയുടെ രംഗസംവിധാനത്തില്‍ പ്രതീകാത്മകമായി രണ്ടു മൂലപദാര്‍ത്ഥങ്ങള്‍ കൂടി ഉപയോഗിച്ചിരിക്കുന്നു : ജലവും അഗ്നിയും. ഇടതുഭാഗത്ത് ജലധാര ഒഴുകുകയും, സമദൂരമായി വലതുഭാഗത്ത് തീ എരിഞ്ഞു നില്കുകയും ചെയ്യുന്നു. ഉറവയില്‍നിന്നു വരുന്ന ജലം ജീവന്‍റെ അടയാളമാണ്. ജ്ഞാനസ്നാനത്തില്‍ ലഭിക്കുന്ന പരിശുദ്ധിയെയും ആത്മീയ ജീവനെയും അതു സൂചിപ്പിക്കുമ്പോള്‍, എരിയുന്ന തീനാളം യേശുവിന്‍റെ വചനത്തെ സൂചിപ്പിക്കുന്നു. "ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍!" (ലൂക്കാ 12 :49). മറ്റു ചിത്രീകരണങ്ങള്‍ - ജോസഫും മേരിയും, മാലാഖമാര്‍, ഇടയന്മാര്‍, രാജാക്കന്മാര്‍, ആടുമാടുകളുമെല്ലാം, 1842ല്‍ ഇറ്റലിയിലെ വാല്ലെയിലെ വിശുദ്ധ ആന്ത്രയോസിന്‍റെ ബസിലിക്കായില്‍ വിശുദ്ധ വിന്‍സെന്‍റ് പള്ളോട്ടി നിര്‍മ്മിച്ച പുല്‍ക്കൂടിന്‍റെ മാതൃകയും തനിയാവര്‍ത്തനവുമാണ്.

പുല്‍ക്കൂടിനോടു ചേര്‍ന്നു നില്ക്കുന്ന ഏകദേശം 100 അടി ഉയരമുള്ള യഥാര്‍ത്ഥമായ ക്രിസ്തുമസ് മരം, ബെല്‍ജിയത്തെ വില്ലോനിയ പ്രവിശ്യയില്‍നിന്നും പാപ്പായ്ക്ക് ക്രിസ്തുമസ്സ് സമ്മാനമായി അവിടത്തെ ജനങ്ങള്‍ കൊടുത്തയച്ച നോര്‍വേ സ്പ്രൂസ് (Norway Spruce) എന്ന സവിശേഷ ഇനത്തില്‍പ്പെട്ടൊരു വൃക്ഷമാണ്. പ്രത്യേക ക്രെയിന്‍-വാഹന സംവിധാനത്തില്‍‍ ക്രിസ്തുമസ്സിനൊരുക്കമായ ഡിസംമ്പറിലെ ആദ്യവാരത്തില്‍ത്തന്നെ വത്തിക്കാനിലെത്തിച്ചിരുന്നു. വത്തിക്കാന്‍ സ്റ്റേറ്റ് സാങ്കേതിക സേവന വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് മനോഹരമായ തിരുപ്പിറവിയുടെ രംഗം പണിതീര്‍ത്തത്. ആളൊത്ത രൂപങ്ങളും വസ്ത്രാലങ്കാരങ്ങളും വെളിച്ചസംവിധാനവുംകൊണ്ട് പുല്‍ക്കൂട് ഏറെ ശ്രദ്ധേയവും അദ്വിതീയവുമായിരിക്കുന്നു. പതിവുപോലെ ഈ വര്‍ഷവും ഉണ്ണീശോയുടെ തിരുസ്വരൂപം മാര്‍പാപ്പ ക്രിസ്തുമസ്സ് ജാഗര ബലിയര്‍പ്പണമദ്ധ്യേ ആശിര്‍വദിച്ച് പ്രദക്ഷിണമായി വന്ന് പൂല്‍ക്കൂട്ടില്‍ കിടത്തിയതോടെ തിരുപ്പിറവിയായി. റോമിലെ മാത്രമല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഈ വര്‍ഷത്തെ വത്തിക്കാനിലെ അതിവിശിഷ്ടമായ പുല്‍ക്കൂട്.

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെയാണ് പുല്‍ക്കൂടിന്‍റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്. അദ്ദേഹം 1223ല്‍ ഇറ്റലിയിലെ ഗ്രേഷ്യാ ഗ്രാമത്തിലെ തന്‍റെ ആശ്രമ ദേവാലയത്തോട് ചേര്‍ന്ന് ഒരു ക്രിസ്തുമസ്സ് രാവില്‍ വ്യക്തികളെയും കാള, കഴുത, ആട് മുതലായവയെയും യഥാര്‍ത്ഥത്തില്‍ കുട്ടിയിണക്കി പുല്‍ക്കൂടുണ്ടാക്കുകയും അന്നേദിവസം അതിനു മുന്നില്‍ അര്‍പ്പിക്കപ്പെട്ട ക്രിസ്മസ്സ് കുര്‍ബ്ബാനയില്‍ അദ്ദേഹവും ധാരാളം ജനങ്ങളും പങ്കെടുത്തതായും രേഖപ്പെടുത്തിയിരിക്കുന്നു.
1860കളില്‍ വിശുദ്ധ വിന്‍സന്‍റ് പള്ളോട്ടി മതബോധനാത്മകമായും ജനങ്ങളെ ദേവാലയത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുമായി ഇറ്റലിയിലെ വാല്ലെയിലെ വിശുദ്ധ ആന്ത്രയോസിന്‍റെ ബസിലിക്കായില്‍ വര്‍ഷംതോറും മനോഹരവും കലാവൈദഗ്ദ്ധ്യവുമുള്ള പുല്‍ക്കുടുകളും അതിന്‍റെ രൂപങ്ങളും നിര്‍മ്മിച്ചിരുന്നു. പരമ്പരാഗത ശൈലി നിലനിര്‍ത്തുവാന്‍ വിശുദ്ധ പള്ളോട്ടിയുടെ കലാപരമായ മാതൃകളാണ് പലപ്പോഴും വത്തിക്കാനിന്‍റെ പുല്‍ക്കുട് രൂപകല്പന ചെയ്യുന്നതില്‍ മാതൃകയാക്കാറുള്ളത്.







All the contents on this site are copyrighted ©.