2009-12-31 07:57:32

സാമ്പത്തിക പ്രതിസന്ധിയുടെ ബുദ്ധിമുട്ടുകള്‍ സവിശേഷമാം വിധം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രത്യാശയുടെ അടയാളമായിരിക്കുക: പാപ്പാ


(27/12/2009 റോം) സാമ്പത്തിക പ്രതിസന്ധിയുടെ ബുദ്ധിമുട്ടുകള്‍ സവിശേഷമാം വിധം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍, സ്വാര്‍ത്ഥതയില്‍ സ്വയം അടച്ചിടുകയും തനിച്ച് സന്തോഷിക്കാമെന്ന് വ്യാമോഹിക്കുകയും, വ്യഥയിലൊ, ഹൃദയത്തില്‍ ശൂന്യത മാത്രം അവശേ‍ഷിപ്പിക്കുന്ന ക്ഷണികാനന്ദത്തിലൊ ജീവിക്കുകയും ചെയ്യുന്നവര്‍ക്ക്, പ്രത്യാശയുടെ അടയാളവും പുതിയൊരു ലോകത്തിന്‍റെ സാക്ഷിയുമായിരിക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഓരോ വ്യക്തിയെയും ക്ഷണിക്കുന്നു. തിരുക്കുടുംബത്തിരുനാള്‍ ദിനമായിരുന്ന ഡിസംബര്‍ ഇരുപത്തിയേഴിന് റോമിലെ വിയ ദാന്തൊളൊയിലുള്ള ഊട്ടുശാലയില്‍ വിശുദ്ധ എജീദിയൊയുടെ സമൂഹം പാവപ്പെട്ടവര്‍ക്കായൊരുക്കിയ ഉച്ചവിരുന്നില്‍ സംബന്ധിച്ച പാപ്പാ തദ്ദവസരത്തില്‍ അവിടെ സന്നിഹിതരായിരുന്നവരെ സംബോധന ചെയ്യുകയായിരുന്നു.സ്നേഹിക്കുകയും സേവനം ചെയ്യുകയും ചെയ്യുമ്പോള്‍ ആ പ്രവൃത്തികള്‍ കര്‍ത്താവിന്‍റെ ആനന്ദം നമുക്ക് പ്രദാനം ചെയ്യുമെന്ന് പാപ്പാ അപ്പസ്തോല പ്രവര്‍ത്തനം ഇരുപതാം അദ്ധ്യയത്തിലെ മുപ്പത്തിയഞ്ചാമത്തെതായ വാക്യത്തില്‍ നിന്ന് " സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണ് ശ്രേയസ്ക്കരം " എന്നീ വാക്കുകള്‍ അടര്‍ത്തിയെടുത്തുകൊണ്ട് വിശദീകരിച്ചു. പ്രായംചെന്നവര്‍,കുടിയേറ്റക്കാര്‍, പാര്‍പ്പിടരഹിതര്‍, നാടോടികള്‍, അംഗവൈകല്യം സംഭവിച്ചവര്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ എന്നിങ്ങനെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ജീവിതത്തില്‍ പരീക്ഷിക്കപ്പെടുന്നവരുടെ കദന കഥകള്‍ ശ്രവിച്ച പാപ്പാ യേശുവിന്‍റെ കുടുംബത്തിനും തുടക്കം മുതല്‍ തന്നെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നത് അനുസ്മരിച്ചുകൊണ്ട് അവര്‍ക്ക് സാന്ത്വനമേകി. പാവപ്പെട്ടവര്‍ സഭയുടെ അമൂല്യ നിധിയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ, സഭയുടെ സ്വത്ത് മുഴുവന്‍ വിട്ടുകൊടുക്കാന്‍ റോമിന്‍റെ ഭരണാധികാരികള്‍ അന്ന് റോമിലെ സഭയുടെ ശുശ്രൂഷകനായിരുന്ന വശുദ്ധ ലോറന്‍സിനോട് ഭീഷണിയുടെ ശബ്ദത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ റോമാനഗരത്തിലെ ദരിദ്രരെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഇവരാണ് സഭയുടെ യഥാര്‍ത്ഥ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞ സംഭവം അനുസ്മരിച്ചുകൊണ്ട്, പ്രസ്താവിച്ചു.







All the contents on this site are copyrighted ©.