2009-12-27 13:19:08

ലോകത്തിനും പട്ടണത്തിനുംവേണ്ടി
(Urbi et orbi)


 ക്രിസ്തുമസ്സ് 2009
പരമ്പതാഗതമായി ക്രിസ്തുമസ് പ്രഭാതത്തില്‍ വത്തിക്കാനിലെ പത്രോസിന്‍റെ ബസിലിക്കായുടെ പ്രധാന മട്ടുപ്പാവില്‍നിന്നും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
ലോകത്തിനു നല്കുന്ന സന്ദേശം

ലോകമെമ്പാടും, അതുപോലെ റോമാ പട്ടണത്തിലുമുള്ള കര്‍ത്താവില്‍ ഏറ്റവും സ്നേഹമുള്ള
എന്‍റെ സഹോദരീ സഹോദരന്മാരേ, ബഹുമാന്യരായ ജനങ്ങളേ,

"ഇന്നേ ദിവസം ഒരു പ്രകാശം നമ്മുടെമേല്‍ ഉദയംചെയ്തിരിക്കുന്നു,
നമുക്കായി കര്‍ത്താവ് ജാതനായിരിക്കുന്നു."

ഇന്നത്തെ ആരാധനക്രമമനുസരിച്ചുള്ള ക്രിസ്തുമസ്സ് ജാഗരപൂജ നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ,
ബെദലഹേമില്‍ ഉദയംചെയ്ത പ്രകാശം ഇരുട്ടിന്‍റെ മറയകറ്റുകയും അവിടുത്തെ ദിവ്യപ്രഭാപൂരത്താല്‍ ലോകത്ത് നന്മയുടെ പ്രകാശം തെളിയിക്കുകയും ചെയ്യുന്നു.

വിശുദ്ധ ഗ്രന്ഥവും ആരാധനക്രമവും ഇന്നേദിവസം പ്രതിപാദിക്കുന്നത് ഒരു സാധാരണ പ്രകാശത്തെക്കുറിച്ചല്ല, പ്രത്യുത, സവിശേഷമായി നമ്മിലേയ്ക്കു കടന്നുവന്ന ഒരു ദിവ്യപ്രകാശത്തെക്കുറിച്ചാണ്. ആര്‍ക്കുവേണ്ടി ബെദലഹേമില്‍ ‍ശിശു ജാതനായോ, അതേ, നമുക്കുവേണ്ടിയാണ്; സഭയ്ക്കുവേണ്ടിയാണ് ആ ദിവ്യപ്രകാശമുദിച്ചത്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു ആഗോള കുടുംബമാണ് സഭ. രക്ഷകന്‍റെ തിരുപ്പിറവി പ്രത്യാശയോടെ കാത്തിരിക്കുകയും അവിടുത്തെ വരവിന്‍റെ ദിവ്യരഹസ്യം നിരന്തരമായി പ്രഘോഷിക്കുകയും ചെയ്യുന്ന സഭാമക്കളില്‍ അവിടുത്തെ പ്രകാശം ഈ ക്രിസ്തുമസ്ദിനത്തില്‍ വീണ്ടും ചൊരിയപ്പെടുകയാണ്.

ബെദലഹേമിലെ കാലിത്തൊഴുത്തില്‍ ആദ്യം വന്നുചേര്‍ന്നവര്‍ മനുഷ്യനേത്രങ്ങള്‍ക്ക് തുലോം നിസ്സാരരായിരുന്നു. ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്നതുപോലെ, ജോസഫിനേയും മേരിയേയും കൂടാതെ മാലാഖയുടെ സന്ദേശം ശ്രവിച്ചുവന്ന ഏതാനും ആട്ടിടയന്മാര്‍ മാത്രമാണ് ആദ്യമായി യേശുവിന്‍റെ പിറവിക്ക് ദൃക്‍സാക്ഷികളായവര്‍. ഇരുട്ടില്‍ പ്രകാശിതമായ ഒരഗ്നിപോലെയായിരുന്നു
ആദ്യ ക്രിസ്തുമസ്. വിശുദ്ധ യോഹന്നാന്‍ രേഖപ്പെടുത്തുന്നതുപോലെ, "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേയ്ക്ക് വരുന്നുണ്ടായിരുന്നു" (Jn. 1: 9).
ഇതെല്ലാം ഏറെ ലളിതമായും, എന്നാല്‍ നിഗൂഢമായും ദൈവം തന്‍റെ രക്ഷാകര പദ്ധതിയില്‍ ഒരുക്കിയിരിക്കുന്നതുപോലെ നിറവേറി. വിശാലമായ ഒരു പ്രദേശത്തെ പ്രശോഭിപ്പിക്കുവാന്‍ ദൈവം ഏറെ ചെറുദീപങ്ങള്‍ തെളിയിക്കുവാന്‍ തിരുമനസ്സാകുന്നു. ഈ പ്രകാശം സ്വീകരിക്കുന്നവര്‍ക്ക് അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സത്യവും സ്നേഹവും വെളിപ്പെടുത്തപ്പെടുന്നു. അതിന്‍റെ പ്രഭ അവര്‍ക്കു ചുറ്റും പ്രസരിക്കുകയും ചെയ്യുന്നു. അതു സ്വീകരിക്കാന്‍ മനസ്സും ഹൃദയവും തുറക്കുന്നവരില്‍ ആ ദിവ്യതേജസ്സ് ചൊരിയപ്പെടുകയും, അവര്‍ അതിന്‍റെ പ്രഭ അവര്‍ക്കുചുറ്റും പരത്തുന്നു. സഭയുടെ ചരിത്രം ഇതാണ്: അവളുടെ തീര്‍ത്ഥാടനം ആരംഭിക്കുന്നത് ബെദലഹേമിലെ വിനീതമായ കാലിത്തൊഴുത്തിലാണ്. നൂറ്റാണ്ടുകളിലൂടെ സഭ ഒരു ജനതയായും മനുഷ്യകുലത്തിന് പ്രകാശത്തിന്‍റെ സ്രോതസ്സായും മാറിയിരിക്കുന്നു.

ആ ദിവ്യശിശുവിനെ ദര്‍ശിക്കുന്നവര്‍ക്ക് ദൈവം ഇന്നും ലോകത്തിന്‍റെ ഇരുളില്‍ പ്രകാശമായി തെളിഞ്ഞുകൊണ്ട്, ക്രിസ്തുവിന്‍റെ രക്ഷാകരവും വിമോചനാത്മകവുമായ സാന്നിദ്ധ്യത്തിന്‍റെ അടയാളം എല്ലാമനുഷ്യരും എപ്പോഴും അംഗീകരിക്കുകയും ചെയ്തുകൊണ്ട്, വിശ്വസിക്കുന്നവരുടെ ഈ കൂട്ടായ്മ ലോകമെമ്പാടും വ്യാപിപ്പിക്കുവാന്‍ ഇടയാക്കുന്നു. ദൈവസ്നേഹം അംഗീകരിക്കുന്ന ഒരു സമൂഹം എവിടെയുണ്ടോ, അവിടെ പ്രതിസന്ധികളില്‍പ്പോലും, ക്രിസ്തുവിന്‍റെ പ്രകാശം തെളിഞ്ഞു നില്ക്കുന്നു. ഈ ലോകത്തെ പാപത്തിന്‍റെ അടിമത്വത്തില്‍നിന്നും മോചിക്കുവാന്‍ വന്ന യേശുവിനെ ഒരു സമ്മാനമായി സ്വീകരിച്ച മറിയത്തെപ്പോലെ ദിവ്യകുമാരനായ യേശുവിനെ സഭയും ലോകത്തിന് നല്കുന്നു. സഭയും മറിയത്തെപ്പോലെ നിര്‍ഭയം മുന്നോട്ടു നീങ്ങുകയാണ്, കാരണം യേശുവിലാണ് അവളുടെ ശക്തി. സഭ ക്രിസ്തുവിന‍െ തന്നില്‍ത്തന്നെ ഒതുക്കി നിറുത്താതെ, പകര്‍ന്നു നല്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു, വിശിഷ്യാ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നവര്‍ക്ക് : എളിയവര്‍ക്കും പീഡിതര്‍ക്കും, അധിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ക്കും, സര്‍വ്വോപരി സമാധാനം തേടുന്നവര്‍ക്കും, സഭ ക്രിസ്തുവിന്‍റെ സ്നേഹം പകര്‍ന്നു നല്കുന്നു. ഇന്ന് ഗൗരവകരമായ സാമ്പത്തിക പ്രതിസന്ധിയും ധാര്‍മ്മികാധഃപതനവും അനുഭവിക്കുന്ന, യുദ്ധത്തിന്‍റെയും കലഹത്തിന്‍റെയും വേദനയുടെയും മുറിവുകള്‍ പേറുകയും ചെയ്യുന്ന ലോകത്തോട് വിശ്വസ്തതയുള്ള ഒരു സഹാനുഭാവത്തോടെ ആട്ടിടയന്മാരോടു ചേര്‍ന്ന് സഭയും ആവര്‍ത്തിച്ചു പറയുകയാണ്, "നമുക്ക് ബെദലേഹമിലേയ്ക്കു പോകാം..." (Luke 2: 15); അവിടെ പ്രത്യാശയുണ്ട്.

യേശു പിറന്ന സ്ഥലമായ വിശുദ്ധനാട്ടില്‍ പകയുടേയും വൈരാഗ്യത്തിന്‍റേയും യുക്തി പാടേ ഉപേക്ഷിക്കുവാനും സമാധാനപൂര്‍വ്വകമായ ഒരു സഹവര്‍ത്തിത്വത്തിനുള്ള നവമായ ശക്തിയും അനുഭാവവും കൈവരിക്കാനും സഭ പരിശ്രമിക്കുന്നുണ്ട്. മദ്ധ്യേഷ്യയിലെ രാജ്യങ്ങളിലും സഭയുടെ സജീവ സാന്നിദ്ധ്യമുണ്ട്. കലാപഭൂമിയായ ഇറാക്കിനേയും അവിടത്തെ ചെറുസഭയേയും നമുക്കു മറക്കാനാവില്ല. ‍അനീതിക്കു വിധേയയാണെങ്കിലും, പകയുടേയും സാഹോദര-വിദ്വേഷത്തിന്‍റേയും
യുക്തി മറികടന്ന് ഒരു സമൂഹം വളര്‍ത്തിയെടുക്കുവാനുള്ള നിശ്ചയ ദാര്‍ഢ്യത്തിലാണവര്‍.
ശ്രീലങ്കയിലും കൊറിയന്‍ ഉപദ്വീപിലും, ഫിലിപ്പീന്‍സിലും, അതുപോലെ ഏഷ്യയിലെ മറ്റു രാജ്യങ്ങളിലും സമാധാനത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും പുളിമാവായി സഭ ജീവിക്കുന്നു.
ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ കോങ്കോ റിപ്പബ്ളിക്കിലെ അനീതിക്കെതിരെയും, ഗിനിയായിലും നൈജീരിയായിലും മനുഷ്യാവകാശ പ്രശ്നങ്ങള്‍ക്കെതിരെ സംവാദത്തിന്‍റെ പാതയിലൂടെയും,
മടഗാസ്കറിലെ അഭ്യന്തര കലഹമകറ്റി സമാധാനം കൈവരിക്കാനും; അങ്ങിനെ ജനങ്ങളെ കെടുതികളുടേയും പരീക്ഷണങ്ങളുടേയും പ്രതിസന്ധികളുടേയും മദ്ധ്യത്തിലും അവരുടെ രോദനങ്ങള്‍ പ്രത്യാശയോടെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുവാന്‍, സഭ പാവങ്ങളുടെ നിലയ്ക്കാത്ത ശബ്ദമായി ഉയര്‍ന്നു നില്ക്കുന്നു. സ്വാര്‍ത്ഥവും സാങ്കേതികവുമായ മനോഭാവം കൈവെടിഞ്ഞ്, മനുഷ്യന്‍റെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതിനും, മനുഷ്യാന്തസ്സു മാനിച്ച്, പ്രതിരോധ ശേഷിയില്ലാത്തവരും, അജാതരും നിര്‍ദ്ദോഷികളുമായ കുഞ്ഞുങ്ങളെ പരിരക്ഷിക്കുവാന്‍, വടക്കേ അമേരിക്കയിലും യൂറോപ്പിലും സഭാസമൂഹങ്ങള്‍ ജനങ്ങളെ നിരന്തരമായി ഉദ്ബുദ്ധരാക്കുന്നുണ്ട്. ഹോണ്ടൂരാസില്‍ സഭ സാമൂഹ്യസ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുവാനും പുനഃര്‍സ്ഥാപിക്കുവാനുമുള്ള പ്രക്രിയകള്‍
സദാ തുടരുമ്പോള്‍, ലത്തീനമേരിക്കയില്‍ സമഗ്രമായ പുരോഗതിയുടേയും നീതിയുടേയും സാഹോദര്യത്തിന്‍റേയും പ്രഘോഷണത്തിലും; ഒരാശയത്തിനും പ്രത്യയശാസ്ത്രത്തിനും പകരംവയ്ക്കാനാവാത്ത വിധത്തില്‍ സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പൂര്‍ണ്ണതയില്‍ മനുഷ്യാവകാശത്തിനായുള്ള പോരാട്ടത്തില്‍ നിരന്തരം സഭ മുന്നേറുകയാണ്.

സ്ഥാപകനായ ക്രിസ്തുവിന്‍റെ കല്പനയോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് സഭ ആഗോളതലത്തില്‍ പ്രകൃതിക്ഷോഭത്തിനും ദാരിദ്ര്യത്തിനും വിധേയരായ ജനവിഭാഗങ്ങളോട്, അത് സമ്പന്ന രാജ്യമായിരുന്നാല്‍പ്പോലും, എപ്പോഴും സഹാനുഭൂതി കാണിക്കുന്നു. അസഹിഷ്ണുതയുടേയും അടിച്ചമര്‍ത്തലിന്‍റേയും ദാരിദ്ര്യത്തിന്‍റേയും പ്രശ്നങ്ങളാല്‍ സ്വന്തം നാട്ടില്‍നിന്നും പുറപ്പെട്ടിറങ്ങുന്ന കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ ജനങ്ങളോടും സഭ എപ്പോഴും അംഗീകാരത്തിന്‍റേയും തുറവിന്‍റേയും സാന്ത്വനത്തിന്‍റേയും ഒരു മനോഭാവമാണ് പുലര്‍ത്തുന്നത്. ചുരുക്കത്തില്‍ സഭ എവിടെയും എപ്പോഴും ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുകയാണ്; ശത്രുതാത്മകമായ നിസംഗതയും വിവേചനവും പീഢനങ്ങളും പ്രകോപനങ്ങളും അനുഭവിക്കുമ്പോള്‍പ്പോലും. നാഥനും കര്‍ത്താവുമായ ക്രിസ്തുവിന്‍റെ ഭാഗധേയത്തില്‍ പങ്കുചേരുവാന്‍ ഇവ സഭയെ ഏറെ സഹായിക്കുന്നു.

പ്രിയ സഹോദരീ സഹോദരന്മാരേ, ഏവരേയും ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടായ്മയുടെ
ഭാഗമായിരിക്കുന്നത് എത്രയോ മഹത്തരമാണ്. "ഇമ്മാനുവേല്‍, ദൈവം നമ്മോടുകൂടെ"യായ യേശു പങ്കുചേരുന്ന പരിശുദ്ധ തൃത്വത്തിന്‍റെ കൂട്ടായ്മയാണിത്. ബെദലേഹമിലെ ആട്ടിടയന്മാരെപ്പോലെ അത്ഭുതവും നന്ദിയുംനിറഞ്ഞ മനസ്സോടെ നമുക്കും ഈ ദിവ്യസ്നേഹത്തിന്‍റെയും പ്രകാശത്തിന്‍റെയും രഹസ്യങ്ങള്‍ ധ്യാനിക്കാം! ഏവര്‍ക്കും സ്നേഹംനിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍!!







All the contents on this site are copyrighted ©.