2009-12-24 10:33:40

തിരുപ്പിറവിയുടെ രഹസ്യം ഗ്രഹിക്കാത്തവന് ക്രൈസ്തവാസ്തിത്വത്തിന്‍റെ നിര്‍ണ്ണായക ഘടകം എന്താണെന്ന് മനസിലായിട്ടില്ല : മാര്‍പാപ്പാ


(23/12/2009 വത്തിക്കാന്‍) തിരുപ്പിറവിയുടെ രഹസ്യം ഗ്രഹിക്കാത്തവന് ക്രൈസ്തവാസ്തിത്വത്തിന്‍റെ നിര്‍ണ്ണായക ഘടകം എന്താണെന്ന് മനസിലായിട്ടില്ലയെന്നും ശിശുവിനടുത്തൊരു ഹൃദയത്തോടെ യേശുവിനെ സ്വീകരിക്കാത്തവന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും വിശുദ്ധ ഫ്രാന്‍‍സിസ് അസ്സീസി എക്കാലത്തെയും ക്രൈസ്തവരെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ. ഡിസംബര്‍ ഇരുപത്തിമൂന്നിന് ( ബുധനാഴ്ച) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ വച്ചനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ച്ചയുടെ അവസരത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇതു പറഞ്ഞത്. നമ്മുടെ ദൈവത്തിന്‍റെ നന്മ തൊട്ടറിയുന്നതിനും പുതിയൊരു ധൈര്യം നമുക്ക് ലഭിക്കുന്നതിനും വേണ്ടി ഈ തിരുപ്പിറവി, നമ്മുടെ കാലഘട്ടത്തിലെ സംഭ്രാന്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്ധ്യേ, ശാന്തവും അഗാധവുമായ ആനന്ദം നമുക്ക് സമ്മാനിക്കട്ടെയെന്നതാണ് നാമേവരും ഹൃദയത്തില്‍ പേറുന്ന അഭിലാഷമെന്ന് പാപ്പാ തദ്ദവസരത്തില്‍ പറഞ്ഞു. ക്രിസ്മസ്സ് ആഘോഷത്തിന്‍റെ ചരിത്രം അനുസ്മരിക്കവെ പാപ്പാ. വിശുദ്ധ ഫ്രാന്‍‍സിസ് അസ്സീസി ഇറ്റലിയിലെ ഗ്രേച്ചൊയില്‍ പുല്‍ക്കൂടു നിര്‍മ്മിച്ചുകൊണ്ട് ഈ ആഘോഷത്തിന് നൂതനമായൊരു മാനം നല്കിയതിനെപ്പറ്റി പരാമര്‍ശിച്ചു. തിരുപ്പിറവിയില്‍ ദൈവം യഥാര്‍ത്ഥത്തില്‍ "നമ്മോടു കൂടെ" "ഇമ്മാനുവേല്‍" ആയി എന്നും പ്രതിബന്ധങ്ങള്‍ക്കൊ, അകലങ്ങള്‍ക്കൊ, യാതൊന്നിനും നമ്മെ അവിടുന്നില്‍ നിന്നകറ്റാന്‍ കഴിയാത്ത വിധം അവിടുന്ന് നമുക്ക് സമീപസ്ഥനായി എന്നും മനസ്സിലാക്കാന്‍ വിശുദ്ധ ഫ്രാന്‍‍സിസ് അസ്സീസി വഴി ക്രൈസ്തവ ജനതയ്ക്ക് കഴിഞ്ഞുവെന്നും പാപ്പാ നന്ദിയോടെ അനുസ്മരിച്ചു. മനുഷ്യന്‍റെ അഹംഭാവത്തെയും അക്രമപ്രവണതയെയും ദ്രവ്യാസക്തിയെയും ജയിക്കാനാണ് ദൈവം നിസ്സഹായകനായ ഒരു ശിശുവായെതെന്നും ആ പൈതലില്‍ ദൈവം സ്നേഹമായി സ്വയം ആവിഷ്ക്കരിച്ചുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.