2009-12-15 15:24:23

പാപ്പായുടെ നാല്പത്തിമൂന്നാം ലോകസമാധാനദിനസന്ദേശം


2010 ജനുവരി ഒന്നാം തീയതി ആചരിക്കുന്ന നാല്പത്തിമൂന്നാം ലോകസമാധാനദിനത്തിനായുള്ള പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ സന്ദേശം പ്രസിദ്ധീകൃതമായി. ചെവ്വാഴ്ച പരിശുദ്ധ സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ചായിരുന്നു അതിന്‍െറ പ്രകാശനം. തദവസരത്തില്‍ സന്നിഹിതരായിരുന്ന നീതിസമാധാനക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ മുന്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റെനാത്തോ മര്‍ത്തീനോയും, കൗണ്‍സില്‍ സെക്രട്ടറി ബിഷപ്പ് മാരിയോ തോസോയും സന്ദേശം സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകര്‍ക്കായി വിശദീകരിച്ചു. സമാധാനം സ്ഥാപിക്കണമെങ്കില്‍ പ്രപഞ്ചസൃഷ്ട്രിയെ പരിരക്ഷിക്കുക എന്ന ആദര്‍ശപ്രമേയമാണ് പാപ്പാ ആ ദിനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പരിസ്ഥിതിപ്രതിസന്ധിയെ അതിനോട് ബന്ധപ്പെട്ട ഇതര പ്രശ്നങ്ങളില്‍ നിന്ന് വിട്ട് കാണാനാവില്ല. മാനവകുലത്തിനു് ആഴമായ സാംസ്ക്കാരിക നവീകരണമാവശ്യമാണ്. എല്ലാവര്‍ക്കും ശോഭനമായ ഒരു ഭാവി കെട്ടിപ്പെടുക്കുന്നതിനു് അടിസ്ഥാനമായി വര്‍ത്തിക്കാവുന്ന മൂല്യങ്ങള്‍ വീണ്ടും കണ്ടത്തേണ്ടിയിരിക്കുന്നു. നമ്മുടെ ആനുകാലിക പ്രതിസന്ധികള്‍ അവ സാമ്പത്തികമോ, ഭക്ഷൃബന്ധിയോ, പരിസ്ഥിതിപരമോ, സമൂഹപരമോ എന്തായാലും ആത്യന്തികമായി ധാര്‍മ്മിക പ്രതിസന്ധികളാണ്. അതിനാല്‍ അവ പരസ്പരം ബന്ധിതങ്ങളാണ്. ഏത് പാതയിലൂടെയാണ് നാം മുന്നേറുന്നതെന്ന് ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യുവാന്‍ ആ പ്രശ്നങ്ങള്‍ നമ്മെ ബാദ്ധ്യതപ്പെടുത്തുന്നു. സവിശേഷമാം വിധം ഐക്യദാര്‍ഢ്യത്താലും, സംയമനത്താലും മുദ്രിതമായ ഒരു ജീവിതശൈലിക്കായി അത് നമ്മെ ആഹ്വാനം ചെയ്യുകയാണ്. അപ്രകാരം ഒരു ശൈലി സ്വായത്തമാക്കുന്നതിലൂടെ മാത്രമേ ആനുകാലിക പ്രതിസന്ധി അധികൃതവിവേചനത്തിനും, നവ പ്രയോഗിക പദ്ധതികളുടെ ആസൂത്രണത്തിനും അവസരമാകയുള്ളൂ. ആഗോള ഐക്യദാര്‍ഢ്യം പ്രപഞ്ചസൃഷ്ട്രിയെ സംരക്ഷിക്കുന്നതിനായുള്ള നമ്മുടെ പരിശ്രമങ്ങളെ നയിക്കണം പാപ്പാ സന്ദേശത്തില്‍ അനുസ്മരിപ്പിക്കുന്നു.



 







All the contents on this site are copyrighted ©.