2009-12-14 15:16:01

മെത്രാന്മാര്‍ ദൈവം നല്‍കുന്ന സന്തോഷത്തിന്‍െറ പ്രഘോഷകരാണെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെ പറയുന്നു.


 
ക്രിസ്തു നല്‍കുന്ന, ക്രിസ്തുവിന് മാത്രം നല്‍കുവാന്‍ സാധിക്കുന്ന സന്തോഷത്തിന്‍െറ പ്രഘോഷകരാണ് മെത്രാന്മാരെന്ന് വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബെര്‍ത്തോണെ. ഷാന്‍ ലഫീത്തേ, മാരിയോ തോസോ, ജോവാന്നി ദ എര്‍കോളെ എന്നിവരുടെ മെത്രാഭിഷേക തിരുക്കര്‍മ്മം ഉള്‍പ്പെടുത്തിയിരുന്ന വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍െറ ബസലിക്കായില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയിലെ മുഖ്യകാര്‍മ്മികനായിരുന്ന കര്‍ദ്ദിനാള്‍ സുവിശേഷപ്രഭാഷണത്തിലാണ് മെത്രാന്മാരുടെ ആ നിസ്തുലദൗത്യം ചൂണ്ടിക്കാട്ടിയത് ഭൂമിയില്‍ ഇന്നും ദൈവം നമ്മുടെ മദ്ധ്യേയുണ്ട്. എന്നാല്‍ പലരും അവിടത്തെ തിരിച്ചറിയുന്നില്ല. ആരുടെയും ശ്രദ്ധ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനോ, തന്‍െറ സാന്നിദ്ധ്യത്തെ നിര്‍ബന്ധിച്ച് അംഗീകരിപ്പിക്കുവാനോ അവിടുന്ന് ആഗ്രഹിക്കുന്നില്ല. കര്‍ദ്ദിനാള്‍ സുവിശേഷപ്രഭാഷണത്തില്‍ തുടര്‍ന്നു- അവിടുന്ന് മനുഷ്യഹൃദയങ്ങളുടെ കവാടത്തിങ്കല്‍ മുട്ടി വിളിക്കുന്നു. അവിടത്തേയ്ക്ക് ക്ഷമയോടെ കാത്തുനില്ക്കാനറിയാം. അവിടത്തെ സാന്നിദ്ധ്യം ലോകത്തെ അറിയിക്കുകയാണ് ഇന്നത്തെ ഏറ്റവും വലിയ അടിയന്തരയാവശ്യം. അതിന് പ്രഥമവും പ്രധാനവുമായി ചെയ്യണ്ടത് നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ദൈവത്തിനായി തുറക്കുകയാണ്. അവിടത്തെ സ്വാഗതം ചെയ്യുവാന്‍, ശ്രവിക്കുവാന്‍, ഗ്രഹിക്കുവാന്‍, സ്നേഹിക്കുവാന്‍, ആരാധിക്കുവാന്‍ പഠിക്കുകയാണ്. ദൈവം സമീസ്ഥനാണെന്നതിന്‍െറ അടയാളമാണ് മെത്രാന്മാര്‍. നാം എപ്രകാരമുള്ളവരാണോ അതിനു് ആനുപാതികമായിരിക്കും. ആ അടയാളം നല്‍കുന്ന സന്ദേശത്തിന്‍റ ഫലദായകതയും പ്രസക്തിയും.. പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും.. ---- നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും (നടപടി 1/8) എന്ന വിശുദ്ധ ഗ്രന്ഥഭാഗം മെത്രാന്മാരുടെ ദൗത്യത്തെ വ്യക്തമാക്കുന്നതാണ്. അവര്‍ തങ്ങളുടെ നാമത്തിലല്ല സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുക. അതുപോലെ അവര്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ ശക്തികൊണ്ടോ കഴിവുകൊണ്ടോ അല്ല. മറിച്ച് ക്രിസ്തുവിന്‍െറ നാമത്തില്‍ പരിശുദ്ധാത്മാവിന്‍െറ ശക്തിയാലാണ്. മെത്രാഭിഷേകം ഒരു നവ ജനനമാണ്. ഏതൊരു ജനനത്തിലും ഒരു മാതാവുണ്ട്. മെത്രാഭിഷേകമാകുന്ന ജനനത്തിലെ മാതാവ് സഭയാണ്. പരിശുദ്ധ കന്യാമറിയത്തിന്‍െറ പ്രതിരുപമാണ് അവള്‍.. ബിഷപ്പ് ഷാന്‍ ലഫീത്തയായുടെയും, ബിഷപ്പ് മാരിയോ തോസോയുടെയും പ്രവര്‍ത്തനവേദികള്‍ യഥാക്രമം കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും നീതിസമാധാനക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ആണ്. വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ബിഷപ്പ് ജോവാന്നി ദ എര്‍ക്കോളായുടെ അടുത്ത സേവനവേദി അക്വീലാ അതിരുപതയാണ്.. ആ അതിരുപതയുടെ സഹായമെത്രനായി പാപ്പാ അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്.







All the contents on this site are copyrighted ©.