2009-12-14 15:31:00

പന്ത്രണ്ടാം പീയൂസു പാപ്പായുടെ രണ്ടാം ആഗോളയുദ്ധക്കാലത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ വെളിപ്പെടുത്തുന്ന ഒരു പഴയ ഫിലിം കണ്ടെത്തി


പന്ത്രണ്ടാം പീയൂസ് പാപ്പാ, രണ്ടാം ആഗോളയുദ്ധത്തിന്‍െറ ഇരകളായവര്‍ക്കായി നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ വെളിപ്പെടുത്തുന്ന ഒരു ഫിലിം അടുത്തയിട ഇറ്റലിയിലെ ഫിലിം ലൈബ്രറി കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 1948ല്‍ ഇറ്റലിയിലെ ഒരു കമ്പനി നിര്‍മ്മിച്ച ആ ഫിലിം വളരെ കേടുപാടുകള്‍ സംഭവിച്ചയവസ്ഥയിലാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്‍െറ പൈശാചികതയും, ദുരന്തങ്ങളും വരച്ചുകാട്ടുന്ന അതില്‍ അതിന്‍െറ ഇരകളായവര്‍ക്കായി അന്ന് തിരുസ്സഭാസാരഥ്യം നടത്തിയിരുന്ന പന്ത്രണ്ടാംപീയൂസ് പാപ്പായുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ച SOUP KITCHEN - ഉച്ചഭക്ഷണം നല്‍കുന്നതിനായുള്ള കേന്ദ്രങ്ങള്‍, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍െറ ബസലിക്കായുടെയും റോമിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസലിക്കായുടെയും ചത്വരങ്ങളിലെ സംവിധാനങ്ങള്‍, കാസ്തല്‍ഗന്തോള്‍ഫോയിലെ പാപ്പായുടെ വേനല്‍ക്കാലവസതി അവര്‍ക്കായി തുറന്നുകൊടുത്തത് ഒക്കെ ആ ഫിലിമില്‍ കാണാനാവും. ആ ഫിലിം കണ്ടെത്തിയ വിവരം ഫിലിം ലൈബ്രറി പ.സിംഹാസനത്തെ അറിയിക്കുകയും, വത്തിക്കാനിലെ ഫിലിം അഭിലേഖാഗാരഉദ്യോഗസ്ഥമാര്‍ അവിടെയെത്തി അതിനെ പറ്റി പഠനം നടത്തുകയും ചെയ്തു.. അതിനെത്തുടര്‍ന്ന് അവര്‍ ഇറ്റലിയിലെ ഫിലിം ലൈബ്രറിയുടെ സഹായത്തോടെ ഫിലിമിന്‍െറ കേടുപാടുകള്‍ പോക്കിയെന്നും, അതിന്‍െറ ഒരു പുതിയ കോപ്പി തയ്യാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. രണ്ടാം ആഗോളയുദ്ധത്തിന്‍െറ കെടുതികള്‍ക്ക് ഇരകളായ യഹുദര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ക്ക് പന്ത്രണ്ടാം പീയൂസു പാപ്പാ നല്‍കിയ സഹായങ്ങള്‍ വെളിപ്പെടുത്തുന്ന മറ്റു പല ദൃശ്യശ്രാവ്യസാക്ഷൃങ്ങളുമുണ്ട്.







All the contents on this site are copyrighted ©.