2009-12-10 14:31:30

പാപ്പാ കരമൈനുകളെ അധികരിച്ച സമ്മേളനത്തോട്


 
കരമൈനുകള്‍ കാരണമാക്കുന്ന ഗുരുതരങ്ങളായ മാനവികപ്രശ്നങ്ങളോട് വെറുതെ പ്രതികരിക്കുവാനും, അന്താരാഷ്ട്രാനിയമം ശക്തിപ്പെടുത്തുവാനും മാത്രം ശ്രമിക്കാതെ അധികൃതവും, സമഗ്രവും ആയ മാനവവികസനാര്‍ത്ഥമുള്ള യത്നങ്ങളെ പ്രോല്‍സാഹിപ്പിക്കുവാന്‍ കുടി ശ്രമിക്കുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അടുത്തയിട കൊളംബിയയിലെ കാര്‍ത്താജെനയില്‍ നടന്ന അന്താരാഷ്ട്രാസമ്മേളനത്തെ ആഹ്വാനം ചെയ്തു. കരമൈനുകളുടെ ഉപയോഗത്തിന്‍െറയും, ഉല്പാദനത്തിന്‍െറയും, കൈമാറ്റത്തിന്‍െറയും നിരോധനത്തെ സംബന്ധിച്ച കരാറിന്‍െറ പുനരവലോകനാര്‍ത്ഥം നടന്ന ആ സമ്മേളനത്തിന് പാപ്പായുടെ പേരില്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ അയച്ച ഒരു സന്ദേശത്തിലാണ് അത് കാണുന്നത്. സാമ്പത്തികവ്യവസ്ഥയിലും, നിരായുധീകരണത്തിലും എന്നപോലെ രാഷ്ട്രീയത്തിലും നമ്മുടെ ഔല്‍സുക്യകേന്ദ്രമായി മനുഷ്യന്‍ പുനര്‍സ്ഥാപിക്കപ്പെടണ്ടതിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടുന്ന കര്‍ദ്ദിനാള്‍ നമ്മുടെ ലക്ഷൃങ്ങള്‍ ഇതരക്കാര്യങ്ങളിലേയ്ക്ക് തിരിയുമ്പോള്‍ വ്യക്തികള്‍ക്കും, സമൂഹങ്ങള്‍ക്കും, രാഷ്ട്രങ്ങള്‍ക്കും അപരിഹാര്യമായ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. വളരെയധികം ആഗോളവല്‍ക്കരിക്കപ്പെട്ട പരസ്പരാശ്രയത്വമുള്ള ഇന്നത്തെ ലോകത്തില്‍ സമാധാനവും, വികസനവും വളരെ ബന്ധിതമാണ്. ആര്‍ക്കും സ്വയം ഒന്നും നേടാനാവില്ല. അതിനാല്‍ ലോകസമാധാനസംസ്ഥാപനത്തിനും, മാനവകുലത്തിന്‍െറ ശ്രേയസ്സിനും വികസനത്തിനും ആവശ്യമായ പരിതോവസ്ഥകള്‍ സൃഷ്ടിക്കുന്നതിനു് അന്താരാഷ്ട്രാ സഹകരണവും, ബലഹീനരുടെ ഉള്‍ചേര്‍ക്കലും അവശ്യവ്യവസ്ഥകളാണെന്ന് രാഷ്ട്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ തുടരുന്നു - ഇന്നത്തെ പ്രതിസന്ധിവേളയില്‍ അതിന്‍െറ തിക്താനുഭവങ്ങള്‍ക്ക് ഏറ്റം വിധേയമാകുന്ന ഏറെ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളെ ആദരിച്ചുകൊണ്ട് അവയോട് ഐക്യദാര്‍ഢ്യം കാട്ടുവാനും, അവയുമായി വിഭവങ്ങള്‍ പങ്കു വയ്ക്കുവാനും, അവയോട് നീതിയോടെ വര്‍ത്തിക്കുവാനും സമ്പന്ന രാജ്യങ്ങള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. സൈന്യബലം കൊണ്ടു മാത്രം സുരക്ഷിതത്വവും, സ്ഥിരതയും നേടിയെടുക്കാനാവില്ല. മനുഷ്യവ്യക്തിയുടെ സമ്പൂര്‍ണ്ണ വികസനത്തിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. കരമൈനുകള്‍ മനുഷ്യവ്യക്തിയുടെ അത്തരം വികസനത്തിന് വന്‍ വിഘാതമാണെന്ന സത്യം ഗ്രഹിച്ച് അതിന്‍െറ പരിപൂര്‍ണ്ണമായ നിര്‍മ്മാര്‍ജ്ജനത്തിന് സാധ്യമായയെല്ലാ പരിപാടികളും ആസൂത്രണം ചെയ്ത് പ്രവര്‍ത്തിപഥത്തിലാക്കുക ഇന്നിന്‍െറ വലിയ ഒരാവശ്യമാണ്.







All the contents on this site are copyrighted ©.