2009-12-08 16:54:34

അമലോത്ഭവ നാഥയുടെ തിരുനാള്‍


8 ഡിസംമ്പര്‍ 2009
1854ല്‍ വാഴ്ത്തപ്പെട്ട ഒന്‍പതാം പിയൂസ് മാര്‍പാപ്പയാണ് പരിശുദ്ധ കന്യകാമറിയത്തതിന്‍റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. അതിന്‍റെ ഓര്‍മ്മയാണ് ഡിസംബര്‍ 8-ാ തിയതി ആഗോളസഭ അമലോത്ഭവത്തിരുനാള്‍ കൊണ്ടാടുന്നത്. ഈ സവിശേഷദിനത്തിന്‍റെ സ്മരണയ്ക്കായി റോമിലെ വിശ്വാസ തിരുസംഖത്തിന്‍റെ ഔദ്യോഗിക മന്ദിരത്തിന്‍റെ മുന്നിലുള്ള ചത്വരത്തില്‍ (Piazza di Spagna) അമലോത്ഭവ നാഥയുടെ നാമത്തില്‍ ഒരു സ്മാരകം നിര്‍മ്മിക്കുകയുണ്ടായി. 30 അടി ഉയരത്തിലുള്ള വലിയ മാര്‍ബിള്‍ സ്തൂപത്തില്‍ വെങ്കലത്തില്‍ തീര്‍ത്ത അമലോത്ഭവ നാഥയുടെ സ്വരൂപം ഇന്നും സന്ദര്‍ശകര‍െ ആകര്‍ഷിക്കുന്നു. 1857ല്‍ പണിതീര്‍ത്ത സ്തൂപവും വെങ്കലപ്രതിമയും ആ വര്‍ഷം ഡിസംബര്‍ 8ന് ഒമ്പതാം പിയൂസ് മാര്‍പാപ്പതന്നെ ആശിര്‍വദിക്കുകയും ഒരു പുഷ്പചക്രം ആദരപൂര്‍വ്വം തിരുസ്വരൂപത്തില്‍ ചാര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് എല്ലാ മാര്‍പാപ്പാമാരും ഈ പതിവ് തുടര്‍ന്നു പോരുന്നു.

ഈ വര്‍ഷം ഡിസംബര്‍ 8ന് അമലോത്ഭവ നാഥയ്ക്ക് പുഷ്പാര്‍ച്ച നടത്തുവാന്‍ സായാഹ്നത്തില്‍ 4 മണിക്ക് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍നിന്നും എകദേശം രണ്ടു കിലോമീറ്റര്‍ യാത്രചെയ്ത് സ്പാഞ്ഞാ ചത്വരത്തിലെത്തും. റോമാപട്ടണത്തിലെ പ്രമുഖരും, വത്തിക്കാന്‍ പ്രതിനിധികളും ആയിരക്കണക്കിന് വിശ്വാസികളും അതില്‍ പങ്കെടുക്കും. അമലോത്ഭവ നാഥയ്ക്ക് പുഷ്പാര്‍ച്ചന നടത്തിയശേഷം പാപ്പാ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്കുകയും തുടര്‍ന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കും ചെയ്യും, ആശിര്‍വദിക്കുകയും ചെയ്യും. അതിനുശേഷം അടുത്തുള്ള മേരി മെയ്ജര്‍ ബസിലിക്കായിലും മാര്‍പാപ്പാ സന്ദര്‍ശനം നടത്താറുണ്ട്. പതിവായി ചുവന്ന ഉത്തരീയം ധരിക്കുന്ന മാര്‍പാപ്പാ ദിവ്യജനനിയോടുള്ള ആദരയുക്തമായും അമലോത്ഭവ സന്ദേശത്തിന്‍റെ പ്രതീകമായും ഈ അവസരത്തില്‍ വെളുത്ത ഉത്തരീയം ധരിക്കും. മാതാവിന്‍റെ തിരുസ്വരൂപത്തില്‍ ചാര്‍ത്തുന്ന പുഷ്പചക്രം വത്തിക്കാന്‍ തോട്ടത്തില്‍ നിന്നുള്ളതാണെന്നും ഈ ആഘോഷത്തിന്‍റെ പതിവില്‍പ്പെടുന്നു.

ദൈവത്താല്‍ കൃപാവരംകൊണ്ട് നിറയ്ക്കപ്പെട്ട മറിയം, അവളുടെ ഉദ്ഭവനിമിഷം മുതല്‍തന്നെ രക്ഷിക്കപ്പെട്ടവളാണെന്ന് നൂറ്റാണ്ടുകളിലൂടെ സഭ ബോധവതിയായി. ഓമ്പതാം പിയൂസ് മാര്‍പാപ്പ പ്രഖ്യപിച്ച, അമലോത്ഭവം എന്ന വിശ്വാസസത്യം ഏറ്റുപറയുന്നത് ഇതാണ്: –
അനന്യമായ ദൈവകൃപയാലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ അനുകൂലത്താലും, മനുഷ്യവര്‍ഗത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍നിറുത്തിയും, ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉദ്ഭവത്തിന്‍റെ ആദ്യനിമിഷം മുതല്‍ ഉദ്ഭവപാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍നിന്നും പരിരക്ഷിക്കപ്പെട്ടു.







All the contents on this site are copyrighted ©.