2009-12-05 17:15:10

വിശ്വപ്രകാശമാകുന്ന ക്രിസ്തു


2009 ഡിസംമ്പര്‍ മാസത്തില്‍ മാര്‍പാപ്പ നല്കുന്ന പ്രാര്‍ത്ഥനാനിയോഗങ്ങള്‍ അവയെ ആധാരമാക്കിയുള്ള ചിന്തകള്‍

പ്രേഷിതനിയോഗം:
മാംസംധരിച്ച വചനമാകുന്ന ക്രിസ്തുവിനെ വിശ്വപ്രകാശമായി ഓരോ വ്യക്തിയും രാജ്യവും ഈ ക്രിസ്മസ്സ് നാളില്‍ അംഗീകരിക്കുന്നതിനും അവരുടെ ഹൃദയകവാടങ്ങള്‍ ലോകരക്ഷകനായി തുറക്കുന്നതിനും...

മനുഷ്യചരിത്രത്തിലെ ഒരിരുണ്ട യുഗത്തില്‍ ഒരുനാള്‍ പ്രകാശം ഭൂമിയിലേയ്ക്ക് വന്നുവെന്ന് തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു. ഇരുളിലും മരണത്തിന്‍റെ നിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശം വീശുവാനും സമാധാനത്തിന്‍റെ മാര്‍ഗ്ഗത്തിലേയ്ക്ക് നമ്മുടെ പാദങ്ങളെ നയിക്കുവാനും വേണ്ടിയാണ് പ്രകാശം ലോകത്തിലേയ്ക്ക് വന്നത് (ലൂക്കാ 1, 79). ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയില്‍ ജാതനായി. ഇനി ലോകം ഒരിക്കലും പഴയതുപോലെ ആയിരിക്കുകയില്ല. ജനങ്ങള്‍ പ്രകാശത്തിലേയ്ക്ക് ആനയിക്കപ്പെടുന്നതിനും, വചനം മാംസംധരിച്ച ക്രിസ്തുവിനെ അവര്‍ രക്ഷകനും നാഥനുമായി അംഗീകരിക്കുന്നതിനുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ ഈ പ്രേഷിതനിയോഗത്തില്‍ ആവശ്യപ്പെടുന്നു. പിതാവ് തന്നെക്കുറിച്ച് ലോകത്തെ അറിയിക്കുവാനാഗ്രഹിച്ചതെല്ലാം യേശുവില്‍ പൂര്‍ണ്ണമായി കാണാം. പിതാവിന്‍റെ വചനം യേശു നമ്മെ അറിയിക്കുകയും അവിടുത്തെ തിരുഹിതം എല്ലാറ്റിലും നിറവേറ്റുകയും ചെയ്തു. ഇരുട്ടിലും സംശയത്തിലും കഴിഞ്ഞിരുന്ന ഒരു ലോകത്തിന് യേശു നല്കിയ പ്രകാശമാണ് ദൈവം സ്നേഹമാകുന്നുവെന്ന സത്യം. പൂര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവുമായ ക്രിസ്തു മനുഷ്യരൂപത്തില്‍ നമ്മോടൊത്തു വസിച്ചു. ദൈവം മനുഷ്യനാകുന്നത് അവിടുത്തെ അനന്ത ശ്രേഷ്ഠത നമുക്ക് വെളിപ്പെടുത്തിത്തരുവാനും നമ്മെ ദൈവമക്കളായി സ്വീകരിക്കുവാനും വേണ്ടിയാണ്. എന്നിട്ടും മനുഷ്യര്‍ ഇന്നും ഇരുളിലാണ് കഴിയുന്നത്. ക്രിസ്തുവിന്‍റെ വെളിച്ചം ഈ ലോകത്തെ പ്രകാശിപ്പിക്കട്ടെ!

പൊതുനിയോഗം
കുട്ടികള്‍ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പ‍െടുകയും ചെയ്യുന്നതിനും, അവര്‍ ഒരിക്കലും ഒരു വിധത്തിലുമുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകാതിരിക്കുന്നതിനും....

ജീവിത വിശുദ്ധിയും ലാളിത്യവും നമ്മെ ക്രിസ്തുവിനോട് അനുരൂപപ്പെടുത്തുന്നു. ക്രിസ്തുവിനെപ്രതി മറ്റുള്ളവരെ സനേഹിക്കുമ്പോള്‍, ക്രിസ്തുവിന്‍റെ സഹനത്തോടും നാം ഐക്യപ്പെടുന്നു. പ്രത്യേകിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചൂഷണം ചെയ്യപ്പെടുന്ന ലക്ഷോപലക്ഷം കുട്ടികളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ ക്രിസ്തു സ്നേഹം നമ്മില്‍ ആളിക്കത്തുകയും നമ്മെ ആര്‍ദ്രമാക്കുകയും ചെയ്യണം.
ലോകത്ത് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ള കുട്ടികളോടുള്ള സഹാനുഭൂതിയും സ്നേഹവും പ്രാര്‍ത്ഥനയായി സമര്‍പ്പിക്കുവാന്‍ ഡിസംമ്പര്‍ മാസത്തില്‍ മാര്‍പാപ്പ എല്ലാവരോടും ആഹ്വാനംചെയ്യുന്നു. അങ്ങിനെ കുട്ടികള്‍ എവിടെയും ആദരിക്കപ്പെടുന്നതിനും സ്നേഹിക്കപ്പെടുന്നതിനും, ഒരിക്കലും അവര്‍ ഒരുവിധത്തിലും ചൂഷണം ചെയ്യപ്പെടാതിരിക്കുന്നതിനുമായി ഈ മാസത്തിലെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനാനിയോഗങ്ങള്‍ മാര്‍പാപ്പയുടെ പൊതുനിയോഗത്തോടു ചേര്‍ത്തു നമുക്കു സമര്‍പ്പിക്കാം.

കുട്ടിളെ ശിഷ്യന്മാര്‍ തടഞ്ഞപ്പോഴും, അവര്‍ തന്‍റെ പക്കലേയ്ക്ക് വരുവാന്‍ യേശു അനുവദിച്ചു. "ശിശുക്കള്‍ എന്‍റെ അടുത്തുവരുവാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല" (ലൂക്കാ 18, 16). വീണ്ടും അവിടുന്ന് പറയുന്നുണ്ട്, "നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെയാകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല" (മത്തായി 18, 4).

കുട്ടികളില്‍ നമുക്ക് യേശുവിനെ കാണുവാനാകുമോ?
"എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നവന്‍ ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും" (മത്തായി 18, 6).
ലോകത്തില്‍ ചൂഷണംചെയ്യപ്പെട്ട കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുവഴി നാം സത്യമായും യേശുവിന്‍റെ ഹൃദയത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ്. അവിടുത്തെ ഹിതമിതാണ്: ഈ കുഞ്ഞുങ്ങളില്‍ ഒരുവന്‍പോലും നശിക്കുവാന്‍ ഇടയാവരുത്.


വിചിന്തനം : നമുക്കെങ്ങിനെ ഒരു കുഞ്ഞിനെ ചൂഷണംചെയ്യപ്പെടലില്‍നിന്ന് മോചിക്കാവും?

പ്രാര്‍ത്ഥന :
പരിശുദ്ധ മറിയമേ, അമ്മേ, അങ്ങേ വിമലഹൃദയം വിജയിക്കുമെന്ന്, ഫാത്തിമായിലെ കുട്ടികളോടു വാഗ്ദാനം ചെയ്തുവല്ലോ. ഈ ലോകത്തില്‍ വിദ്വേഷത്തിനുമേല്‍ സ്നേഹം വിജയിക്കട്ടെ, ഭിന്നതയുടെമേല്‍ സൗഹൃദം വളരട്ടെ, അക്രമത്തിനുമേല്‍ സമാധാനവും വാഴട്ടെ. ദിവ്യകുമാരനെ വഹിച്ച അങ്ങേ മാതൃസ്നേഹത്താല്‍, ദൈവസ്നേഹത്തില്‍ വളരുവാന്‍ ഞങ്ങളെ സഹായിക്കണമേ.
ഈ ലോകത്ത് ക്ലേശങ്ങളനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് മാദ്ധ്യസ്ഥം വഹിക്കണമേ. യേശു അവരെ സമാശ്വസിപ്പിക്കുകയും, ആരോഗ്യവും സമാധാനവും നല്കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. എല്ലാറ്റിനുമുപരിയായി ദൈവത്തിന്‍റെ അനന്തമായ സ്നേഹം ഞങ്ങളെന്നും ആസ്വദിക്കുവാന്‍ ഇടയാക്കുകയും ചെയ്യണമേ.
(A prayer that His Holiness Benedict XVI used at Caritas Hospital, Bethlehem, 2009).







All the contents on this site are copyrighted ©.