2009-12-05 15:21:03

വിശുദ്ധ നാട്ടില്‍ നിന്നുള്ള ക്രൈസ്തവരുടെ കുട്ടപ്പലായനം ആശങ്കാകാരണമെന്ന്, കര്‍ദ്ദിനാള്‍ ജോണ്‍ ഫോളി.


ക്രൈസ്തവ യഹുദ ഇസ്ലാം മതങ്ങള്‍ക്ക് വളരെ പാവനമായ വിശുദ്ധനാട്ടില്‍ നിന്നുള്ള ക്രൈസ്തവരുടെ കുട്ടപ്പലായനം ക്രൈസ്തവലോകം മുഴുവനും ആശങ്കാവിഷയമാണെന്ന് കര്‍ദ്ദിനാള്‍ ജോണ്‍ ഫോളി വിലപിക്കുന്നു. നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയിലെ ഒരു ദൈവവിജ്ഞാനീയ പീഠത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന വിശുദ്ധനാട്ടില്‍ നിന്നുള്ള ക്രൈസ്തവരുടെ കുട്ടപ്പാലയനം - സ്ഥിരമായ സമാധാനത്തിന് ഒരു വെല്ലുവിളി എന്ന വിഷയത്തെ അധികരിച്ച അന്താരാഷ്ട്രസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ജറുസലെമിലെ തിരുക്കല്ലറയുടെ മാടമ്പികളെന്ന സമൂഹത്തിന്‍െറ ജനറല്‍ മാസ്റ്ററായ കര്‍ദ്ദിനാള്‍ ഫോളി. അറുപത് വര്‍ഷം മുന്‍പ് വിശുദ്ധ നാട്ടിലെ ജനതയില്‍ ഇരുപതു ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് രണ്ടു ശതമാനമായി താണിരിക്കുന്നു. അതിന്‍െറ വിവിധകാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു- വിശുദ്ധ നാട്ടില്‍ മുസ്ലിങ്ങള്‍ അനുദിനമെന്നോണം വര്‍ദ്ധിക്കുന്നത് ഇസ്രായേല്‍ സര്‍ക്കാരിന് ഒരു വലിയ ആശങ്കയാണ്. ഇന്ന് അവിടെ യഹുദര്‍ അല്ലാത്ത എല്ലാ മതസ്ഥര്‍ക്കും അതിനാല്‍ സര്‍ക്കാര്‍ രണ്ടാം കിടയിലുള്ള പൗരത്വമേകുന്ന പ്രവണതയാണ് കാണുന്നത്. അതെ സമയം ക്രൈസ്തവ വിദ്യാഭ്യാസത്തെ പറ്റി എല്ലാവര്‍ക്കും വലിയ മതിപ്പാണ്. ജോര്‍ദാന്‍, പാലസ്തീന്‍, ഇസ്രായേല്‍ പ്രദേശങ്ങളിലെ നേതാക്കന്മാര്‍ കത്തോലിക്കാ വിദ്യാലയങ്ങളെ- സഹകരണത്തിന്‍െറയും, പരസ്പരധാരണയുടെയും, ആദരവിന്‍െറയും ചൈതന്യം വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വലിയ പ്രത്യാശയുടെയും, സമാധാനത്തിന്‍െറയും കേന്ദങ്ങളെന്ന് പ്രശംസിച്ചതിനെ കര്‍ദ്ദിനാള്‍ ഉദ്ധരിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.