2009-12-05 15:22:53

അന്താരാഷ്ട്രസമൂഹം തത്വങ്ങള്‍ പ്രഖ്യാപിക്കുന്നതിനു ഉപരി അവയുടെ സാക്ഷാല്‍ക്കാരത്തിനു് ഊന്നല്‍ നല്‍കണം, ബിഷപ്പ് ജോര്‍ജ്ജിയോ ബെര്‍ത്തി.


 അന്താരാഷ്ട്രസമൂഹം തത്വങ്ങള്‍ പ്രഖ്യാപിക്കുന്നതു കൊണ്ടു മാത്രം തൃപ്തിപ്പെടാതെ അവ പ്രവര്‍ത്തിപഥത്തിലാക്കുന്നതിനായുള്ള ശ്രമത്തിലേയ്ക്ക് നീങ്ങണമെന്ന്, ആഫ്രിക്കന്‍ രാജ്യമായ സോമാലിയയിലെ മൊഗാദിഷ്യു രുപതയുടെ അഡ്മിനിസ്റ്റര്‍ ബിഷപ്പ് ജോര്‍ജ്ജിയോ ബെര്‍ത്തി. സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷ്യുവിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അവിടത്തെ മുന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ പതിന്നാലു പേര്‍ കൊല്ലപ്പെട്ടതിനെ അധികരിച്ച് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍സംഘത്തിന്‍െറ മുഖപത്രമായ ഫീദസിനു് അനുവദിച്ച ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോമാലിയായില്‍ സമാധാനവും, നിയമവാഴ്ചയും സംസ്ഥാപിതമാകുന്നതിന് സംയുക്ത പരിശ്രമം പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെയും, ആഫ്രിക്കന്‍ യൂണിയന്‍െറയും, അറബ് ലീഗിന്‍െറയും, ഇസ്ലാമിക് ലീഗിന്‍െറയും, കിഴക്കന്‍ആഫ്രിക്കയുടെ വികസനാര്‍ത്ഥമുള്ള സംഘടനയുടെയും സംയുക്ത പരിശ്രമം ആവശ്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദികളുടെ സങ്കേതമായി മാറിയിരിക്കുകയാണെന്ന് പാശ്ചാത്യ ലോകം അപലപിക്കുന്ന ആ നാട്ടിലെ ഭൂരിഭാഗവും ഇസ്ലാമിസ്റ്റ് ഒളിപ്പോരാളികളുടെ നിയന്ത്രണത്തിലാണ്. വിദേശ തീവ്രവാദികളും അവിടെ ധാരാളമായി എത്തുന്നു. അരാജകത്വം നടമാടുന്ന സോമാലിയയില്‍ പ്രസിഡന്‍റ് ഷേക്ക് ഷരീഫ് അഹമ്മദിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ചുരുക്കം സ്ഥലങ്ങളിലേ നിയന്ത്രണമുള്ളൂ.







All the contents on this site are copyrighted ©.