2009-12-01 09:34:30

ആഗമനകാലാചരണത്തിന് പാപ്പാ തുടക്കമിട്ടു


വത്തിക്കാന്‍, 28 നവംമ്പര്‍ 2009
സഭ ഓരോ വര്‍ഷവും ആഗമനകാലത്തിന്‍റെ ആരാധനക്രമത്തിലൂടെ മിശിഹായെപ്പറ്റിയുള്ള പൂര്‍വകാല പ്രതീക്ഷയെ സന്നിഹിതമാക്കുന്നു. രക്ഷകന്‍റെ പ്രഥമാഗമനത്തിനുവേണ്ടിയുള്ള ദീര്‍ഘമായ തയ്യാറെടുപ്പില്‍ പങ്കുചേര്‍ന്നുകൊണ്ട് വിശ്വാസികള്‍ അവിടുത്തെ ദ്വിതീയാഗമനത്തിനുവേണ്ടിയുള്ള തീവ്രമായ ആഗ്രഹം ഇക്കാലഘട്ടത്തില്‍ നവീകരിക്കുകയും ചെയ്യുന്നു. യേശുവിന്‍റെ മുന്നോടിയായ യോഹന്നാന്‍റെ ജനനവും രക്തസാക്ഷിത്വവും ഈ ആരാധനക്രമ കാലത്തില്‍ ഘോഷിച്ചുകൊണ്ട്, സഭ യോഹന്നാന്‍റെ ആഗ്രഹത്തോട് ഐക്യപ്പെടുകയും ചെയ്യുന്നു, "അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം" (ജോണ്‍ 3, 30).

ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നവംമ്പര്‍ 28, ശനിയാഴ്ച വൈകുന്നേരം 5ന് വിശ്വാസ സമൂഹത്തോടുചേര്‍ന്ന് പരമ്പരാഗതവും ആഘോഷപൂര്‍ണ്ണവുമായ ആഗമനകാലത്തിലെ ഒന്നാം ഞായറാഴ്ചയുടെ സായാഹ്നപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് ആരാധനക്രമത്തിന്‍റെ പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിച്ചു. പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ തെസലോണിയര്‍ക്കെഴുതിയ ആദ്യലേഖനഭാഗം ഉദ്ധരിച്ചുകൊണ്ട് വിശ്വാസികളെ ആഗമനകാലത്തിന്‍റെ അരൂപിയീലേയ്ക്ക് മാര്‍പാപ്പ സ്വാഗതംചെയ്തു.
"സമാധാനത്തിന്‍റെ ദൈവം നിങ്ങളെ ഇക്കാലഘട്ടത്തില്‍ പൂര്‍ണ്ണമായി വിശുദ്ധീകരിക്കട്ടെ! നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍ നിങ്ങളുടെ ആത്മാവും ജീവനും ശരീരവും അവികലവും പൂര്‍ണ്ണവുമായിരിക്കുവാന്‍ ഇടയാവട്ടെ!" (1തെസലോണിയര്‍ 5, 23).
പൗലോസ് അപ്പസ്തോലന്‍ ഉപയോഗിച്ച പ്രത്യാഗമനം (Advent) എന്ന വാക്കിനെ ആധാരമാക്കി പാപ്പാ ഉദ്ബോധനം തുടര്‍ന്നു.
ആ വാക്കിന് മൂലത്തില്‍ വരവെന്നും സാന്നിദ്ധ്യമെന്നും അര്‍ത്ഥമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. അനുദിന ജീവിത സംഭവങ്ങളില്‍‍ അവിടുത്തെ സ്നേഹം പങ്കുവയ്ക്കുവാന്‍ ദൈവം നമ്മിലേയ്ക്ക് വരുന്നുണ്ട്. ആ സ്നേഹസാന്നിദ്ധ്യം അംഗീകരിക്കുവാനും അവിടുത്തെ സ്വീകരിക്കുവാനും ഉതകുന്ന ഏകാന്തതയും ശാന്തതയും നമുക്കുണ്ടാവണം. പലപ്പോഴും ഈ ദൈവത്തിന്‍റെ സാന്നിദ്ധ്യവും മറികടക്കുന്ന ബഹളത്തിലും ഉല്ലാസപരിപാടികളിലുമാണ് നമ്മള്‍ ജീവിക്കുന്നത്. ദൈവത്തിന്‍റെ വരവിനായ് നമുക്ക് കാതോര്‍ക്കാം. ദൈവാഗമനത്തിന്‍റെ ചിന്തകളില്‍ വളര്‍ന്നെങ്കില്‍ മാത്രമേ ഈ സമയവും ചരിത്രവും നമുക്ക് രക്ഷയുടെ സ്വീകാര്യകാലമായിട്ട് മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും കഴിയുകയുള്ളൂ, എന്നും മാര്‍പാപ്പ പത്രോസിന്‍റെ ബസിലിക്കായില്‍ നിറഞ്ഞുനിന്ന വിശ്വാസസമൂഹത്തെ അനുസ്മരിപ്പിച്ചു.

ആഗമനകാലം നിത്യതയുടെ പ്രത്യാശനല്കുന്ന ഒരു കാലഘട്ടമാണ്. അതുകൊണ്ടുതന്നെ അത് ഈ ലോകത്തിന്‍റെ വേദനകള്‍ക്കോ യാതനകള്‍ക്കോ മായ്ച്ചുകളയാനാവാത്ത സന്തോഷത്തിന്‍റെ കാലഘട്ടമായും മാറും. ദൈവം ഒരു ശിശുവായി, മനുഷ്യനായി നമ്മോടൊത്തു വസിച്ചു, എന്ന ചിന്ത സന്തോഷം പകരുന്നു.
ഹൃദയത്തിലുള്‍ക്കൊളളാവുന്ന ആ സന്തോഷം ഇനിയും നമുക്ക് ജീവിതത്തില്‍ മുന്നോട്ടു ചരിക്കുവാന്‍ ശക്തിപകരട്ടെ. ഈ ദൈവിക ശിശുവിനെ ലോകത്തിനു നല്കിയ പരിശുദ്ധ കന്യകാമറിയം ഈ ആഗമനകാലം അല്ലെങ്കില്‍ മംഗളവാര്‍ത്തക്കാലം ശ്രദ്ധയോടും ഭക്തിയോടുംകൂടെ ചെലവഴിക്കുവാന്‍ നമുക്ക് മാതൃകയും പ്രചോദനവും നല്കട്ടെ, എന്നും മാര്‍പാപ്പ ആശംസിച്ചു.







All the contents on this site are copyrighted ©.