2009-12-01 12:21:46

അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളില്‍
മാര്‍പാപ്പ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസിന് സന്ദേശമയച്ചു


30 നവംമ്പര്‍ 2009
സമ്പൂര്‍ണ്ണ ഐക്യത്തിനായുള്ള പരിശ്രമങ്ങള്‍ തുടരുന്നതോടൊപ്പം സഭകള്‍ മനുഷ്യകുലത്തിന്‍റെ നന്മയ്ക്കായ് ഉത്തരവാദിത്വത്തോടെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. നവംമ്പര്‍ 30ന് ഈസ്താംബൂളിലെ ഫാനാര്‍ കത്തീദ്രല്‍ ദേവാലയത്തില്‍ ഓര്‍ത്തഡോക്സ് സഭ ആഘോഷിക്കുന്ന അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാളിന് പതിവുപോലെ അവിടത്തെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമനയച്ച സന്ദേശത്തിലാണ് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ ഈ അഭ്യര്‍ത്ഥന നടത്തിയത്.

മനുഷ്യാന്തസ്സു മാനിക്കുന്നതിനും അടിസ്ഥാന ധാര്‍മ്മിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും, നീതിയും സമാധാനവും പരിപോഷിപ്പിക്കുന്നതിനും, ഇന്നും ലോകത്തെ അസ്വസ്ഥമാക്കുന്ന വിശപ്പ്, ദാരിദ്ര്യം, നിരക്ഷരത, ഭൂവിഭവങ്ങളുടെ അനീതിപരമായ വിതരണത്തോടുള്ള പ്രതികരണം എന്നിവയിലൂടെ പൊതുവായ ക്രൈസ്തവ സാക്ഷൃത്തിന്‍റെ അരൂപിയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ഉത്തരവാദിത്വത്തിലേയ്ക്ക് മനുഷ്യരാശിയുടെ ശ്രദ്ധതിരിക്കുവാന്‍ ഇരുസഭകള്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാനാവുമെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പ്രത്യാശപ്രകടിപ്പിച്ചു. ദൈവത്തിന്‍റെ ദാനമായ സൃഷ്ടിജാലങ്ങളോടുള്ള ആദരവും ആഗോള സൗഹൃദവും വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും ബര്‍ത്തലോമിയോ പ്രഥമന്‍ വിളിച്ചു കൂട്ടിയ പരിസ്ഥിതിയും ശാസ്ത്രവും മതവും എന്ന അന്തര്‍ദേശിയ ചര്‍ച്ചായോഗങ്ങളും, ഇതുമായി ബന്ധപ്പ‍െട്ട് അമേരിക്കയിലെ പ്രമുഖ രാഷ്ടീയ സാംസ്കാരിക ആത്മീയ പ്രമുഖരുമായും നടത്തിയ കൂടിക്കാഴ്ചകളും സന്ദേശത്തില്‍ മാര്‍പാപ്പ അനുസ്മരിക്കുകയും ശ്ലാഘിക്കുകയും ചെയ്തു.
പാത്രിയേര്‍ക്കേറ്റിന്‍റെ മദ്ധ്യസ്ഥനായ അന്ത്രയോസ് അപ്പസ്തോലന്‍ എപ്രകാരം വിശ്വാസസാക്ഷൃത്തിനായി ജീവന്‍ സമര്‍പ്പിച്ചുവോ,
അതുപോലെ അവിടത്തെ ക്രൈസ്തവസമൂഹത്തിനും വൈദികര്‍ക്കും പരിശുദ്ധ സിനഡിനും ബര്‍ത്തലോമിയോ പ്രഥമന്‍റെ അജപാലന സംരക്ഷണയില്‍, പ്രതിസന്ധികളുടെ ഇക്കാലയളവില്‍ യേശു ക്രിസ്തുവിന്‍റെ സുവിശേഷത്തിന് സാക്ഷൃംവഹിക്കാനാവട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു.
പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ചു ക്രൈസ്തവൈക്യ- കാര്യങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പറിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈസ്താംബൂളിലെ തിരുനാളില്‍ പങ്കെടുക്കുന്നുണ്ട്.







All the contents on this site are copyrighted ©.