2009-11-25 17:20:10

സത്യത്തിലധിഷ്ഠിതമായ സ്നേഹം നവമാനവീകതയ്ക്ക് -കര്‍ദ്ദിനാള്‍ ബര്‍ത്തോണേ


24 നവംമ്പര്‍ 2009
ഇന്നത്തെ സമൂഹ്യ-സാമ്പത്തിക പ്രതിസന്ധിയില്‍ സത്യത്തിലധിഷ്ഠിതമായ സ്നേഹം നവമാനവീകതയ്ക്ക് വഴിതെളിക്കുമെന്ന് വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, നവംമ്പര്‍ 24ന് റോമിലുള്ള യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ പുതിയ അദ്ധ്യയനവര്‍ഷത്തിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പ്രസ്താവിച്ചു. മൂന്നാം സഹസ്രാബ്ദത്തിന്‍റെ സാമൂഹ്യ-സാമ്പത്തിക സങ്കീര്‍ണ്ണതയും ബഹുലതയും മനസ്സിലാക്കി ഇന്നു നാം സത്യവും സ്നേഹവും എന്താണെന്ന് ശരിയായി പഠിക്കേണ്ടതാണെന്നും, ഓരോ വ്യക്തിയുടെയും മനുഷ്യരാശിയുടെ തന്നെയും ആധികാരികമായ വികസനത്തിന്‍റെ പിന്നിലെ ചാലകശക്തി ക്രിസ്തു പഠിപ്പിച്ച സത്യത്തതിലധിഷ്ഠിതമായ സ്നേഹമാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണേ ഉത്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. സത്യത്തില്‍ ഊന്നിയുള്ള സ്നേഹം മാത്രമേ ശരിയായി പ്രകാശിക്കുകയുള്ളൂ എന്നും, സ്നേഹം ആധികാരികമായി ജീവിക്കണമെങ്കിലും സത്യത്തിന്‍റെ പശ്ചാത്തലത്തിലേ സാധിക്കുകയുള്ളൂ എന്നും കര്‍ദ്ദിനാള്‍ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉദ്ബോധിപ്പിച്ചു.

സ്നേഹത്തിന് അര്‍ത്ഥവും മൂല്യവും നല്കുന്ന വെളിച്ചമാണ് സത്യം. സ്വാര്‍ത്ഥതയാല്‍ വികൃതമാക്കപ്പെടുന്ന സ്നേഹം, സത്യംകൊണ്ടു മാത്രമേ സ്വതന്ത്രമാക്കപ്പെടുകയുള്ളൂ എന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ Cartitas in Veritate സത്യത്തില്‍ സ്നേഹം എന്ന നവയുഗപ്രസക്തമായ ചാക്രികലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി പ്രസ്താവിക്കുകയുണ്ടായി. മനുഷ്യന്‍ ഒരു സൃഷ്ടി എന്ന നിലയില്‍ അറിവിലും അവന്‍റെ കഴിവിലും അടിസ്ഥാനപരമായി സത്യവും സ്നേഹവുമായ ദൈവത്തെ അന്വേഷിക്കേണ്ടതാണ്. വിശുദ്ധ ഗ്രന്ഥത്തിലാണ് ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി തരുന്നത്. സത്യംനിറഞ്ഞ സ്നേഹത്തെ അതിന്‍റെ മൂല്യസമ്പന്നതയില്‍ കാണിച്ചു തരുന്നതും പ്രകടമാക്കുന്നതും വചനം മാംസംധരിച്ച ക്രിസ്തുവാണെന്നും, അദ്ദേഹം ഉത്ഘാടന സന്ദേശത്തില്‍ അനുസ്മരിപ്പിക്കുകയുണ്ടായി.







All the contents on this site are copyrighted ©.