2009-11-21 17:49:39

സഭ ആദ്യം മുതല്‍ തന്നെ കലയുടെ മുല്യത്തെ അംഗീകരിക്കുന്നുവെന്ന് പാപ്പാ.


ആദ്യം മുതല്‍ കലയുടെ മൂല്യം അംഗീകരിക്കുന്ന ക്രൈസ്തവമതം രക്ഷയുടെ സന്ദേശം വിവിധങ്ങളായ രൂപങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ അതിനെ വിവേകപൂര്‍വ്വം ഉപയോഗിക്കുകയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ശനിയാഴ്ച വത്തിക്കാനിലെ സിസ്റ്റയിന്‍ കപ്പേളയില്‍ കലാലോകവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ. വിശ്വാസത്തിന്‍റെയും, മനുഷ്യ രചനാത്മകതയുടെയും ശ്രീകോവിലെന്ന് സിസ്റ്റയിന്‍ കപ്പേളയെ വിശേഷിപ്പിച്ച പരിശുദ്ധ പിതാവ് മൈക്കള്‍ ആഞ്ചലോ വരച്ച അന്ത്യവിധിയുടെ ചിത്രത്തെ പരാമര്‍ശ വിഷയമാക്കിക്കൊണ്ടു പറഞ്ഞു - ആ ചിത്രത്തിന്‍റെ, അതിലെ നിറങ്ങളുടെ, രൂപങ്ങളുടെ, മനോഹാരിത പ്രത്യാശയുടെ ഒരു പ്രഘോഷണമാണ്, ആത്യന്തിക ചക്രവാളത്തിലേയ്ക്ക് നോട്ടങ്ങള്‍ ഉയര്‍ത്തുവാനുള്ള ഒരു ക്ഷണമാണ്. കല, മാനവ അവബോധങ്ങളുടെയും ഭാവനയുടെയും ചക്രവാളങ്ങള്‍ വിപുലമാക്കി അപരിമേയതയുടെ അഗാധങ്ങളുമായി നമ്മെ മുഖാഭിമുഖം കൊണ്ടുവരുന്നതിനാല്‍ ദൈവത്തിങ്കയിലേയ്ക്ക് അത് നമ്മെ ആനയിക്കും നിങ്ങളാണ് സൗന്ദര്യത്തിന്‍റെ പരിരക്ഷകര്‍. മനുഷ്യഹൃദയങ്ങളോട് സംസാരിക്കുവാന്‍, വ്യക്തികളുടെയും സമൂഹങ്ങളുടെയും സംവേദനക്ഷമതയെ സ്പര്‍ശിക്കുവാന്‍, സ്വപ്നങ്ങളും പ്രത്യാശയും ഉണര്‍ത്തുവാന്‍, വിജ്ഞാനത്തെയും മാനവയത്നങ്ങളെയും വിപുലമാക്കുവാന്‍ നിങ്ങള്‍ക്കു അവസരമുണ്ട്. ആ അതുല്യദാനങ്ങള്‍ക്കായി കൃതജ്ഞതയുള്ളവരായിരിക്കുക. സൗന്ദര്യം പകര്‍ന്നുനല്‍കുവാനുള്ള, സൗന്ദര്യത്തില്‍ സൗന്ദര്യത്തിലൂടെ അത് പകര്‍ന്നു നല്‍കുവാനുള്ള നിങ്ങളുടെ വലിയ ഉത്തരവാദിത്വത്തെപറ്റി അവബോധമുള്ളവരാകുക. നിങ്ങളുടെ കലാസൃഷ്ടിയിലൂടെ നിങ്ങള്‍ മാനവകുലത്തിനായുള്ള പ്രത്യാശയുടെ സംവാഹകരും, സാക്ഷികളും ആകുകയാണ്. സൗന്ദര്യത്തിന്‍റ‍െ ആദ്യത്തെയും അവസാനത്തെയും ആയ സ്രോതസ്സിനെ സമീപിക്കുവാന്‍, അപരിമേയമായ സൗന്ദര്യം ലക്ഷൃംവച്ച് ഈ ലോകത്തിലും ചരിത്രത്തിലും തീര്‍ത്ഥാടനം ചെയ്യുന്നവരാണെന്ന് നിങ്ങളെപ്പോലെത്തന്നെ അഭിമാനിക്കുന്ന വിശ്വാസികളോട് സംവാദത്തില്‍ എര്‍പ്പെടുവാന്‍ ഭയപ്പ‍െടരുത്. നിങ്ങളുടെ പ്രതിഭയില്‍ നിന്നോ, കലയില്‍ നിന്നോ വിശ്വാസം ഒന്നും നീക്കിക്കളയില്ല. മറിച്ച് അവയെ ശ്രേഷ്ഠമാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വിശ്വാസം ഇന്നിനെ പ്രകാശിപ്പിക്കുകയും, മനോഹരമാക്കുകയും ചെയ്യുന്ന ഒരിക്കലും അസ്തമിക്കാത്ത നിത്യസൂര്യനാകുന്ന ആത്യന്തികവും നിര്‍ണ്ണായകവും ആയ ലക്ഷൃത്തെ തീക്ണതയോടും സന്തോഷത്തോടും കുടെ വിചിന്തനം ചെയ്യുവാനും, ഭാവിയുടെ ഉമ്മറപടി കടക്കുവാനും ധൈര്യം പകരും. സൗന്ദര്യത്തെ സ്നേഹിക്കുകയും, അതിനെ പ്രകീര്‍ത്തിക്കുകയും ചെയ്ത വിശുദ്ധ അഗസ്തീനോസ് മനുഷ്യന്‍െറ ആത്യന്തിക ഭാഗധേയത്വത്തെ സംബന്ധിച്ച വിചിന്തത്തില്‍ ഇപ്രകാരം പറയുന്നു - എന്‍െറ സഹോദരരെ ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു ചെവിയും ശ്രവിച്ചിട്ടില്ലാത്തതും, ഒരു മാനവഹൃദയവും ഭാവന ചെയ്തിട്ടില്ലാത്തതുമായ ഒരു ദൃശ്യമാണത്. ലോകത്തിലെ സുന്ദരങ്ങളെന്ന വിശേഷിപ്പിക്കപ്പെടുന്ന സ്വര്‍ണ്ണം, വെള്ളി, ആകാശം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ തുടങ്ങിയ എല്ലാത്തിനെയും അതിശയിക്കുന്നതാണ് ആ ദൃശ്യം കാരണം എല്ലാ സൗന്ദര്യങ്ങളുടെയും ശ്രോതസ്സാണ് അത്. പാപ്പാ ഇപ്രകാരമാണ് തന്‍െറ പ്രഭാഷണം സമാപിപ്പിച്ചത് - പ്രിയ കലാകാരന്മാരെ, ആ ദൃശ്യം നിങ്ങളുടെ കണ്ണുകളിലും, കരങ്ങളിലും, ഹദയങ്ങളിലും ഉണ്ടായിരിക്കട്ടെ. അത് നിങ്ങള്‍ക്ക് ആനന്ദം പകരട്ടെ ,നിങ്ങളുടെ പ്രചോദനമേകട്ടെ.







All the contents on this site are copyrighted ©.