2009-11-19 18:03:42

പാത്രിയാര്‍ക്കീസിന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചിച്ചു


19 നവംമ്പര്‍ 2009
തിങ്കളാഴ്ച കാലംചെയ്ത സെര്‍ബിയായിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് പാവുലേയുടെ ജീവിതം, ധീരമായ വിശ്വാസ സാക്ഷൃവും ആത്മീയ ധീരതയുമായിരുന്നെന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ പ്രത്യേക അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

കര്‍ദ്ദിനാള്‍ ആഞ്ചേലോ സൊദാനോയുടെ നേതൃത്വത്തിലുള്ള പാപ്പായുടെ ഒരു പ്രതിനിധിസംഘം വ്യാഴാഴ്ച ബെല്‍ഗ്രേഡില്‍ നടന്ന പാത്രിയാര്‍ക്കീസിന്‍റെ അന്തിമോപചാര ശുശ്രൂഷയില്‍ പങ്കെടുത്തു.
സെര്‍ബിയായിലെ അപ്പസ്തോലിക്ക് നൂണ്‍ഷ്യോ ഒര്‍ലാന്തോ ആന്‍റോണീനി, ക്രൈസ്തവ കാര്യാലയങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കിഴക്കന്‍ പ്രവിശ്യയുടെ സഹായി ഫാദര്‍ സൊദോക്ക് ഊസ്റ്റ് എന്നിവര്‍ പ്രതിനിധി സംഘത്തില്‍പ്പെടുന്നു.
പത്രിയാര്‍ക്കീസ് പാവുലേയുടെ മരണത്തെത്തുടര്‍ന്ന് താല്ക്കാലികമായി സ്ഥാനാരോപിതനായ ആര്‍ച്ചുബിഷപ്പ് അംഫീലോ ഹീജോയ്ക്കാണ് പാപ്പാ അനുശോചന സന്ദേശമറിയിച്ചത്.

യുദ്ധങ്ങളുടെയും അഭിപ്രായ ഭിന്നതകളുടെയും ഒരു കാലഘട്ടത്തില്‍ ധീരമായ ആത്മീയതയും വിശ്വാസവുംകൊണ്ട് പാത്രിയാര്‍ക്കീസ് പാവുലേ സെര്‍ബിയായിലെ ഓര്‍ത്തഡോക്സ് സമൂഹത്തെ നയിച്ചുവെന്ന് പാപ്പാ സന്ദേശത്തില്‍ അനുസ്മരിച്ചു.
പാത്രിയാര്‍ക്കീസ് പുവുലേയുടെ ഓര്‍മ്മ, ഔദാര്യത്തോടും സമര്‍പ്പണത്തോടുംകൂടെ അദ്ദേഹം ശുശ്രൂഷിച്ച അജഗണത്തിന്, ഈ ജീവിതത്തില്‍ ആത്മീയവളര്‍ച്ചയ്ക്ക് പ്രചോദനമാകുമെന്നും മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.







All the contents on this site are copyrighted ©.