2009-11-18 17:24:23

വിശ്വാസവും കായികവിനോദവും
കായികവിനോദത്തിന് ശ്രദ്ധേയമായ വിദ്യാഭ്യാസ സാദ്ധ്യതകളുണ്ടെന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ


 അല്മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ 2009 നവംമ്പര്‍ 6, 7 തിയതികളില്‍ വിശ്വാസവും കായികവിനോദവും എന്ന വിഷയത്തെ അധികരിച്ച് റോമില്‍ നടന്ന പഠനശിബിരത്തില്‍ പങ്കെടുത്ത ആഗോള പ്രതിനിധി സംഘത്തിന് പരിശുദ്ധ പിതാവ് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ നല്‍കിയ സന്ദേശം.

കായികവിനോദങ്ങള്‍ ഏറെ വിദ്യാഭ്യാസ പ്രാധാന്യമുള്ളതാണ്, പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയില്‍. ഒഴിവുസമയം ചെലവഴിക്കുന്നതിനു മാത്രമല്ല, ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും കായിക വിനോദങ്ങള്‍ സഹായിക്കുന്നു. മനുഷ്യകുലത്തിന്‍റെ പൊതുപൈതൃകത്തില്‍പ്പെട്ട കായിക വിനോദം ധാര്‍മ്മിക പൂര്‍ണ്ണതയ്ക്കും വ്യക്തിവളര്‍ച്ചയ്ക്കും ഉതകുന്ന ഉപാധിയാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നുണ്ട് (Gravissimum
Educationis 4).

കായിക വിനോദത്തെക്കുറിച്ചുള്ള പൊതുവായ ഈ ധാരണ സത്യമാണെങ്കില്‍, പുതിയ തലമുറയ്ക്ക് മാനുഷികവും ക്രിസ്തീയവുമായ രൂപവത്ക്കരണം നല്കുന്ന യുവജനകേന്ദ്രങ്ങളും സ്കൂളുകളും കായികവിനോദ സ്ഥാപനങ്ങളും ഏറെ പ്രസക്തമായി ഇതിനെ കാണേണ്ടതാണ്.
സൂക്ഷ്മമായ ധാര്‍മ്മികബോധത്തോടും അര്‍പ്പണത്തോടുംകൂടെ അഭ്യസിക്കുന്ന കായികവിനോദങ്ങള്‍ ശരിയായ മത്സരബുദ്ധിയും കായികശേഷിയും വളര്‍ത്തുന്നതു കൂടാതെ, മാനുഷികവും ആത്മീയവുമായ മൂല്യങ്ങളുടെ സവിശേഷ പാഠശാലകളായി തീരുകയും, യുവജനങ്ങളില്‍ വ്യക്തിത്വവികാസവും സാമൂഹ്യ പ്രതിബന്ധതയും യാഥാര്‍ത്ഥ്യമാക്കുന്നു.

കായികവിനോദ പ്രവര്‍ത്തനങ്ങള്‍വഴി മാനുഷികവും ആത്മീയവുമായ ഒരു സമ്പൂര്‍ണ്ണ വികസനത്തിനുള്ള വേദിയൊരുക്കിക്കൊണ്ട് സഭ യുവജനങ്ങളുടെ രൂപീകരണത്തിനായി പരിശ്രമിക്കേണ്ടതാണ്. സമഗ്രമായ വ്യക്തിവികാസം ലക്ഷൃമാക്കി കായിക-വിനോദ പരിപാടികള്‍ അറിവും കഴിവുമുള്ള അല്‍മായരും സന്യസ്തരും വൈദികരും കൈകാര്യം ചെയ്യുമ്പോള്‍, യുവജനങ്ങളുടെ വളര്‍ച്ചയില്‍ നിങ്ങള്‍ ശരിയായ വിദ്യാഭ്യാസ പ്രവര്‍ത്തകരും ഗുരുനാഥന്മാരുമായി മാറുന്നു.
യുവതലമുറയെ നന്മയില്‍ വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത ഏറെയുള്ള ഇക്കാലഘട്ടത്തില്‍ കത്തോലിക്കാസഭ ഇനിയും അവരുടെ കായികവിനോദ പരിപാടികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. മത്സരബുദ്ധി, ധൈര്യം, ഉയര്‍ന്ന മാനങ്ങള്‍ തേടാനുള്ള ആഗ്രഹം, എന്നീ നല്ല ലക്ഷൃങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് നീങ്ങുമ്പോഴും,
കായിക വിനോദത്തിന്‍റെ അടിസ്ഥാന സ്വഭാവത്തിനിണങ്ങാത്തതും ശരീരത്തിന് ഹാനികരവുമായ ഉത്തേജക മരുന്നിന്‍റെ ഉപയോഗംപോലുള്ള തിന്മകള്‍ പാടേ ഉപേക്ഷിക്കേണ്ടതാണ്.

കൂട്ടായ രൂപീകരണ പദ്ധതിക്ക് പരിചയസമ്പന്നരായ പരിശീലകരെ കത്തോലിക്കാ നേതാക്കളില്‍നിന്നും സാങ്കേതിക വിദഗ്ദ്ധരില്‍നിന്നും കായിക പ്രവര്‍ത്തകരില്‍നിന്നും തിരഞ്ഞെടുത്ത് വളരുന്ന തലമുറയെ പൂര്‍ണ്ണമായ പക്വതയിലേയ്ക്കു നയിക്കേണ്ടതാണ്. മാനുഷികമായ നന്മകളും ക്രിസ്തീയ ഗുണങ്ങളും അവഗണിക്കാതെയാണ് അവരുടെ കായിക വിനോദശേഷി വളര്‍ത്തിയെടുക്കേണ്ടത്.




ഈ കാഴ്ചപ്പാടിലാണ് അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സഭയും കായികവിനോദവും എന്ന വിഷയത്തെ അധികരിച്ച് പഠനശിബിരം നടത്തുന്നത്. കായിക വിനോദത്തിന്‍റെ ആരോഗ്യകരമായ ഈ ലക്ഷൃങ്ങളെക്കുറിച്ച് സഭയുടെ കീഴിലുള്ള കായികവിനോദ സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും യുവജനകേന്ദ്രങ്ങള്‍ക്കും അവബോധം നല്കേണ്ടതാണ്. കായിക ലോകത്ത് ഇന്നുള്ള അവസരങ്ങള്‍ യുവജനങ്ങളുടെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുവാന്‍ ഈ പദ്ധതി സഹായകമാകട്ടേ എന്നാശംസിക്കുന്നു.
+ ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ
7 നവംമ്പര്‍ 2009, വത്തിക്കാന്‍







All the contents on this site are copyrighted ©.