2009-11-17 15:20:08

 മനുഷ്യജീവന്‍ ഒരു ദാനമാണ് അല്ലാതെ ഒരു ഉല്പന്നമല്ലെന്ന്, പാപ്പാ


മനുഷ്യജീവന്‍ ഒരു ദാനമാണ് അല്ലാതെ ഒരു ഉല്പന്നമല്ലെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഓര്‍മ്മിപ്പിക്കുന്നു. ബ്രസീലിന്‍െറ ദക്ഷിണപ്രദേശത്ത് നിന്ന് ആദ് ലിമിനാ സന്ദര്‍ശനത്തിന് എത്തിയ മെത്രാന്മാരെ വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാനും, അതിനെ ആദരിക്കുവാനും ക്രൈസ്തവവിശ്വാസികളെ പ്രബോധിപ്പിക്കണ്ടതിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടികൊണ്ട് പാപ്പാ തുടര്‍ന്നു- ക്രൈസ്തവികതയില്‍ വേരൂന്നിയ മതാത്മകവികാരങ്ങളും, ഉദാത്തമായ പാരമ്പര്യങ്ങളും ബ്രസീലിലെ ജനതയുടെ പൈതൃകസമ്പത്താണ്. വിശ്വാസികളുടെ മനസ്സാക്ഷിരൂപീകരണം വളരെ പ്രധാനപ്പെട്ടതാണ്. അതിനായുള്ള പരിശ്രമങ്ങളില്‍ ഒരിക്കലും നഷ്ടധൈര്യരാകരുത്. ശരിയായി രൂപീകൃതമായ മനസ്സാക്ഷി മനുഷ്യവ്യക്തിത്വത്തിന്‍െറ സാക്ഷാല്‍ക്കാരത്തിന് അവസരവും, സാധ്യതയും ഏകുന്നതിനാല്‍ അതിനായി സഭ എക്കാലത്തും പ്രതിബദ്ധയാണ്. മനസ്സാക്ഷിയെ ശരിയായ ദിശയില്‍ ഉണര്‍ത്തിയും, നയിച്ചും മനുഷ്യജീവന് എതിരെ ഉയരുന്ന അക്രമത്തെയും, അവണനയെയും കാര്യക്ഷമമായും ഒറ്റക്കെട്ടായും അഭിമുഖീകരിക്കാനാവും. മനുഷ്യജീവന്‍ ഗര്‍ഭധാരണത്തിന്‍െറ ആദ്യനിമിഷം മുതല്‍ സ്വാഭാവികമരണം വരെ ദൈവത്തിന്‍റേതാണ് മനുഷ്യരുടേതല്ലെന്ന യുക്തി പൂര്‍വ്വകമായ വിശ്വാസം അതിന്‍െറ പാവനതയും, ഔന്നിത്യവും വെളിപ്പെടുത്തുന്നതാണ്. അപകടങ്ങളും, ബാദ്ധ്യതകളും മാത്രം കാണുന്ന ദഃഖിതമായ മനസ്സോടെയായിരിക്കരുത് ദൈവികക്കാര്യങ്ങളുടെ വിജയത്തിനായി ശ്രമിക്കുന്നത്. മറിച്ച് ക്രിസ്തുവിന്‍െറ വിജയത്തെ പറ്റി തീര്‍ച്ചയുള്ള, അതിനെ ആശ്രയിക്കാനാവുമെന്ന ബോദ്ധ്യമുള്ള, ആ പ്രത്യാശ മുറുകെ പിടിക്കുന്ന വ്യക്തികളായായിട്ടായിരിക്കണം അതിനായി പ്രതിബദ്ധരാകുവാന്‍ പരിശുദ്ധ പിതാവ് മെത്രാന്മാരെ അനുസ്മരിപ്പിക്കുകയും ചെയ്തു.

 







All the contents on this site are copyrighted ©.