2009-11-13 17:52:46

സമാധാനത്തിന്‍റെ സന്ദേശവാഹകരാകുക


ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ 2009 നവംമ്പര്‍ മാസത്തിലെ പ്രേഷിതനിയോഗത്തെ അധികരിച്ചുള്ള ചിന്തകള്‍
മതങ്ങള്‍ തമ്മിലുള്ള എത്രയോ യുദ്ധങ്ങള്‍ക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട്. ഇത് ഖേദകരമായ ഒരു സത്യമാണ്. കാരണം മതങ്ങള്‍ മനുഷ്യനെ ദൈവത്തിങ്കലേയ്ക്കും, ഒപ്പം മനുഷ്യനിലേയ്ക്കും അടുപ്പിക്കുവാനുള്ള സ്ഥാപനങ്ങളാണ്. ഇന്നത്തെ ലോകത്ത് കണ്ടുവരുന്ന അക്രമപ്രവണതകളെ മതപരമായി വ്യാഖ്യനിക്കരുത്. അവ ഓരോ കാലത്തിലും മനുഷ്യന്‍ ജീവിക്കുയും വളരുകയും ചെയ്യുന്ന സാംസ്കാരിക പരിമിതികളില്‍നിന്ന് വളര്‍ന്നുവന്നതാണെന്ന് മനസ്സിലാക്കണം. മതാത്മകബോധം അതിന്‍റെ പക്വതയിലെത്തുമ്പോള്‍ എല്ലാവരുടെയും സ്രഷ്ടാവും പിതാവുമായ ഏകദൈവത്തിലുള്ള വിശ്വാസത്തില്‍ മനുഷ്യന്‍ എത്തിച്ചേരും. അങ്ങിനെ മനുഷ്യരുടെ ഇടയിലുണ്ടാകേണ്ട ഒരു മാനവ സാഹോദര്യ മൈത്രി അംഗീകരിക്കപ്പെടും.
ദൈവവും മനുഷ്യനുമായുള്ള അഭേദ്യമായ ആത്മീയബന്ധമാണ് എല്ലാ മതങ്ങളും വ്യാഖ്യാനിക്കുകയും പ്രബോധിപ്പിക്കുകയും ച‍െയ്യുന്നത്. അതാണ് മതങ്ങളുടെ വിശ്വാസ പാരമ്പര്യം.

ദൈവദാസനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ ഫ്രാന്‍സീസിന്‍റ‍െ പട്ടണമായ ഇറ്റലിയിലെ അസ്സീസിയില്‍ സംഘടിപ്പിച്ച 1986-ലെയും 2002-ലെയും സര്‍വ്വമതസമ്മേളനങ്ങള്‍ ലോകസമാധാനവും മാനവീയതയുടെ ഐക്യവും സ്ഥാപിക്കുന്നതില്‍ പ്രാര്‍ത്ഥനയ്ക്കുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് മനസ്സിലാക്കിത്തരുന്നു.

സമാധാനമെന്ന മൂല്യത്തില്‍ ഒത്തിരി ഘടകങ്ങള്‍ കേന്ദ്രീകൃതമായിരിക്കുന്നു. സമാധാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക ക്രമങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഏറ്റവും ആദ്യം മനുഷ്യഹൃദയത്തിലാണ് സമാധാനം വളരേണ്ടത്. കാരണം സമാധാനത്തെ പോഷിപ്പിക്കുകയും, ഭീതിപ്പെടുത്തുകയും ബലഹീനമാക്കുകയും, അല്ലെങ്കില്‍ ഞെരുക്കിക്കളയുകയും ചെയ്യുന്ന വികാരങ്ങള്‍ വിടരുന്നത് മനുഷ്യഹൃദയത്തിലാണ്. സ്വാര്‍ത്ഥതയുടെ സങ്കുചിത മനോഭാവം വളര്‍ത്തുന്ന മനുഷ്യയാതനകളും തെറ്റിദ്ധാരണകളും അക്രമങ്ങളിലേയ്ക്കാണ് മനുഷ്യനെ വഴിതിരിക്കുന്നത്. അങ്ങിനെയുള്ളൊരു ലോകത്ത് സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്. അതിനായി നാം പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്.

സമൂഹത്ത‍െ നശിപ്പിക്കുന്ന നീചമായ സംഘട്ടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും, അനിര്‍വാര്യമായ പരിഹാരം സംവാദമാണ്. ലോകത്തെ സമാധാനത്തിലേയ്ക്കും, സാഹോദര്യത്തിലേയ്ക്കും നയിക്കുവാനുള്ള മാര്‍ഗ്ഗവും അതുതന്നെയാണ്.
വിവിധ സംസ്ക്കാരങ്ങളും വര്‍ഗ്ഗക്കാരും തമ്മിലുണ്ടാകുന്ന അക്രമാസ്ക്തമാകുന്ന, എന്നാല്‍ ഒരു ഫലവുമില്ലാത്ത സംഘര്‍ഷങ്ങള്‍ ഉപേക്ഷിച്ച് സമാധാനപൂര്‍ണ്ണമായ ഒരു സമൂഹം വളര്‍ത്തിയെടുക്കാന്‍ സഹായിക്കേണ്ടത് നല്ല മനസ്സുള്ള ഒരോ വ്യക്തിയുടേയും വിശ്വാസിയുടേയും കടമയാണ്.
തങ്ങളുടെ ആത്മീയവും സാംസ്ക്കാരികവും ധാര്‍മ്മികവുമായ മുല്യങ്ങളും, നന്മകളും മനുഷ്യകുലത്തിന്‍റെ പൊതുവായ നന്മയ്ക്കുവേണ്ടി പങ്കുവയ്ക്കുക ഒരോ രാജ്യത്തെയും ജനങ്ങളുടെ ഉത്തരവാദിത്വമാണ്.




വിവിധ മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണത ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ദൈവത്തിന്‍റേയും വിശ്വാസത്തിന്‍റെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ വകവരുത്തുന്ന അവസ്ഥയുണ്ടാകുന്നത് ഏറെ ഖേദകരമാണ്. ഒരിക്കലും ദൈവനാമം കൊലയ്ക്കും കൊലപാതകത്തിനും ഉപയോഗിക്കരുതെന്ന് മാര്‍പാപ്പ ഈ പ്രേഷിതനിയോഗത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ദൈവനാമം സമാധാന സംവാഹിയാണ്. ദൈവത്തിന്‍റെ പേരില്‍ മതങ്ങള്‍ തമ്മില്‍ കലഹിച്ച് പല കൂട്ടക്കുരുതികളും ലോകത്തു നടന്നിട്ടുണ്ട്. മതങ്ങള്‍ സംരക്ഷിക്കുന്നു എന്നു പറയുന്ന, ആദര്‍ശങ്ങള്‍ക്കു വിരുദ്ധമായി മതങ്ങള്‍തന്നെ ഉയര്‍ത്തുന്ന തിന്മയുടെ മനോഭാവമാണ് മതമൗലികവാദം.
സത്യമായും ദൈവാത്മാവിന്‍റെ സ്വരം ശ്രവിക്കുന്നവര്‍ ഏതു മതത്തില്‍പ്പെട്ടവരായാലും അവര്‍ സമാധാന കാംക്ഷികളായിരിക്കും. പീഡിപ്പിക്കപ്പെട്ടാലും വ്യാജമായി കുറ്റമാരോപിക്കപ്പെട്ടാലും, ക്രിസ്തു പഠിപ്പിച്ചതുപോലെ ശത്രുവിനെ സ്നേഹിക്കുവാന്‍ അവര്‍ സന്നദ്ധരായിരിക്കും. ദൈവമേ, ഞങ്ങളെ അങ്ങേ സമാധാനദൂതരാക്കേണമേ, എന്നു പ്രാര്‍ത്ഥിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനോടു ചേര്‍ന്ന് ലോകസമാധാനത്തിനുവേണ്ടി നമുക്കും പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം.
പ്രാര്‍ത്ഥിക്കുന്ന മനുഷ്യര്‍ ഒന്നുചേര്‍ന്ന് ലോകത്തിനു നല്കുന്നത് സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സാക്ഷൃവും സന്ദേശവുമാണ്. പ്രാര്‍ത്ഥന മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല, മറിച്ച് അനുരഞ്ജനപ്പെടുത്തുകയും സ്നേഹത്തില്‍ ഒന്നിപ്പിക്കുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.