2009-11-13 17:47:05

പ്രപഞ്ചസൃഷ്ടി സംരക്ഷിക്കപ്പെടണം


ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുടെ നവംമ്പര്‍ (2009) മാസത്തിലെ പ്രാര്‍ത്ഥനാനിയോഗത്തെ
ആധാരമാക്കിയുള്ള ചിന്തകള്‍
ഈ പ്രപഞ്ചം ദൈവത്തിന്‍റെ സൃഷ്ടിയാണ്. അത് എല്ലാവര്‍ക്കുമായി നല്കപ്പെട്ടിരിക്കുന്ന ദൈവികദാനമാണ്. അതില്‍ അന്തര്‍ലീനമായ ഒരു ക്രമമുണ്ട്. സൃഷ്ടിയില്‍ ദൈവം സംവിധാനം ചെയ്തിരിക്കുന്ന സന്തുലിതാവസ്ഥയെ മാനിച്ചുകൊണ്ട് മനുഷ്യന്‍റെ ന്യായമായ ആവശ്യങ്ങള്‍ക്ക് പ്രകൃതിസമ്പത്ത് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് സൃഷ്ടിയെ അല്ലെങ്കില്‍ പരിസഥിതിയെ സംരക്ഷിക്കുക എന്നത് സ്രഷ്ടാവായ ദൈവത്തോടുള്ള മനുഷ്യന്‍റെ കടപ്പാടാണ്.

പരിസ്ഥിതിയുടെ സംരക്ഷണം, അതിന്‍റെ സുസ്ഥിരമായ വികസനം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം എന്നിവ ഇന്ന് മനുഷ്യകുലത്തിന്‍റെ ഏറെ ഉത്കണ്ഠാജനകമായ പ്രശ്നങ്ങളാണ്.
മനുഷ്യന്‍റെ സാമൂഹ്യ സാമ്പത്തിക പുരോഗതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ധാര്‍മ്മിക വിവക്ഷകള്‍ ലോകത്തിലെ ഒരു രാജ്യത്തിനും, വ്യവസായ മേഖലയ്ക്കും അവഗണിക്കാവുന്നതല്ല. ഒരു ചെറിയ സ്ഥലത്തായാലും വലിയ പ്രദേശത്തായാലും മനുഷ്യന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആഗോളവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു.
അതിനാല്‍ മനുഷ്യന്‍ പരിസ്ഥിതിയോടു കാണിക്കുന്ന അവഗണനയുടെ പരിണതഫലങ്ങള്‍ അനുഭവവേദ്യമാകുന്നത് തൊട്ടടുത്തുള്ള ഒരു സ്ഥലത്തോ ജനങ്ങള്‍ക്കോ മാത്രമല്ല, വ്യാപകമായ മനുഷ്യസഹവര്‍ത്തിത്വത്തിനുതന്നെ അത് ഹാനികരമായിത്തീരുകയും, മനുഷ്യാന്തസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. സുരക്ഷിതമായ ചുറ്റുപാടുകളില്‍ ജീവിക്കുവാനുള്ള മനുഷ്യാവകാശത്തിന്‍റെ ധ്വംസനം കൂടിയാണ് പരിസ്ഥിതിയോടു മനുഷ്യന്‍ കാണിക്കുന്ന അവജ്ഞയും ക്രൂരതയും.

ദൈവം നല്കിയ മനോഹരമായ പ്രകൃതിയെ മനുഷ്യന്‍ നശിപ്പിക്കുന്നതുവഴി ഉണ്ടാകുന്ന പരിസ്ഥിതിപരിണാമത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട രാജ്യങ്ങളാണ്.

സ്വാര്‍ത്ഥവും അനൗചിത്യപൂര്‍ണ്ണവുമായ പരിസ്ഥിതിയുടെ ഉപയോഗവും ക്രമാധികമായ പ്രകൃതിസമ്പത്തിന്‍റെ ശേഖരവും വികസനത്തിന്‍റെ വിപരീത ഫലങ്ങളാണ്.
മനുഷ്യന്‍റെ പുരോഗതി സാങ്കേതികവും സാമ്പത്തികവുമായ വശങ്ങളെ മാത്രം കേന്ദ്രീകരിച്ചായാല്‍, ധാര്‍മ്മികവും ആത്മീയവുമായ പുരോഗതി ഇല്ലാതാകുകയും, സമഗ്രമായ പുരോഗതിയുടെ സ്ഥാനത്ത് നശീകരണ പ്രവണതകള്‍ ഉയര്‍ന്നുവരികയും ചെയ്യും. ഒരഴിഞ്ഞാട്ടമുണ്ടാകുകയും ച‍െയ്യും. മനുഷ്യപുരോഗതിയുടെ ശരിയായ മാനങ്ങള്‍ കൈവരിക്കണമെങ്കില്‍ പരിസ്ഥിതിയുടെ യഥാര്‍ത്ഥമായ ധാര്‍മ്മിക വ്യവസ്ഥിതികള്‍ മനുഷ്യന്‍ സംരക്ഷിക്കണം. ഈ കടപ്പാട് പ്രകൃതിയോടും പരിസ്ഥിതിയോടും മാത്രമല്ല, അടുത്തും അകലെയുമുള്ള കാലത്തിലും കാലങ്ങള്‍ക്കപ്പുറവുമുള്ള നമ്മുടെ സഹോദരങ്ങളോടും സ്രഷ്ടാവിനോടുതന്നെയുമുള്ള ഒരാത്മീയ ബന്ധത്തിന്‍റേയും സ്നേഹത്തിന്‍റേയും പ്രതീകമാണ്.

ആഗോള താപനവും അന്തരീക്ഷ മലിനീകരണവും
ഇന്ന് ലോകം ശ്രദ്ധിച്ചിട്ടുള്ള ആഗോളതാപനം മനുഷ്യന്‍റെ നിലനില്പിന് ഒരു ഭീഷണിയാണെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെയുണ്ടായ താപവര്‍ദ്ധനവ്
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ 5 ഡിഗ്രി സെന്‍റിഗ്രെയ്ഡോളവും, ചിലയിടങ്ങളില്‍ അതിലേറെയും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷണം.
ആഗോളതാപനത്തിന്‍റെ ഇന്നോളും മനസ്സിലാക്കിയ പ്രത്യാഘാതങ്ങള്‍ ആശങ്കാവഹമാണ്.
1960-നു ശേഷം ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വരള്‍ച്ച എന്നിവ നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യങ്ങള്‍ക്ക് കാരണം ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വംശനാശ പ്രതിസന്ധിയാണ്. അതായത് നാം സാധാരണ കണ്ടുകൊണ്ടിരുന്ന ജന്തുക്കളില്‍ പലതും ഇപ്പോള്‍ കാണുന്നില്ല. വളരെ സാധാരണമായിരുന്ന ചില ഇനം പക്ഷികളും അപ്രത്യക്ഷമായിക്കഴിഞ്ഞു. ഉഭയജീവികളില്‍, അതായത് കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കളില്‍ പല ഇനങ്ങളും, സസ്യജാലങ്ങളില്‍ പല വര്‍ഗ്ഗങ്ങളും പാടെ കാണാതായിരിക്കുന്നു.

ആഫ്രിക്കയിലെ ആമസോണ്‍ വനങ്ങള്‍ ലോകപ്രസിദ്ധമാണ്. എന്നാല്‍ 2030-ാമാണ്ടോടെ അതിന്‍റെ നല്ലൊരു ശതമാനവും വനനശീകരണ പ്രക്രിയയിലൂടെ അപ്രത്യക്ഷമാകുമെന്നാണ് ശാസ്ത്രീയമായ കണക്കുകള്‍ പറയുന്നത്. അത് തീര്‍ച്ചയായും ആഗോളവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും.

ഉത്തരദ്രുവങ്ങളിലെ മഞ്ഞുകട്ടകള്‍, ഒരിക്കലുമില്ലാത്തതുപോലെ,
ആഗോളതാപനം കൊണ്ട് ഉരുകി നദികളിലും കടലുകളിലും ജലനിരപ്പ് ഉയര്‍ത്തുക മാത്രമല്ല, പലേയിടങ്ങളിലും വെള്ളപ്പൊക്കവും ജലപ്രളയവും ഉണ്ടാകുന്നുണ്ട്. ചിലയിടങ്ങളില്‍ കരകള്‍ മുങ്ങിപ്പോകുകയും ധാരാളം ജനങ്ങള്‍ മരിക്കുകയും ചെയ്യുന്നു.
ഈ അടുത്തകാലത്ത് ഫിലിപ്പീന്‍സ്, സുമാത്രാ എന്നീ രാജ്യങ്ങളിലും
ഇന്ത്യയുടെ പല ഭാഗങ്ങളിലുമുണ്ടായ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്‍റെയും കെടുതികള്‍ നാം ഭീതിയോടെ കണ്ടതാണ്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 40 ദശലക്ഷം വാഹനങ്ങളുടെ സ്ഥാനത്ത് ഇന്ന് 680 ദശലക്ഷം വാഹനങ്ങളായി പെരുകിയിട്ടുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകള്‍ തെളിയിക്കുന്നു. കൂടാതെ ലോകത്ത് 16,000-ല്‍പരം ജെറ്റുവിമാനങ്ങള്‍ വാണിജ്യ വ്യവസായ മേഖലകള്‍ക്കുവേണ്ടി പറക്കുന്നുണ്ട്. ഈ വാഹനങ്ങളത്രയും പുറത്തേയ്ക്കു വമിക്കുന്ന കാര്‍ബണ്‍ ഡയോക്സയിഡ് വാതകവും ആഗോളതാപനത്തിന് ഹേതുവാകുന്നുണ്ട്.

വനനശീകരണം, വന്‍ ദേശിയ പാതകളുടെയും അണക്ക‍െട്ടുകളുടെയും നിര്‍മ്മാണം, പട്ടണങ്ങളുടെ വിപുലീകരണം, പ്രകൃതിരമണീയമായ സ്ഥാനങ്ങള്‍ കൈയ്യേറി വമ്പന്‍
കെട്ടിട സമുച്ചയങ്ങളുടെയും സുഖവാസകേന്ദ്രങ്ങളുടെയും നിര്‍മ്മാണം, ഭൂയിടങ്ങള്‍ അശ്രദ്ധമായി ഖനികളും കൃഷിയിടങ്ങളുമാക്കിയുള്ള പരിവര്‍ത്തനം - എന്നീ പ്രതിഭാസങ്ങളും ആഗോള താപനത്തിന് കാരണമാകുന്നുണ്ട്. കായല്‍ത്തീരങ്ങളും നദികളും മനുഷ്യര്‍ മലീമസമാക്കുന്നതുവഴിയാണ് ഇന്നുവരെ നാം കേള്‍ക്കാത്ത തരത്തിലുള്ള പനി, പകര്‍ച്ചവ്യാധികള്‍ എന്നിവ വര്‍ദ്ധിച്ചുവരുന്നത്. മലിനീകരണംവഴി ഉണ്ടാകുന്ന വിഷാണുക്കളും രോഗാണുക്കളും ഭീതിജനകമാണ്. നമുക്കു ചുറ്റും കാണുന്ന ആശങ്കപരത്തുന്ന ഈ പ്രതിഭാസങ്ങള്‍ മനസ്സിലാക്കി മനുഷ്യകുലത്തിനു വന്നുചേരാവുന്ന വിപത്തുകളിലേയ്ക്ക് നാം കണ്ണുതുറക്കേണ്ടതാണ്.

പരിശുദ്ധ പിതാവ് നമുക്കു നല്കുന്ന നവംമ്പര്‍ മാസത്തെ ഈ പൊതുനിയോഗം കണക്കിലെടുത്ത് അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും നമ്മുടെതന്നെ ജീവിതശൈലിയും ഉപഭോഗരീതികളും ക്രമീകരിക്കുകയും പുനഃപരിശോധിക്കുകയും ച‍െയ്യേണ്ടതാണ്.
പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങള്‍ അധികവും സാങ്കേതികവും ശാസ്തീയവുമായിരിക്കാം. എന്നാല്‍ അതിലേറെ ധാര്‍മ്മികതയുള്ള മനസ്സാക്ഷിയോടെ മനുഷ്യകുലത്തിന്‍റെ, പ്രത്യേകിച്ച് പാവങ്ങളുടെ നന്മ കണക്കിലെടുത്ത് നാം പ്രകൃതിയെ പരിപാലിക്കുകയും ഉപയോഗിക്കുയും വേണം. അത് മനുഷ്യകുലത്തിന്‍റെതന്നെ ഭാവി നിലനില്പിന് തീര്‍ച്ചയായും സഹായകമാകും.







All the contents on this site are copyrighted ©.