2009-11-09 17:11:10

കുടിയേറ്റ-പ്രതിഭാസം ഏറെ സങ്കീര്‍ണ്ണമെന്ന്, മാര്‍പാപ്പ


 9 നവംമ്പര്‍ 2009
കുടിയേറ്റ-പ്രതിഭാസത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ടെങ്കിലും, സ്ഥായീഭാവവും പ്രശ്നസങ്കീര്‍ണ്ണതയും കൊണ്ട് അത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്ന്, ബനഡിക്ട് 16്മന്‍ മാര്‍പാപ്പ പറയുകയുണ്ടായി. ലോകത്തിലെ എല്ലാ രാജ്യങ്ങളെയും സംബന്ധിക്കുന്ന ആഗോളവത്കരണ പ്രക്രിയയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ് കുടിയേറ്റ പ്രതിഭാസം. പ്രവാസികളുടെയും അഭയാര്‍ത്ഥികളുടെയും അജപാലനത്തെ അധികരിച്ച് തിങ്കളായഴ്ച വത്തിക്കാനില്‍ ആരംഭിച്ച ആറാമത് ലോക കോണ്‍ഗ്രസ്സില്‍ (the World Congress for the Pastoral Care of Migrants and Refugees) പങ്കെടുക്കുന്നവരെ തന്‍റെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്ന മാര്‍പാപ്പ.

പ്രവാസികള്‍ക്കും യാത്രികര്‍ക്കുമായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, നാലു ദിവസം നീണ്ടുനില്ക്കുന്ന കോണ്‍ഗ്രസ്സിന്‍റെ ചര്‍ച്ചാ പ്രമേയം, ആഗോളവത്ക്കരണ യുഗത്തിലെ കുടുയേറ്റ പ്രതിഭാസത്തിന് ഒരു അജപാലന പ്രത്യുത്തരം, എന്നതാണ്.

ജനതകള്‍ തമ്മിലുള്ള കൂടിക്കാഴ്ചയും, സംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദവും ബഹുമാനവും പരിപോഷിപ്പിക്കാതെ ഫലപ്രദമായ ഒരു വികസനം കൈവരിക്കാനാവില്ല എന്ന ബോധ്യത്തോടെ, ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന വന്‍ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് പര്യപ്തങ്ങളായ പ്രത്യുത്തരങ്ങള്‍ നല്കേണ്ടിയിരിക്കുന്നുവെന്ന് മാര്‍പാപ്പാ ഉദ്ബോധിപ്പിച്ചു. കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ഒരു പ്രശ്നമായി മാത്രം കാണാതെ, മനുഷ്യകുലത്തിന്‍റെ യഥാര്‍ത്ഥ പുരോഗതിക്ക് ആവശ്യമായും അവസരോചിതമായും വിലമതിക്കേണ്ട ഒരു വിഭവശേഷിയായി തിരിച്ചറിഞ്ഞ് അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഹൃദയം തുറക്കേണ്ടതാണെന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.







All the contents on this site are copyrighted ©.