2009-11-03 15:39:48

ക്രിസ്തീയ സംസ്കാരം ചരിത്രത്തിന്‍റെ ഏടുകളില്‍ ഒളിച്ചുവയ്ക്കേണ്ട പുരാവസ്തുവല്ല, ഭാവി വളര്‍ച്ചയ്ക്കുള്ള മുതല്‍ക്കൂട്ടാണത്.
- ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ


ക്രിസ്തീയ സംസ്കാരം കാഴ്ചബംഗ്ളാവിലോ ചരിത്രത്തിന്‍റെ ഏടുകളിലോ സൂക്ഷിച്ചുവയ്ക്കേണ്ട ഒരു പുരാവസ്തുവല്ല, മറിച്ച് ശോഭനമായൊരു ഭാവി ഉറപ്പുവരുത്തുവാനുള്ള ഒരു ഈടാണതെന്ന്, പരിശുദ്ധ സിംഹാസനത്തിനായുള്ള ബള്‍ഗേറിയായുടെ പുതിയ സ്ഥാനപതി, നിക്കോളോ ഇവനോവിന്‍റെ സാക്ഷിപത്രം വത്തിക്കാനില്‍ സ്വീകരിക്കവേ നടത്തിയ പ്രഭാഷണത്തില്‍ ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.

സംസ്കാരസമ്പന്നമായ ബള്‍ഗേറിയായ്ക്ക് ജനാധിപത്യം തിരഞ്ഞെടുക്കുവാനും, യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ഇതര രാജ്യങ്ങള്‍ക്കൊപ്പം സ്വാതന്ത്യത്തിന്‍റേയും സ്വയംഭരണാവകാശത്തിന്‍റേയും പാത സ്വീകരിക്കുവാന്‍ സാധിച്ചതിനെയും മാര്‍പാപ്പ അഭിനന്ദിച്ചു. ഈ മാസത്തില്‍ അനുസ്മരിക്കപ്പെടുന്ന ബെര്‍ളിന്‍ ഭിത്തിയുടെ പതനത്തിന്‍റെ 20ം വാര്‍ഷികം, ബള്‍ഗേറിയായുടെ മറ്റു രാഷ്ട്രങ്ങളുമായുള്ള സ്വതന്ത്രമായ ബന്ധത്തിന്‍റേയും വളര്‍ച്ചയുടേയും പ്രതീകമാണ്. ബള്‍ഗേറിയായുടെ സംസ്കാരത്തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ യൂറോപ്പ്യന്‍ യൂണിയനുമായി മെച്ചപ്പെട്ടൊരു ബന്ധം വളര്‍ത്തിക്കൊണ്ട് രാജ്യത്തിന്‍റെ സമഗ്ര വളര്‍ച്ചയ്ക്കായി പരിശ്രമിക്കണമെന്നും പാപ്പാ പറഞ്ഞു.

വികസനം സാമ്പത്തിക പുരോഗതിയെ മാത്രം കണക്കിലെടുക്കുന്ന ഒന്നല്ല, മറിച്ച് മനുഷ്യന്‍റെ സമഗ്രമായ പുരോഗതികൂടി ലക്ഷമാക്കിയുള്ളതാണ്. മനുഷ്യശ്രേയസ്സിന്‍റെ തോതളക്കേണ്ടത് അവന് എന്തുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലല്ല, പ്രസ്തുത അവന്‍റെ അടിസ്ഥാന സ്വഭാവമുള്‍ക്കൊള്ളുന്ന കഴിവുകളുടെ വളര്‍ച്ച പരിഗണിച്ചാണ് (Caritas in Veritate). സന്മനസ്സുള്ള ഏവരോടും ആത്മാര്‍ത്ഥമായി സഹകരിച്ചുകൊണ്ടും ദൈവം നല്കിയിട്ടുള്ള മനുഷ്യാന്തസ്സിന് ധീരമായി സാക്ഷൃംവഹിച്ചുകൊണ്ടും‍ രാഷ്ട്രത്തിന്‍റെ പുരോഗതിക്കായി പരിശ്രമിക്കണമെന്ന് തദവസരത്തില്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.







All the contents on this site are copyrighted ©.