2009-11-02 15:45:59

ഊര്‍ജ്ജസ്വലമായ സമൂഹത്തിന്‍െറ ആധാരം ധാര്‍മ്മികമൂല്യങ്ങളാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


സമൂഹത്തെ നിലനിര്‍ത്തുകയും, ഉല്‍കൃഷ്ടമാക്കുകയും ചെയ്യുന്ന ധാര്‍മ്മികമൂല്യങ്ങളില്‍ അധിഷ്ഠിതമാണെങ്കിലേ ഒരു സമൂഹം ഊര്‍ജ്ജസ്വലമായിരിക്കുകയുള്ളൂവെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. പ.സിംഹാസനത്തിനായുള്ള പനാമയുടെ നവസ്ഥാനപതി കാര്‍ഡെനാസ് ക്രിസ്തിയേയുടെ സാക്ഷൃപത്രങ്ങള്‍ ശനിയാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ വച്ച് സ്വീകരിക്കവെ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ അത് അനുസ്മരിപ്പിച്ചത്. സാമൂഹികതന്തുക്കളെ ബലപ്പെടുത്തി മെച്ചപ്പെട്ട സമൂഹം കെട്ടിപടുക്കുന്നതിനു് അനിവാര്യവ്യവസ്ഥകളെ വിശദീകരിച്ചുകൊണ്ട് പ.പിതാവ് തുടര്‍ന്നു- സാമൂഹികനീതി പരിപോഷിപ്പിക്കുന്നതിനും, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും, സമാധാനം സ്ഥാപിക്കുന്നതിനും, ഗര്‍ഭധാരണനിമിഷം മുതല്‍ സ്വാഭാവികമരണം വരെ ജീവന്‍ സംരക്ഷിക്കുന്നതിനും, സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബത്തിന്‍െറ പാവനത പരിപോഷിപ്പിക്കുന്നതിനും രാഷ്ട്രത്തിന് ബാദ്ധ്യതയുണ്ട്. വര്‍ത്തമാനക്കാലത്തെ സജീവവും പ്രവര്‍ത്തനനിരതവും, ഭാവിയെ പ്രത്യാശാനിര്‍ഭരവും ആക്കുന്നതിനു് അവളുടേതായ സംഭാവനയേകുവാന്‍ സഭ പ്രതിബദ്ധയാണ്. ഒരു രാഷ്ട്രീയപരിപാടിയോടും താദാത്മ്യപ്പെടാതെയും, രാഷ്ട്രത്തിന്‍െറ തനതായ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താതെയും സഭ മതാത്മകവും, ആത്മീയവും ആയ തലങ്ങളിലാണ് പ്രവര്‍ത്തിക്കുക. നിസ്സംഗതയോ പരസ്പര അജ്ഞതയോ അല്ല അതു സൂചിപ്പിക്കുക. പൗരന്മാരുടെ വ്യക്തിപരവും, സമൂഹപരവും ആയ ഉന്നതിയ്ക്കായി ഒത്തിരിയേറെ സംഭാവനയേകുവാന്‍ സഭയ്ക്ക് സാധിക്കും. പ്രജാധിപത്യവ്യവസ്ഥിതിയെ ദൃഢമാക്കുവാനും, ശക്തമായ ധാര്‍മ്മികതുണുകളില്‍ ആധാരമാക്കപ്പെട്ട പൊതുജീവിതത്തിന് തുപമേകുവാനും പനാമയിലെ രാഷ്ട്രാധികാരികള്‍ കാട്ടുന്ന പ്രതിബദ്ധത വളരെ ശ്ലാഘനീയമാണ്. കാര്യക്ഷമവും സ്വതന്ത്രവും ആയ നൈയാമികവ്യവസ്ഥിതിയും, പൊതുപ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും സത്യസന്ധതയും സ്ഥിരോല്‍സാഹവും വളര്‍ത്തിയെടുത്ത് ആരും അവഗണിക്കപ്പെടാത്തതും, പ്രാന്തവല്‍ക്കരിക്കപ്പെടാത്തതും ,അക്രമവിധേയമാക്കപ്പെടാത്തതും ആയ നീതിപൂര്‍വ്വകവും ഭ്രാതൃത്വപരവും ആയ ഒരു സമൂഹം കെട്ടുപടുക്കാനാവും.







All the contents on this site are copyrighted ©.