2009-10-31 15:53:42

കത്തോലിക്കാ ഓര്‍ത്തോഡക്സ് സംവാദം ശരിയായ പാതയിലൂടെ സാവകാശം മുന്നേറുന്നു


 അടുത്തയിട സൈപ്രസില്‍ നടന്ന കത്തോലിക്കാ ഓര്‍ത്തഡോക്സ് സംവാദത്തെ ശരിയായ പാതയിലൂടെയുള്ള ഒരു ചെറിയ കാല്‍വയ്പയായി, ക്രൈസ്തവൈക്യക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ വിശേഷിപ്പിക്കുന്നു. ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ പ്രത്യേകിച്ച് ‘ആദ്യ സഹസ്രാബ്ദത്തില്‍ സഭാകുട്ടായ്മയിലെ റോമിന്‍െറ മെത്രാന്‍െറ ദൗത്യം’ എന്ന വിഷയം വളരെ സങ്കീര്‍ണ്ണകവും, നൂറ്റാണ്ടുകളായി വൈകാരികഭാരം പേറുന്നതുമാകയാല്‍ മുന്നോട്ടുള്ള കാല്‍വയ്പ് വളരെ സാവകാശവും, ചെറുതുമാണ് സൈപ്രസില്‍ നടന്ന കത്തോലിക്കാ ഓര്‍ത്തോഡക്സ് സംവാദത്തെ അധികരിച്ച് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച ഒരഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. ചിലയിടങ്ങളില്‍ കത്തോലിക്കാ ഓര്‍ത്തഡോക്സു സംവാദത്തിനെതിരായി അപശബ്ദങ്ങള്‍ ഉയരുന്നുവെങ്കിലും സംവാദം തുടരുകത്തന്നെ വേണമെന്ന ഓര്‍ത്തഡോക്സുപ്രതിനിധികളുടെ ശക്തമായ അഭിപ്രായവും, ആഗ്രഹവും വളരെ ശ്രദ്ധേയവും ശുഭോദര്‍ക്കവും ആണ്. സംവാദത്തിനായുള്ള ഇരുസഭകളുടെ കമ്മീഷന്‍െറ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍െറ ഊഷ്മളതയും അഭിമാനത്തോടെ എടുത്തു പറയാവുന്ന ഒരു വസ്തുതയാണ്, അദ്ദേഹം കുട്ടിചേര്‍ത്തു. ഓസ്ട്രിയായുടെ തലസ്ഥാനമായ വിയന്നായില്‍ വച്ച് 2010 സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ തീയതികളിലായിരിക്കും കമ്മീഷന്‍െറ അടുത്ത സമ്മേളനമെന്നും കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ വെളിപെടുത്തി. തുടര്‍ന്നു് അദ്ദേഹം കമ്മീഷന്‍െറ രണ്ടു പ്രസിഡന്‍റുമാരില്‍ ഒരാളായ ഗ്രീസിലെ പെര്‍ഗ്രാം ഓര്‍ത്തഡോക്സു അതിരുപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഈയോന്നീസ് സിസിയോളസിനെ ഇപ്രകാരം ഉദ്ധരിച്ചു. “റോമിന്‍െറ മെത്രാന്‍െറ പ്രാമുഖ്യം എന്ന വിഷയമാണ് ഏറ്റവും കുടുതല്‍ പ്രശ്നമുളവാക്കുന്നത്. അത് സഭാപരമായ ഒരു പ്രശ്നമാകയാല്‍ അതൊരു വിശ്വാസത്തിന്‍െറ പ്രശ്നവുമാണ്. ഓര്‍ത്തഡോക്സു സഭ നടത്തുന്ന ഏറ്റം സുപ്രധാനസംവാദമാണ് കത്തോലിക്കാസഭയുമായുള്ളത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം അത് വളരെ ആയാസകരമാണ്. എങ്കിലും അത് തുടരേണ്ടിയിരിക്കുന്നു.”







All the contents on this site are copyrighted ©.