2009-10-30 16:49:14

ഡിജിറ്റല്‍ യുഗത്തിന്‍െറ നവ സാങ്കേതികവിദ്യകള്‍ സുവിശേഷപ്രഘോഷണമാധ്യമമാക്കുക, പാപ്പാ


 ഡിജിറ്റല്‍ യുഗത്തിന്‍െറ നവ സാങ്കേതികവിദ്യകളിലൂടെ ദൈവവചനം പ്രചരിപ്പിക്കുവാനുള്ള വെല്ലുവിളി ധൈര്യസമേതം ഏറ്റെടുക്കുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുന്നു. സമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ റോമില്‍ നടന്ന ചതുര്‍ദിനസംപൂര്‍ണ്ണസമ്മേളനത്തില്‍ സംബന്ധിച്ചവരെ വ്യഴാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. സാമൂഹിക ആശയവിനിമയ തലത്തില്‍ ഇന്ന് ഒരു യഥാര്‍ത്ഥ വിപ്ളവം നടക്കുകയാണ്. അതിനെ പറ്റി സഭയ്ക്ക് ഉത്തരവാദിത്വപൂര്‍വ്വകമായ ബോധ്യമുണ്ട് പ.പിതാവ് തുടര്‍ന്നു – ആശയങ്ങളിലും, അഭിപ്രായങ്ങളിലും പങ്കു ചേരുവാന്‍ സാധ്യതയും, അവസരവും നല്‍കികൊണ്ട് ആധുനിക സാങ്കേതികവിദ്യകള്‍ അതിശീഘ്രം ആശയവിനിമയം സാധ്യമാക്കുന്നു. നവ വിനിമയ സാങ്കേതിക വിദ്യ, സഭാതനിമ സംരക്ഷിച്ചുകൊണ്ട് അതെസമയം എല്ലാവര്‍ക്കും വ്യക്തമാകത്തക്കവിധത്തിലും ഇന്നത്തെ സംസ്ക്കാരങ്ങളും മനോഭാവങ്ങളും ആയി ഏകതാനത പാലിക്കുവാനുള്ള മാധ്യമം എന്ന നിലയിലും മൂന്നാം സഹസ്രാബ്ദത്തിലെ ജനങ്ങളോട് സുവിശേഷം പ്രഘോഷിക്കുവാന്‍ വിളിക്കപ്പെടുന്ന സഭയുടെ മുന്‍പില്‍ ഒരു വെല്ലുവിളി ഉയര്‍ത്തുകയാണ്. വ്യക്തിയുടെ ഔന്നിത്യത്തോടും മൂല്യത്തോടും ഉള്ള ആദരവിന്‍െറതായ സംസ്ക്കാരവും, മാനവസമൂഹത്തിന്‍െറ സേവനാര്‍ത്ഥം ഓരോ വ്യക്തിയുടെയും കഴിവുകളും സിദ്ധികളും അര്‍പ്പിക്കുന്നതിന് പ്രചോദനമേകുന്ന സത്യത്തിന്‍െറയും സൗഹൃദത്തിന്‍െറയും ആത്മാര്‍ത്ഥമായ അന്വേഷണം ആധാരമായുള്ള സംവാദവും പരിപോഷിപ്പിക്കുക.. ഉപയോഗിക്കുന്ന നൂതനവിനിമയസാങ്കേതികവിദ്യകള്‍ക്ക് അപ്പുറം സുവിശേഷപ്രഘോഷണത്തിന്‍െറ ഫലദായകത പ്രഥമവും പ്രധാനവുമായി സഭയുടെയും, മാനവകുലത്തിന്‍െറയും പദ്ധതികളെ നയിക്കുന്ന പ.ആത്മാവിനെ ആശ്രയിച്ചാണ് നിലക്കൊള്ളുന്നതെന്ന സത്യത്തെ പറ്റി ബോദ്ധ്യമുള്ളവരായി വിശ്വാസവെളിച്ചത്തിലാവണം സഭാതനയര്‍ നൂതനവിനിമയസാങ്കേതികവിദ്യയെ വീക്ഷിക്കുവാനും വിലമതിക്കുവാനും.







All the contents on this site are copyrighted ©.