2009-09-14 16:52:15

മാര്‍പാപ്പ 2010 ഏപ്രില്‍ മാസത്തില്‍ മാള്‍ട്ട സന്ദര്‍ശിക്കും


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ മാള്‍ട്ടയില്‍ 2010 ഏപ്രില്‍ മാസത്തില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തുമെന്ന് ആ രാജ്യത്തെ മെത്രാന്മാര്‍ അറിയിച്ചു. ആ മെഡിറ്ററേനിയ൯ ദ്വീപു രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റ് ജോര്‍ജ്ജ് അബേലയുടെയും തങ്ങളുടെയും ക്ഷണം സ്വീകരിച്ചു പാപ്പാ നടത്തുന്ന സന്ദര്‍ശനത്തിന്‍റെ മുഖ്യോദ്ദേശ്യം വിശുദ്ധ പൗലോസ് റോമിലേക്കു യാത്ര ചെയ്തിരുന്ന കപ്പല്‍ പ്രസ്തുത ദ്വീപിനു സമീപത്തുവച്ചു കൊടുങ്കാറ്റില്‍പ്പെട്ടു തകര്‍ന്നതിന്‍റെ 1950-›ം വാര്‍ഷികാനുസ്മരണ ചടങ്ങുകളില്‍ സംബന്ധിക്കുകയാണെന്നു മാള്‍ട്ടയിലെ മെത്രാന്മാരുടെ ഒരു വാര്‍ത്താക്കുറിപ്പു വ്യക്തമാക്കി.
തന്‍റെ രണ്ടാം റോമായാത്രിയില്‍ ഏ.ഡി.60-ല്‍ ഉണ്ടായ ആ കപ്പല്‍നാശത്തില്‍നിന്നു രക്ഷപ്പെട്ട വിശുദ്ധ പൗലോസ് മാള്‍ട്ട ദ്വീപില്‍ എത്തിയതായും ദ്വീപുവാസികള്‍ അദ്ദേഹത്തോട് അസാധാരണ കാരുണ്യം കാണിച്ചതായും അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുതിയ നിയമ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു(അദ്ധ്യായം 28). മൂന്നു മാസം മാള്‍ട്ടയില്‍ തങ്ങിയതിനുശേഷമാണു പൗലോസ് അപ്പസ്തോല൯ റോമിലേക്കുള്ള തന്‍റെ യാത്ര പുനരാരംഭിച്ചത്.
പാപ്പായുടെ വിദേശ യാത്രകളുടെ വത്തിക്കാന്‍റെ സംഘാടക൯ അല്‍ബേര്‍ത്തൊ ഗസ്ബാരി അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനു ഒക്ടോബറില്‍ മാള്‍ട്ടിയിലെത്തും.
രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ 1990-ലും 2001-ലും ആ ദ്വീപില്‍ ഇടയ സന്ദര്‍ശനം നടത്തിയിരുന്നു.
1964-ല്‍ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ച മാള്‍ട്ടയിലെ 410,000 നിവാസികളില്‍ 98‰ കത്തോലിക്കരാണ്.







All the contents on this site are copyrighted ©.