2009-08-14 17:11:49

ഫാദര്‍ ജോണ്‍ വടക്കേല്‍ സി.എം.ഐ ബിജുനോര്‍ രുപതയുടെ നവസാരഥി


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഭാരതത്തിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ബിജുനോര്‍ രുപതയുടെ നവസാരഥിയായി ഫാദര്‍ ജോണ്‍ വടക്കേല്‍ സി.എം.ഐ യെ വെള്ളിയാഴ്ച നാമനിര്‍ദ്ദേശം ചെയ്തു. രുപതയുടെ പ്രഥമ അദ്ധ്യക്ഷനായ ബിഷപ്പ് ഗ്രേഷ്യന്‍ മുണ്ടാടന്‍ സി.എം.ഐ കാനന്‍നിയമം ശുപാര്‍ശ ചെയ്യുന്ന പ്രായപരിധി പൂര്‍ത്തിയാതിനെതുടര്‍ന്ന് രുപതയുടെ ഭരണചുമതലയില്‍ നിന്ന് വിടുതല്‍ അദ്യര്‍ത്ഥിച്ചുകൊണ്ട് നല്‍കിയ അപേക്ഷ സ്വീകരിച്ച പാപ്പാ ആ ഒഴിവിലാണ് ഫാദര്‍ ജോണ്‍ വടക്കേലിനെ നിയമിച്ചത്. കോതമംഗലം രുപതയിലെ ബസലേഹമില്‍ 1943 സെപ്റ്റംബര്‍ എട്ടാം തീയതിയായിരുന്നു നിയുക്തമെത്രാന്‍െറ ജനനം. അമലോത്ഭവമാതാവിന്‍െറ കര്‍മ്മലീത്താ സന്ന്യാസസമൂഹത്തില്‍ 1964 മെയ്മാസം പതിനാറാം തീയതി പ്രഥമവ്രതവാഗ്ദാനമെടുത്തയദ്ദേഹം 1975 ഡിസംബര്‍ പത്തൊന്‍പതാം തീയതി വൈദികപട്ടം സ്വീകരിച്ചു. തേവര തിരുഹൃദയകോളജില്‍ നിന്ന് B.Sc ഡിഗ്രിയും, ബാംഗ്ളൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് ദൈവവിജ്ഞാനീയത്തില്‍ ബിരുദവും അദ്ദേഹം നേടി. തദനന്തരം വിവിധ മിഷ്യന്‍ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ബിജനോര്‍ രുപതയുടെ വികാരി ജനറളായി പ്രവര്‍ത്തിച്ചുവരവെയാണ്, പാപ്പാ അദ്ദഹത്തെ രുപതാസാരഥിയായി നിയമിച്ചത്. ആഗ്രാ അതിരുപതയുടെ സാമന്തരുപതയായ ബിജനോര്‍ 1977 ഫെബ്രുവരി ഇരുപത്തിയാറാം തീയതിയാണ് രുപതയായി ഉയര്‍ത്തപ്പെട്ടത്.







All the contents on this site are copyrighted ©.