2009-08-14 17:13:34

കര്‍ദ്ദിനാള്‍ ക്ലൗദിയോ ഹൂമസിന്‍െറ സ്ഥിരം ഡീക്കന്മാരോട്.


സ്ഥിരം ഡീക്കന്‍സ്ഥാനത്തിന്‍െറ സമ്പന്നത സഭ കുടുതല്‍ കുടുതല്‍ കണ്ടെത്തുകയാണെന്ന് വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ ഫ്രീഫക്ട് കര്‍ദ്ദിനാള്‍ ക്ലൗദിയോ ഹൂമസ്. ഡീക്കനും, രക്തസാക്ഷിയുമായ വിശുദ്ധ ലോറന്‍സിന്‍െറ തിരുനാള്‍ ദിനത്തില്‍ സ്ഥിരം ഡീക്കന്മാര്‍ക്കായി നല്‍കിയ ഒരു കത്തിലാണ് കര്‍ദ്ദിനാള്‍ അത് പറയുക. ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ സ്ഥിരം ഡീക്കന്മാരുടെ സേവനത്തില്‍ സന്തുഷ്ടരും, സംതൃപ്തരും ആണ്. അവരുടെ ആ നിലപാട് സഭയ്ക്ക് മൊത്തത്തില്‍ സന്തോഷകാരണമാണ് അദ്ദേഹം കത്തില്‍ തുടരുന്നു- സഭ നിങ്ങളുടെ സമര്‍പ്പണചൈതന്യത്തെയും, കാര്യക്ഷമമായ അജപാലനസേവനത്തെയും അംഗീകരിക്കുന്നു. അതിനായി അവള്‍ നിങ്ങളോട് കൃതജ്ഞയുള്ളവളാണ്. ഒപ്പം പ്രാര്‍ത്ഥനാചൈതന്യത്തിലും, ആത്മീയതയിലും ആഴപ്പെട്ട് ഉപരിയായ വിശുദ്ധീകരണത്തിനായി അവള്‍ നിങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. എല്ലാ പൗരോഹിത്യശുശ്രൂഷയുടെയും കാര്യക്ഷമതയുടെ ആധാരമായ ആത്മീയപൂര്‍ണ്ണതയ്ക്കായി പരിശ്രമിക്കാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വൈദികരോട് നടത്തിയ ആഹ്വാനം ഡീക്കന്മാര്‍ക്കും പ്രസക്തമാണ്. അഭിഷിക്തശുശ്രൂഷികളായ ഞങ്ങള്‍ക്ക് മരിച്ച് ഉത്ഥാനം ചെയ്ത യേശു ക്രിസ്തുവിനെ, അവിടത്തെ വചനത്തെ, അവിടത്തെ രാജ്യത്തെ എല്ലാ സൃഷ്ടികളെയും അറിയിച്ചുകൊണ്ട് ലോകത്തിന്‍െറ അതിര്‍ത്തികള്‍ വരെ ദൈവവചനം പ്രഘോഷിക്കുവാനുള്ള ദൗത്യം സഭയിലൂടെ കര്‍ത്താവില്‍ നിന്ന് ലഭിച്ചിരിക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ദൈവവചനത്തെ അധികരിച്ച സിനഡ് സ്ഥിരീകരിക്കുന്നതുപോലെ ഈ വചനത്തിന്‍റേത് അവിടത്തെ സ്വരമാണ്, വെളിപാടിന്‍റേത് അവിടത്തെ വദനമാണ്, അവിടത്തെ പാത പ്രേഷിതപ്രവര്‍ത്തനത്തിന്‍റേതാണ്. ആ വെളിപാട് അറിയുക, യേശുക്രിസ്തുവിനോട് തീക്ഷണമതിയും സ്നേഹനിധിയുമായ ഒരു ശിഷ്യനെ പോലെ നിരുപാധികം ഐക്യപ്പെടുക, അവിടത്തെ ദൗത്യത്തില്‍ സഹകരിക്കുക എന്നിവ ഒരു സ്ഥിരം ഡീക്കനായി കാത്തിരിക്കുന്ന ബാദ്ധ്യതകളാണ്. ഒരു യഥാര്‍ത്ഥ ശിഷ്യനില്‍ നിന്നാണ് ഒരു പ്രേഷിതന്‍ ജന്മം കൊള്ളുക. തുടര്‍ന്നു കര്‍ദ്ദിനാള്‍ ഡീക്കന്മാരുടെ സവിശേഷദൗത്യങ്ങളെ പറ്റി അവരോട് സംസാരിക്കുന്നു കത്തില്‍. ദൈവവചനശുശ്രൂഷയുടെ ഉദാത്ത മാതൃക ഡീക്കനും, രക്തസാക്ഷിയുമായ വിശുദ്ധ ലോറന്‍സില്‍ നാം ദര്‍ശിക്കുന്നു. അഭിഷിക്തരായ ശുശ്രൂഷികളുടെ ദൈവവചനശുശ്രൂഷ ദൈവചനത്തിന്‍െറ നിരന്തരമായ പഠനത്തിനും, അതിനു് അനുയോജ്യമായ ജീവിതത്തിനും അവരെ ബാദ്ധ്യതപ്പെടുത്തുന്നു. പ്രാര്‍ത്ഥനാപൂര്‍വ്വകമായ വായന ദൈവവചനം ആഴത്തില്‍ ഗ്രഹിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ശുപാര്‍ശ ചെയ്യപ്പെടുന്നു. അതെ സമയം ബൗദ്ധികവും, ദൈവശാസ്ത്രപരവും, അജപാലനപരവും ആയ പരിശീലനവും ജീവിതക്കാലം മുഴുവനും നീളുന്ന ഒരു വെല്ലുവിളിയാണ്. ദൈവവചനത്തിന്‍െറ യോഗ്യതാപരവും, കാലോചിതവും ആയ ശുശ്രൂഷ ആഴമായ പരിശീലനത്തെ ആശ്രയിച്ചാണിരിക്കുക. തുടര്‍ന്നു ഉപവിപ്രവര്‍ത്തനങ്ങളെ കര്‍ദ്ദിനാള്‍ വിചിന്തനവിഷയമാക്കി. ഉപവിപ്രവര്‍ത്തനങ്ങളെ സംഘടിപ്പിക്കുവാനുള്ള ആദിമസഭയുടെ പരിശ്രമങ്ങളിലാണ് ഡീക്കന്‍പദവിയുടെ മൂലം. മൂന്നാം നൂറ്റാണ്ടിലെ റോമിലെ വന്‍ മതപീഡനക്കാലത്ത് വിശുദ്ധ ലോറന്‍സിന്‍െറ അസാധാരണവ്യക്തിത്വം പ്രത്യക്ഷപ്പെടുന്നു. അദ്ദേഹം സിക്റ്റസ് രണ്ടാമന്‍ പാപ്പായുടെ ആര്‍ച്ചുഡീക്കനും, സഭയുടെ സാമ്പത്തികക്കാര്യങ്ങളുടെ കാര്യസ്ഥനും ആയിരുന്നു. വിശുദ്ധന്‍െറ പാവപ്പെട്ടവരോടുള്ള ഔല്‍സുക്യവും, പാപ്പായോടുള്ള വിശ്വസ്തയും ആണ് സ്വന്തം രക്തം ചിന്തി രക്തസാക്ഷിത്വത്തിന്‍െറ പരമമായ പരീക്ഷണത്തിന് വിധേയനാകുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ‘സഭയുടെ സമ്പത്ത് പാവപ്പെട്ടവരാണെന്ന’ വിശുദ്ധന്‍െറ പ്രഖ്യാപനവും പ്രസിദ്ധമാണ്. വിശുദ്ധന്‍ പാവപ്പെട്ടവരെ ഉദാരതയോടെ സഹായിച്ചു. അങ്ങനെ അദ്ദേഹം സ്ഥിരം ഡീക്കന്മാരുടെ എന്നും പ്രസക്തമായ ഒരു മാതൃകയാണ്. യേശു ക്രിസ്തുവിനെ പോലെ നാം പാവപ്പെട്ടരെ സവിശേഷമാം വിധം സ്നേഹിക്കുകയും, നീതിയും ദ്രാതൃത്വവും സമാധാനവും പുലരുന്ന ഒരു സമൂഹം കെട്ടി പടുക്കുവാന്‍ ശ്രമിക്കുകയും വേണം. ‘സഭയുടെ സാമൂഹികപ്രബോധനത്തിന്‍െറ രാജകീയപാതയാണ് ഉപവിയെന്ന്’ പോപ്പു ബെനഡിക്ട് പതിനാറാമന്‍ സത്യത്തില്‍ സ്നേഹം എന്ന ചാക്രീയലേഖനത്തില്‍ നമ്മെ പഠിപ്പിക്കുന്നു. ഡീക്കന്മാര്‍ ഉപവിയുമായി തങ്ങളെത്തന്നെ താദാത്മ്യപ്പെടുത്തണം. സാധുക്കള്‍ ഒരു ഡീക്കന്‍െറ ദൈനംദിനസാഹചര്യത്തിന്‍െറ ഭാഗവും, ഒടുങ്ങാത്ത ഔല്‍സുക്യത്തിന്‍െറ വിഷയവുമായിരിക്കണം. ഇന്നും വര്‍ദ്ധമാകുന്ന പാവപ്പെട്ടവരുടെ കാര്യങ്ങളില്‍ ഉപവിയിലുടെയും, ഐക്യദാര്‍ഢ്യത്തിലൂടെയും ഉല്‍സുകനാകാത്ത ഒരു ഡീക്കനെ പറ്റി നമുക്ക് ചിന്തിക്കാന്‍ പോലും ആവില്ല. വൈദികവര്‍ഷം നമ്മുടെ പ്രിയപ്പെട്ട വൈദികരോടുള്ള ആദരവും മതിപ്പും പ്രകടിപ്പിക്കാനും, അവര്‍ക്കായും അവരോടെത്തും പ്രാര്‍ത്ഥിക്കുവാനും ആഹ്വാനം ചെയ്യുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ കത്ത് സമാപിപ്പിക്കുന്നത്.







All the contents on this site are copyrighted ©.