2009-08-10 11:34:07

"കാരിത്താസ് ഇ൯ വെരിത്താത്തെ" കാര്‍മേഘങ്ങള്‍ക്കിടയിലെ പ്രകാശ കിരണമാണെന്നു ഫ്രാ൯സിന്‍റെ തൊഴില്‍ മന്ത്രി പ്രശംസിക്കുന്നു.


പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ "കാരിത്താസ് ഇ൯ വെരിത്താത്തെ" (Caritas in Veritate) – സ്നേഹം സത്യത്തില്‍ - എന്ന ചാക്രികലേഖനം കാലത്തിന്‍റെ ആവശ്യാനുസരണം കാര്‍മേഘങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട പ്രകാശകിരണമാണെന്ന് ഫ്രാന്‍സിന്‍റെ തൊഴില്‍കാര്യ മന്ത്രി സവിയേ ദര്‍കോ (Xavier Darcos) പ്രശംസിച്ചു. നന്മ കാണാനോ അംഗീകരിക്കാനോ കൂട്ടാക്കാത്ത അനിയന്ത്രിത സാമ്പത്തിക മുതലെടുപ്പുകളുടെയും പരസ്പരാശ്രയത്തിന്‍റെയും നിയമങ്ങള്‍ക്കു സുവ്യക്തമായ ഒരു പ്രത്യുത്തരമായി കത്തോലിക്കാസഭയുടെ സാമൂഹ്യ പ്രബോധനത്തെ പ്രദീപിപ്പിക്കുന്നതാണ് പാപ്പായുടെ ഈ പ്രഥമ സാമൂഹ്യ ചാക്രികലേഖനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വത്തിക്കാ൯ ദിനപത്രം "ലോസ്സര്‍വത്തോരെ റൊമാനൊ" യില്‍ " "കാരിത്താസ് ഇ൯ വെരിത്താത്തെ"യെ അധികരിച്ചു പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ദര്‍കോ എഴുന്നതാണിവ.
"സമ്പത്തിക, സാമൂഹികവികസന മണ്ഡലങ്ങളില്‍ നിലവിലുള്ളവയല്ലാത്ത മറ്റു നിയമങ്ങളും മാര്‍ഗ്ഗങ്ങളും സാദ്ധ്യവും ആവശ്യവുമാണെന്നു ബനഡിക്ട് പതിനാറാമ൯ പാപ്പായുടെ പുതിയ ചാക്രികലേഖനം പ്രഖ്യാപിക്കുന്നു", ഫ്രഞ്ചു തൊഴില്‍ മന്ത്രി തുടരുന്നു. "ക്രൈസ്തവ സന്ദേശം ശ്രോതസ്സായുള്ള അത് പ്രത്യാശയിലേക്കും പുതുമയാര്‍ന്ന പരിഹൃതികളിലേക്കും വിരല്‍ ചൂണ്ടുന്നു. പാപ്പാ സ്നേഹത്തെ സഭയുടെ സാമൂഹ്യ പ്രബോധനത്തിന്‍റെ അത്യുല്‍കൃഷ്ട മാര്‍ഗ്ഗമായി അവതരിപ്പിക്കുന്നു. ഇന്നിന്‍റെ സ്വാര്‍ത്ഥപരമായ തന്ത്രങ്ങള്‍ക്കു പ്രതിവിധി കണ്ടെത്തുന്നതിനു സ്നേഹം, പങ്കുവയ്ക്കല്‍, നീതി എന്നീ അടിസ്ഥാന ക്രൈസ്തവ തത്വങ്ങള്‍ മാര്‍പാപ്പ പുനഃരവതരിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ സുവിശേഷം സമത്വം, സ്വാതന്ത്ര്യം എന്നിവയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തിലേക്കു പാത തെളിക്കുന്നു. ലോകം ഇന്ന് അഭിമൂഖീകരിക്കുന്ന ഗൗരവാവഹങ്ങളായ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രത്യുത്തരമായി, സഭ, മാര്‍പാപ്പയുടെ സ്വരത്തിലൂടെ, മറ്റൊരു തിരഞ്ഞെടുക്കല്‍ നിര്‍ദ്ദേശിക്കുന്നു: പങ്കാളിത്തമുള്ള മാനുഷിക വിമോചനം ഉറപ്പാക്കുന്ന ഒരു സമഗ്ര വിമോചനമാണത്. കാരണം പുരോഗതി ഒരു നന്മയാണ്. ആഗോളവല്‍ക്കരണം അതില്‍ത്തന്നെ ഒരു തിന്മയല്ല, പക്ഷേ അത് ഒരു സദാചാരസംഹിതയ്ക്കു അധീനമായിരിക്കണം. ദാനം, സൗജന്യം, പങ്കുവയ്ക്കല്‍ എന്നിവയുടെ മാര്‍ഗ്ഗത്തിന്‍റെ സാദ്ധ്യത ആരായാ൯ പതിനാറാം ബനഡിക്ട് മാര്‍പാപ്പ ലോകത്തെ ക്ഷണിക്കുന്നു. മനുഷ്യരില്‍നിന്ന് അവരുടെ സംഘാതാവബോധം ചോര്‍ത്തിക്കളയുന്ന അന്ധമായ ആപേക്ഷികതാവാദത്തിന്‍റെ ശൂന്യതയെ പാപ്പാ അപലപിക്കുകയും ചെയ്യുന്നു.
വിശ്വാസവും യുക്തിയും തമ്മിലും, ദൈവിക പ്രകാശവും മാനുഷിക ബുദ്ധിശക്തിയും തമ്മിലും ഒരു പുതിയ സഖ്യത്തിന് മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. ലോകത്തിന്‍റെ സമ്പത്തു വര്‍ദ്ധിക്കുമ്പോള്‍ അസമത്തങ്ങളും വര്‍ദ്ധമാനമാകുന്ന പ്രതിഭാസം സാമ്പത്തിക തത്വങ്ങളും മാര്‍ഗ്ഗങ്ങളും പുനഃപരിശോധിക്കാന്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി നമ്മെ നിര്‍ബന്ധിക്കുന്നു. തങ്ങള്‍ ഒരേ മനുഷ്യ കുടുംബത്തിന്‍റെ ഭാഗമാണെന്നു ജനങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു".
സമൂഹത്തെ കാര്‍ന്നുതിന്നുന്ന രോഗങ്ങളുടെ നിര്‍ണ്ണയ പ്രക്രിയയിലും അവയ്ക്കു പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നതിലും ഒരു മാര്‍പാപ്പ ഇത്രമാത്രം വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നത് അപൂര്‍വ്വമാണെന്ന് അഭിപ്രായപ്പെടുന്നു ഫ്രാന്‍സിന്‍റെ തൊഴില്‍ വകുപ്പു മന്ത്രി സവിയേ ദര്‍കോ തന്‍റെ ലേഖനത്തില്‍.
ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പയുടെ "കാരിത്താസ് ഇ൯ വെരിത്താത്തെ" പ്രകാശിതമായിട്ട് ഒരു മാസം പൂര്‍ത്തിയായ ഓസസ്റ്റ് 7-ലെ കണക്കനുസരിച്ച് ആ ചാക്രികലേഖനത്തെ അധികരിച്ച് ആറായിരത്തില്‍പരം ലേഖനങ്ങള്‍ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.







All the contents on this site are copyrighted ©.