2009-08-05 10:05:58

കര്‍ദ്ദിനാള്‍ ക്ലൗദിയോ ഹൂമസ് വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാള്‍ ദിനത്തില്‍ വൈദികരോട്


പുരോഹിതവര്‍ഷത്തിലെ വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാളിനോട് അനുബന്ധിച്ച് ആഗോള സഭയിലെ വൈദികര്‍ക്കായി വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ക്ലൗദിയോ ഹൂമസ് ഒരു കത്ത് നല്‍കിയിരിക്കുന്നു. അതില്‍ കര്‍ദ്ദിനാള്‍ ഇപ്രകാരം എഴുതുന്നു. ലോകമെങ്ങും വ്യാപകമാകുന്ന പാശ്ചാത്യസംസ്ക്കാരം സുവിശേഷവല്‍ക്കരണത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. പരമവും സര്‍വ്വാതിശായിയും ആയ സത്യത്തെ നിരാകരിക്കുന്ന ആപേക്ഷികസിദ്ധാന്തവാദത്താല്‍ മുദ്രിതമായ ആ സംസ്ക്കാരം ധാര്‍മ്മികതയുടെ അടിസ്ഥാനങ്ങളെ തകര്‍ക്കുന്നതും മതത്തോട് തുറവില്ലാത്തതുമാണ്. വളരെ പ്രബലമായി കാണപ്പെടുന്ന ഈ സംസ്ക്കാരം അവതരിപ്പിക്കുന്ന, മാനവകുലത്തെ പ്രത്യേകിച്ച് യുവലോകത്തെ വശീകരിക്കുന്ന ശാസ്ത്രീയ സാങ്കേതികപുരോഗതിയുടെ മുഖ്യലക്ഷൃം നിര്‍ഭാഗ്യവശാല്‍ മാനവകുലത്തിന്‍െറയോ മനുഷ്യന്‍െറയോ നന്മയല്ല. അത് വ്യക്തിമേധാവിത്വ ആത്മനിഷ്ഠാവാദത്തോട് ഒന്നിക്കുമ്പോള്‍ എല്ലാത്തിന്‍െറയും കേന്ദ്രമായി തന്നെത്തന്നെ പ്രതിഷ്ഠിക്കാന്‍ മനുഷ്യന്‍ പ്രല്ലോഭിതനാകുകയും, അക്രൈസ്തവല്‍ക്കരണത്തിന് കാരണമാകുകയും ചെയ്യുന്നു. ദൈവവിളികള്‍ കുറയുന്നു. ഈ പരിതോവസ്ഥ എതിര്‍പ്പിന്‍െറ കിടങ്ങുകളിലെ പ്രതിരോധപരമായ അവസ്ഥയിലേയ്ക്ക് പിന്‍തിരിയുവാനും, ലോകത്തെ അപലപിക്കുവാനും പ്രല്ലോഭിപ്പിക്കുന്ന നിരാശാപൂര്‍വ്വകമായ ദോഷൈകദൃഷ്ടിത്വത്തിലേയ്ക്ക് വൈദികരെ നയിക്കാം. കര്‍ദ്ദിനാള്‍ കത്തില്‍ തുടരുന്നു- എന്നാല്‍ യേശു പറയുന്നു “ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്” (യോഹന്നാന്‍ 12/47) നഷ്ടധൈര്യരാകുവാനും ആനുകാലിക സമൂഹത്തെ ഭയപ്പെടുവാനും അതിനെ അപലപിക്കുവാനും ഉള്ള പരീക്ഷയ്ക്ക് നാം അടിപ്പെടരുത്. നാം ലോകത്തെ രക്ഷിക്കണം എല്ലാ മാനവസംസ്ക്കാരങ്ങളെയും ഇന്നത്തെതിനെ പോലും സുവിശേഷവല്‍ക്കരിക്കാനാവും. സുവിശേഷത്തിന് പ്രവേശിക്കാനാവുന്ന തുറവായി എല്ലാ സംസ്ക്കാരത്തിലും ‘വചനത്തിന്‍െറ വിത്തുണ്ട്’. എന്‍െറ പ്രിയ വൈദികരെ, ഇടയന്മാരായ നാം സുവിശേഷവല്‍ക്കരണത്തിനായി വിളിക്കപ്പെടുകയാണ്. നാം ഭയപ്പെടുകയോ, നമ്മുടെ ഭവനത്തിലായി ഒതുങ്ങികുടുകയോ ചെയ്യരുത്. കര്‍ത്താവ് തന്‍െറ ശിഷ്യരോടായി ചോദിച്ചു “അല്പവിശ്വാസികളെ നിങ്ങളെന്തിനു ഭയപ്പെടുന്നു. (വി.മത്തായി 8/25) അവിടുന്നു വീണ്ടും പറയുന്നു, “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍”.യോഹന്നാന്‍ (14/1) “വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്‍മേലാണ് വയ്ക്കുക”. (വി.മത്തായി 5/15). “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ട്രികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (വി.മര്‍ക്കോസ് 16/15). “യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകുടെ ഉണ്ടായിരിക്കും” (വി.മത്തായി 28/20 ല്‍ നിന്ന്).. സമൂഹത്തിലെ എല്ലാ സ്ഥാപനങ്ങളിലും എല്ലാ തലങ്ങളിലും ദൈവവചനം പ്രഘോഷിക്കുവാനുള്ള, ദൈവവചനം വിതയ്ക്കുവാനള്ള ക്രിസ്തുവിന്‍െറ ആഹ്വാനമനുസരിച്ച്, സന്തോഷത്തോടും, തീക്ഷ്ണതയോടും കുടെ അവിടുന്നു നമ്മുടെ കുടെയുണ്ട് എന്ന പ്രത്യാശയില്‍ പ്രവര്‍ത്തിക്കുവാന്‍ വൈദികരെ ഉദ്ബോധിപ്പിക്കുന്ന കര്‍ദ്ദിനാള്‍, നാം ദൈവവചനം വിതയ്ക്കുന്ന ഹൃദയങ്ങളില്‍ അവിടുന്ന് മുട്ടുകത്തന്നെ ചെയ്യുമെന്ന് ധൈര്യപ്പെടുത്തികൊണ്ടാണ് കത്ത് സമാപിപ്പിക്കുന്നത്.







All the contents on this site are copyrighted ©.