2009-07-31 16:49:36

സമാധാനം ആര്‍ജ്ജിക്കാനും പരിരക്ഷിക്കാനും ആഗ്രഹിക്കുന്നെങ്കില്‍ സൃഷ്ടിയെ പരിരക്ഷിക്കുക.


സാര്‍വ്വത്രിക കത്തോലിക്കാസഭ 2010 ജനുവരി 1-ന് ആചരിക്കുന്ന ലോക സമാധാന ദിനത്തിനു “സമാധാനം ആര്‍ജ്ജിക്കുന്നതിനും പരിരക്ഷിക്കുന്നതിനും ആഗ്രഹിക്കുന്നെങ്കില്‍ സൃഷ്ടിയെ പരിരക്ഷിക്കുക” എന്ന ആദര്‍ശ മുദ്രാവാക്യം പതിനാറാം ബനഡിക്ട് മാര്‍പാപ്പ തിരഞ്ഞെടുത്തു. ആഗോളവല്‍കൃതവും പരസ്പര ബദ്ധവുമായ നമ്മുടെ ലോകത്തില്‍ പരിസ്ഥിതിയുടെ പരിരക്ഷയും സമാധാനം എന്ന നന്മയുടെ പരിപോഷണവും തമ്മിലുള്ള അഭേദ്യ ബന്ധത്തെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു, സഭ ആചരിക്കുന്ന 43-›മത്തെ, വിശ്വശാന്തി ദിനം പ്രമാണിച്ചുള്ള തന്‍റെ സന്ദേശത്തിനു പാപ്പാ ഈ പ്രമേയം സ്വീകരിച്ചതെന്നു നീതി സാമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഒരു വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി. മനുഷ്യന്‍റെ സ്വാഭാവിക പരിസ്ഥിതി സംബന്ധിയായ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ഉപയോഗം, കാലാവസ്ഥാവ്യതിയാനം, ജൈവസാങ്കേതികവിദ്യകളുടെ പ്രയോഗോപയോഗങ്ങള്‍, ജനസംഖ്യാ വര്‍ദ്ധനവ് ഇത്യാദി നിരവധി പ്രശ്നങ്ങള്‍ ഗാഢവും ഉറ്റതുമായ ഈ ബന്ധത്തെ ഇന്നു ചോദ്യം ചെയ്യുന്നുവെന്നു വിജ്ഞാപനത്തില്‍ പറയുന്നു. ഈ നവീന വെല്ലുവിളികളെ നീതി, സാമൂഹ്യ ന്യായം, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം എന്നിവയുടെ ഒരു നവീകൃത അവബോധത്തോടെ അഭിമുഖീകരിക്കാ൯ മാനവ കുടുംബത്തിനു കഴിയാതെ വരുന്നതു ജനതകള്‍ക്കും ഇന്നത്തെയും നാളെത്തെയും തലമുറകള്‍ക്കും ഇടയില്‍ അക്രമം വിതയ്ക്കുന്ന അപകടമുണ്ടെന്നു നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു.
“ "കാരിത്താസ് ഇ൯ വെരിത്താത്തെ" എന്ന ചാക്രികലേഖനത്തിന്‍റെ 48 മുതല്‍ 51 വരെ ഖണ്ഡികകളിലെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ച്, മാര്‍പാപ്പയുടെ സന്ദേശം പരിസ്ഥിതി സംരക്ഷണം ഒരു വെല്ലുവിളിയായി മനുഷ്യകുലത്തിനു മുഴുവ൯ അനുഭവപ്പെടേണ്ടതിന്‍റെ അടിയന്തിര സ്വഭാവം അടിവരയിട്ടു പറയും. സൃഷ്ടാവു നിര്‍ണ്ണയിച്ചുറപ്പിച്ചിരിക്കുന്ന ക്രമത്തില്‍ എല്ലാ മനുഷ്യരുടെയും ഒരു പൊതുസ്വത്തിനെ ബഹുമാനിക്കുന്നതിനുള്ള കൂട്ടായതും സാര്‍വ്വത്രികവുമായ ഉത്തരവാദിത്വമാണത്”, അതില്‍ കൂട്ടിച്ചേര്‍ക്കുന്നു.
നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വിജ്ഞാപനം ഇപ്രകാരമാണ് ഉപസംഹരിക്കുന്നത്: “പരിസ്ഥിതി പ്രശ്നങ്ങളെ പരിസ്ഥിതി മലിനീകരണം മുന്നറിയിപ്പു നല്കുന്ന ഭീതിദ ഭവിഷത്തുകള്‍കാരണം മാത്രമല്ല അഭിമുഖീകരിക്കേണത്; അവയെ, സര്‍വ്വോപരി, സമാധാനം ആര്‍ജ്ജിക്കുന്നതിനും പരിരക്ഷിക്കുന്നതിനും ശക്തമായ ഒരു പ്രചോദനമാക്കി രൂപാന്തരപ്പെടുത്തേണ്ടിയിരിക്കുന്നു”,







All the contents on this site are copyrighted ©.