2009-07-27 10:58:49

മാര്‍പാപ്പയുടെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ കൈക്കുഴ നന്നായി സുഖംപ്രാപിച്ചുകൊണ്ടിരിക്കുന്നു.


പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ തെന്നി വീണ് ഒടിഞ്ഞതിനെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ വലതുകൈക്കുഴ നന്നായി സുഖപ്പെട്ടുകൊണ്ടിരിക്കുന്നതായി ഏറ്റവും ഒടുവിലത്തെ എക്സ്റേ പരിശോധനയുടെ ഫലങ്ങള്‍ കാണിക്കുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗിക വക്താവ് ഫാദര്‍ ഫെദറീക്കൊ ലൊമ്പാര്‍ദി, എസ്.ജെ. അറിയിച്ചു. പാപ്പാ വടക്ക൯ ഇറ്റലിയില്‍ ആല്‍പ്സ് പര്‍വ്വത താഴ്വരയായ അവോസ്തയില്‍ വേനല്‍ക്കാല വിശ്രമത്തിലായിരിക്കുന്ന വസതിയില്‍വച്ചുതന്നെ നടത്തിയ, ഏകദേശം അര മണിക്കൂര്‍ നീണ്ട, എക്സ്റേ, വൈദ്യ പരിശോധനകളുടെ ഫലങ്ങള്‍ പ്രതീക്ഷിച്ചിരുന്നതുപോലെ തൃപ്തികരമായ സുഖപ്രാപ്തി കാണിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
രണ്ടാഴ്ചത്തെ വിശ്രമത്തിന് അവോസ്ത താഴ്വരയിലെ ലെ കോമ്പില്‍ ജൂലൈ 13-ന് എത്തിയ മാര്‍പാപ്പ 16 രാത്രിയില്‍ തന്‍റെ മുറിയില്‍ തെന്നി വീണ് വലതുകൈക്കുഴ ഒടിയുകയും 17-ന് പാപ്പായെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയുമായിരുന്നു.
മാര്‍പാപ്പയുടെ സ്വകാര്യ ഭിഷഗ്വര൯ പട്രീസ്യൊ പൊലീസ്കാ, അവോസ്ത ആശുപത്രിയിലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മനുവേല്‍ മ൯ചീനി, റോമിലെ ഫാത്തെബേനെഫ്രത്തേല്ലി ആശുപത്രിയിലെ അസ്ഥികളുടെ തകരാറുകള്‍ക്കുള്ള ചികിത്സാവിഭാഗത്തിന്‍റെ തലവ൯ ഡോക്ടര്‍ വി൯ചേന്‍സൊ സേസ്സ എന്നിവര്‍ ഉള്‍പ്പെടെ ആറു ഭിഷഗ്വരന്‍മാരുടെ ഒരു സംഘമാണ് പരിശോധനകള്‍ നടത്തിയത്. ലെ കോമ്പിലെ വാസത്തിനുശേഷം ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ വേനല്‍ക്കാല അരമനയിലും തുടര്‍ന്നു വത്തിക്കാനിലും ആയിരിക്കുമ്പോള്‍ ഡോക്ടര്‍ സേസ്സ ആയിരിക്കും കൈക്കുഴയുടെ സുഖപ്രാപ്തിയുടെ പൂരോഗതി നിരീക്ഷിക്കുന്നത്.







All the contents on this site are copyrighted ©.