2009-07-24 12:48:38

പൊതു പണം ജീവന്‍റെ പരിപാലനത്തിന് മാത്രം വിനിയോഗിക്കപ്പെടണം, ഒരു മരണ സംസ്കാരം പരിപോഷിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടരുത് - ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല.


സാമ്പത്തിക പ്രതിസന്ധിയുടേതായ ഇക്കാലത്ത് പൊതു പണം എല്ലാ മേഖലയിലും ജീവനെ പരിപാലിക്കുന്നതിനു മാത്രമേ വിനിയോഗിക്കാവൂ ഒരു മരണ സംസ്കാരം വര്‍ദ്ധമാനമാക്കുന്നതിന് ഒരിക്കലും ഉപയോഗിക്കാ൯ പാടില്ല എന്നു ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ തലവ൯ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല പ്രസ്താവിച്ചു. മനുഷ്യ ജീവനെ സ്വാഗതം ചെയ്യുകയും, അതിന്‍റെ എല്ലാ ഘട്ടത്തിലും പരിരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതു വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും യഥാര്‍ത്ഥ പുരോഗതി കൈവരുത്തുന്നതിനുള്ള പരിശ്രമത്തിന്‍റെ അത്യന്താപേക്ഷിത ഭാഗമാണെന്നു പതിനാറാം ബനഡിക്ട് മാര്‍പാപ്പ "കാരിത്താസ് ഇ൯ വെരിത്താത്തെ" - സ്നേഹം സത്യത്തില്‍ - എന്ന തന്‍റെ ചാക്രിക ലേഖനത്തില്‍ സുതരാം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “തന്‍റെ ഈ പ്രഥമ സാമൂഹ്യ ചാക്രിക ലേഖനത്തില്‍ പാപ്പാ പുരോഗതിയെ കേവലം പട്ടിണി, ദാരിദ്ര്യം, രോഗങ്ങള്‍, നിരക്ഷരത എന്നിവയില്‍നിന്നൊക്കെ മനുഷ്യനെ വിമുക്തമാക്കുന്ന ഒരു പ്രക്രിയയായിട്ടല്ല, പ്രത്യുത അതിന്‍റെ ചക്രവാളം കൂടുതല്‍ വികസിപ്പിച്ചുകൊണ്ടു, വാസ്തവും അകൃത്രിമവുമായ പുരോഗതിയ്ക്കു, നമ്മുടെ ഇക്കാലത്ത് അനുഭവപ്പെടുന്നതുപോലുള്ള സാമ്പത്തിക പ്രതിസന്ധിയിലും, വ്യക്തിയുടെ സമഗ്രവികസനം ആവശ്യകമാണെന്നു ചൂണ്ടിക്കാട്ടുന്നു. ആകയാല്‍ ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ അപഗ്രഥിക്കുകയും സാമൂഹ്യ വികസനം വിലയിരുത്തുകയും ചെയ്യുന്ന ഒരു ചാക്രിക ലേഖനത്തില്‍ ഗര്‍ഭഛിദ്രം, കാരുണ്യവധം, ഭ്രൂണകോശ ഗവേഷണം എന്നിയെപ്പറ്റി പ്രതിപാദിക്കുന്നതില്‍ അനുവാചകര്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍ ഈ മേഖലകളില്‍ ഇന്നു, സര്‍ക്കാരുകളും സ്വകാര്യ വ്യക്തികളും ഒരുപോലെ, വമ്പിച്ച തോതില്‍ പണം മുടക്കുന്നുവെന്നതു നമുക്കു വിസ്മരിക്കാനാവില്ല”, ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല കൂട്ടിച്ചേര്‍ത്തു.
ജൂലൈ 7-ന് പ്രകാശിതമായ "കാരിത്താസ് ഇ൯ വെരിത്താത്തെ" എന്ന ചാക്രിക ലേഖനത്തെ അധികരിച്ചു റോമില്‍ സംഘടിപ്പിക്കപ്പെട്ട ഒരു യോഗത്തില്‍ പ്രസംഗിക്കുന്നതിനു തൊട്ടുമുമ്പ് വത്തിക്കാ൯ റേഡിയോയുമായി നടത്തിയ ഒരഭിമുഖ സംഭാഷണത്തിലാണ് ജീവനുവേണടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ അദ്ധ്യക്ഷ൯ ഇക്കാര്യങ്ങള്‍ പറഞ്ഞത്.







All the contents on this site are copyrighted ©.