2009-07-23 08:03:26

"കാരിത്താസ് ഇ൯ വെരിത്താത്തെ" പ്രത്യാശയുടെ അതിശക്തമായ ഒരു സന്ദേശം – കര്‍ദ്ദിനാള്‍ ആ൯ഡ്രെ വാ൯-ത്രോവ്വ.


പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ "കാരിത്താസ് ഇ൯ വെരിത്താത്തെ" (Caritas in Veritate) – സ്നേഹം സത്യത്തില്‍ - എന്ന ചാക്രിക ലേഖനം മാനവകുലത്തിനു മുഴുവ൯ പ്രത്യാശയുടെ അതിശക്തമായ ഒരു സന്ദേശമാണെന്ന് പാരീസ് അതിരൂപതയുടെ ഭരണാദ്ധ്യക്ഷ൯ കര്‍ദ്ദിനാള്‍ ആ൯ഡ്രെ വാ൯-ത്രോവ്വ (Andre Vignt-Trois) പ്രശംസിച്ചു. മനുഷ്യരാശിയ്ക്കു സ്വന്തം അധിവാസ ഇടമായ ലോകത്തിന്‍റെമേല്‍ ആധിപത്യം സ്ഥാപിക്കുക എന്ന ദൗത്യവും അതിനുള്ള സാദ്ധ്യതയും ഉണ്ടെന്നും വസ്തുതകള്‍ക്കും സാഹചര്യങ്ങള്‍ക്കും അവ ആയിരിക്കുന്ന വിധത്തില്‍ വിധേയപ്പെടാതെ ഈ ലോകത്തെ രൂപാന്തരപ്പെടുത്താനും, മനുഷ്യ ബന്ധങ്ങളില്‍ നീതിയിലൂടെയും സ്നേഹത്തിലൂടെയും പുരോഗതി കൈവരുത്താനും മനുഷ്യവര്‍ഗ്ഗത്തിനു കഴിയും എന്നും ഉള്ള സന്ദേശം മാര്‍പാപ്പ തന്‍റെ മൂന്നാമത്തെ ചാക്രിക ലേഖനത്തിലുടെ നല്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബനഡിക്ട് പതിനാറാമ൯ പാപ്പായുടെ പ്രഥമ സാമൂഹ്യ ചാക്രിക ലേഖനം "കാരിത്താസ് ഇ൯ വെരിത്താത്തെ" പാരീസില്‍ ഫ്രാ൯സിലെ രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കുവേണ്ടി അവതരിപ്പിക്കപ്പെട്ട ഒരു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പാരീസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ വാ൯-ത്രോവ്വ.
പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളുടെ സങ്കീര്‍ണ്ണബാഹുല്യത്താലും, സാമൂഹ്യവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തെപ്പറ്റിയുള്ള അതിന്‍റെ പൊതുവായ വീക്ഷണത്താലും പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ ഈ പുതിയ ചാക്രിക ലേഖനം പ്രത്യേകം ശ്രദ്ധേയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭയുടെ സാമൂഹ്യ പ്രബോധനത്തിന്‍റെ, “ഓരോമനുഷ്യന്‍റെയും എല്ലാ മനുഷ്യരുടെയും സമ്പൂര്‍ണ്ണ പുരോഗതി” എന്ന മൗലിക തത്വത്തില്‍നിന്നാണ് "കാരിത്താസ് ഇ൯ വെരിത്താത്തെ" എന്ന ചാക്രിക ലേഖനത്തിന്‍റെ തുടക്കം എന്ന് കര്‍ദ്ദിനാള്‍ വാ൯-ത്രോവ്വ കൂട്ടിച്ചേര്‍ത്തു.







All the contents on this site are copyrighted ©.