2009-07-18 16:31:58

കര്‍ദ്ദിനാള്‍ ഷ്യാന്‍ മാര്‍ഷ്യേ തീക്ഷ്ണമതിയായ കുടുംബപ്രേഷിതനെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


കര്‍ദ്ദിനാള്‍ ഷ്യാന്‍ മാര്‍ഷ്യേയുടെ തീകഷ്ണവും കാര്യക്ഷമവും ആയ കുടുംബപ്രേഷിതത്വത്തെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രശംസിക്കുന്നു. മൗറീഷ്യസിലെ പോര്‍ട്ട് ളൂയിസ് രുപതയുടെ മുന്‍ സാരഥിയായിരുന്ന അദ്ദേഹത്തിന്‍െറ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് അയച്ച കമ്പിസന്ദേശത്തിലാണ് ആ പ്രശംസ കാണുന്നത്. തീക്ഷ്ണമതിയായിരുന്ന കര്‍ദ്ദിനാള്‍ തന്‍െറ ജീവിതം മുഴുവന്‍ മൗറീഷ്യസിലെ ജനങ്ങള്‍ക്കായി വ്യയം ചെയ്തെന്ന് ശ്ലാഘിക്കുന്ന പ.പിതാവ് കര്‍ദ്ദിനാളിന്‍െറ സുവിശേഷവല്‍ക്കരണപ്രതിബദ്ധതയും, കുടുംബങ്ങളുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ആയുള്ള സേവനവും വളരെ പ്രശംസനീയമാണെന്ന് സന്ദേശത്തില്‍ പറയുന്നു. സഹപൗരമാരായ ഹിന്ദുക്കളും, മുസ്ലിങ്ങളുമായി സൗഹൃദബന്ധം പുലര്‍ത്തിയ അദ്ദേഹം ആ ചെറിയ ദ്വീപിലെ കത്തോലിക്കരുടെ നവീകരണാര്‍ത്ഥം വിവിധ പരിപാടികള്‍ നടപ്പിലാക്കി. ഹിന്ദു ഭൂരിപക്ഷമുള്ള അവിടെ മാതൃകയിലൂടെയും, ക്രൈസ്തവ പ്രബോധനങ്ങള്‍ കുടുതല്‍ പ്രചരിപ്പിച്ചുകൊണ്ടും സുവിശേഷവല്‍ക്കരണത്തിന് അദ്ദേഹം കഠിനമായി അദ്ധ്വാനിച്ചു. അദ്ദേഹത്തിന്‍െറ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങളുടെ സംഖ്യ 185 ആയി താണു. അവരില്‍ 114 പേര്‍ പാപ്പായുടെ തെരഞ്ഞെടുപ്പില്‍ വോട്ടുവകാശമുള്ളവരാണ്. മറ്റ് 71 പേര്‍ 80 വയസ്സു പൂര്‍ത്തിയായവരായതിനാല്‍ അവര്‍ക്ക് ആ വോട്ടുവകാശമില്ല.. മൗറീഷ്യസിലെ ജനസംഖ്യയില്‍ ഏതാണ്ടു പകുതി ഹിന്ദുക്കളാണ്. കത്തോലിക്കര്‍ 24% മാത്രമാണ്.
 







All the contents on this site are copyrighted ©.