2009-07-14 15:08:12

ഇറാക്കില്‍ ക്രൈസ്തവദേവാലയങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണപരമ്പരയെ പാപ്പാ അപലപിക്കുന്നു.


അടുത്തയിട ഇറാക്കില്‍ ക്രൈസ്തവദേവാലയങ്ങള്‍ക്ക് നേരെയുണ്ടായ അക്രമപരമ്പരയെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ശക്തമായി അപലപിക്കുന്നു. ആ നീചകൃത്യങ്ങള്‍ നടത്തിയവരുടെ മനപരിവര്‍ത്തനത്തിനായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിക്കുന്ന പാപ്പാ ഇറാക്കിലെ എല്ലാ വിഭാഗക്കാരുടെയും നീതിപൂര്‍വ്വകവും, സമാധാനപരവുമായ സഹജീവനത്തെ പരിപോഷിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുവാന്‍ അന്നാടിന്‍െറ അധികാരികളെ ആഹ്വാനം ചെയ്യുന്നു. വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീയോ ബര്‍ത്തോണെ പാപ്പായുടെ പേരില്‍ ബാഗ്ദാദ് അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ എമ്മാനുവേല്‍ ദെല്ലിയ്ക്ക് അയച്ച കമ്പിസന്ദേശത്തിലാണ് അവ കാണുന്നത്. ഈ ശനിയാഴ്ച രാത്രി പടിഞ്ഞാറന്‍ ബാഗ്ദാദിലെ സെന്‍റ് ജോസഫ്സ് ദേവാലയത്തിനു സമീപെയായിരുന്നു ആദ്യബോംബ് സ്ഫോടനം. ഞായറാഴ്ച ബാഗ്ദാദിലും പരിസരത്തുമുള്ള അഞ്ചു ദേവാലയങ്ങള്‍ക്കു സമീപം സ്ഫോടനങ്ങള്‍ നടന്നു. തിങ്കളാഴ്ച മൊസുളിനു സമീപം ഒരു ദേവാലയം ആക്രമിക്കപ്പെട്ടു. ആ ഏഴു ആക്രമണങ്ങളിലായി 14 പേര്‍ കൊല്ലപ്പെടുകയും, 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രൈസ്തവരെ ഭയപ്പെടുത്തി ഇറാക്കില്‍ നിന്ന് പലായനം ചെയ്യിക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്ന് ബാഗദാദ് കല്‍ദായ രുപതയുടെ സഹായമെത്രാന്‍ ഷലെമോണ്‍ വര്‍ദൂനി അപലപിക്കുന്നു. 2003ല്‍ 10 ലക്ഷം കത്തോലിക്കരുണ്ടായിരുന്ന ബാഗ്ദാദ് പ്രദേശത്ത് ഇന്ന് വെറും നാലു ലക്ഷം പേര്‍ മാത്രമേയുള്ളൂ. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ക്രൈസ്തവരുടെ നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഖേദവും ആശങ്കയും അറിയിച്ച കര്‍ദ്ദിനാള്‍ എന്നാനുവേല്‍ ദെല്ലി യുദ്ധക്കാലത്തും, അതുപോലെ ഇതര ആവശ്യവേളകളിലും ക്രൈസ്തവര്‍ക്കും, മുസ്ളിങ്ങള്‍ക്കും ഒരു പോലെ അഭയസങ്കേതമായിരുന്ന ദേവാലയങ്ങള്‍ ഇന്ന് അക്രമവിധേയമാകുകയാണെന്ന് പരിതപിച്ചു. ഇറാക്കി നഗരങ്ങളില്‍ നിന്നു് അമേരിക്കന്‍ സേന പിന്‍മാറിയതിനെ തുടര്‍ന്ന് തീവ്രവാദികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.







All the contents on this site are copyrighted ©.