2009-07-09 09:58:25

പതിനാറാം ബനഡിക്ട് മാര്‍പാപ്പ ജപ്പാന്‍റെ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ ജാപ്പനീസ് പ്രധാന മന്ത്രി താറൊ ആസൊയെ വത്തിക്കാനില്‍ സ്വീകരിച്ചു സംഭാഷണം നടത്തി. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചാനന്തരം ജപ്പാന്‍റെ പ്രധാന മന്ത്രി വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ചിസീയൊ ബര്‍ത്തോണെയുമായുമായും സംഭാഷണം നടത്തിയതായും വിദേശ ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാ൯ കാര്യാലത്തിന്‍റെ മേധാവി ആര്‍ച്ചുബിഷപ്പ് ദോമിനിക്ക് മമ്പേര്‍ത്തിയും തദവസരത്തില്‍ സന്നിഹിതനായിരുന്നെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസ് ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
തികച്ചും സൗഹാര്‍ദ്ദപരമായിരുന്ന ആ സംഭാഷണങ്ങളില്‍ ഇന്നത്തെ പല പ്രസക്ത അന്താരാഷ്ട്ര പ്രശ്നങ്ങളും ചര്‍ച്ചചെയ്യപ്പെട്ടുവെന്നും ആഗോള സാമ്പത്തിക പ്രതിസന്ധി പ്രത്യേക പരാമര്‍ശത്തിനു വിഷയമായിയെന്നും വാര്‍ത്താക്കുറിപ്പു വെളിപ്പെടുത്തി. ഉഭയകക്ഷി തലത്തില്‍ ജപ്പാനും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നല്ല ബന്ധവും, അതുപോലെ, സഭയും രാഷ്ട്രവും തമ്മില്‍ നിലവിലുള്ള അഭിപ്രായൈക്യവും സഹകരണവും ചര്‍ച്ചാവിഷയങ്ങളായിരുന്നെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വാര്‍ത്താക്കുറിപ്പില്‍ കാണുന്നു.
ജി-എട്ടു രാജ്യങ്ങളുടെ ലാക്വില പട്ടണത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇറ്റലിയില്‍ ആയിരിക്കുന്ന ജാപ്പനീസ് പ്രധാന മന്ത്രി താറൊ ആസൊ ഉച്ചകോടി ആരംഭിച്ചതിന്‍റെ തലേന്നാണു വത്തിക്കാനില്‍ സ്വീകരിക്കപ്പെട്ടത്. അമേരിക്ക൯ ഐക്യനാടുകളുടെ പ്രസിഡണ്ട് ബരാക് ഒബാമയെ ജി-എട്ട് ഉച്ചകോടി സമാപിക്കുന്ന വെള്ളിയാഴ്ച പതിനാറാം ബനഡിക്ട് മാര്‍പാപ്പ വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്കു സ്വീകരിക്കും.







All the contents on this site are copyrighted ©.