2009-07-08 09:54:48

പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ മൂന്നാമത്തെ ചാക്രീയലേഖനം പ്രസിദ്ധീകൃതമായി.


 
പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ മൂന്നാമത്തെ ചാക്രീയലേഖനം ‘സത്യത്തിലെ സ്നേഹം’ ചെവ്വാഴ്ച പ്രകാശിതമായി. സ്നേഹത്തിലും സത്യത്തിലും ഉള്ള സമഗ്രമാനവവികസനത്തെ അധികരിച്ച ആ ചാക്രീയലേഖനത്തിന് ആമുഖവും, സമാപനവും കുടാതെ ആറു അദ്ധ്യായങ്ങള്‍ ഉണ്ട്. ജനതകളുടെ പുരോഗതി എന്ന ചാക്രീയലേഖനത്തിന്‍െറ സന്ദേശം, നമ്മുടെ ഇക്കാലത്തെ മാനവപുരോഗതി, ദ്രാതൃത്വവും സാമ്പത്തികവികസനവും പൗരസമൂഹവും, ജനങ്ങളുടെ വികസനം- അവകാശങ്ങളും കടമകളും പരിസ്ഥിതിയും, മാനവകുടുംബത്തിന്‍റ സഹകരണം, ജനതകളുടെ വികസനവും സാങ്കേതികവിദ്യയും എന്നിവയാണ് ആ അദ്ധ്യായങ്ങളുടെ ശീര്‍ഷകങ്ങള്‍ യഥാക്രമം. ചൊവ്വാഴ്ച പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിലായിരുന്നു ചാക്രീയലേഖനത്തിന്‍െറ പ്രകാശനകര്‍മ്മം. തദവസരത്തില്‍ നീതിസമാധാനക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റെനാത്തോ മര്‍ത്തീനോ, സെക്രട്ടറി ബിഷപ്പ് ജാംപൗളോ ക്രേപാല്‍ദി, COR UNUM പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പോള്‍ ജോസഫ് കോര്‍ഡ്സ് എന്നിവര്‍ സന്നിഹിതരായിരുന്നു. ‘സത്യത്തിലെ സ്നേഹം’ എന്ന ചാക്രീയലേഖനം ഒരു സാമൂഹികചാക്രീയലേഖനമാണെന്ന് തന്‍െറ പ്രഭാഷണത്തില്‍ പറഞ്ഞ കര്‍ദ്ദിനാള്‍ റെനാത്തോ മര്‍ത്തീനോ സത്യത്തോടുള്ള ആഴമായ ബന്ധത്തിലൂടെ ഉപവി മാനവികതയുടെ അധികൃതപ്രകടനമാകുമെന്നും, അപ്പോള്‍ അത് മാനവബന്ധങ്ങളിലെ അടിസ്ഥാനപ്രാധാന്യമുള്ള ഒരു ഘടകമായി രുപാന്തരപ്പെടുമെന്നും പ്രസ്താവിച്ചു.







All the contents on this site are copyrighted ©.