2009-07-01 15:45:14

അടുത്തയിടയിലെ ട്രെയിന്‍, വിമാന അപകടങ്ങളില്‍ പാപ്പാ അനുശോചനം അറിയിച്ചു.


 
വടക്കന്‍ ഇറ്റലിയിലെ വിയാരേജിയോയിലെ ട്രെയിന്‍ അപകടത്തിലും, കോമോറോസിനടുത്തുള്ള മിറ്റ്സാമിയോലിലെ വിമാനാപകടത്തിലും പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഖേദവും, അനുശോചനവും അറിയിച്ചു. ഇറ്റലിയിലെ ലൂക്കാ അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പ് ബെന്‍വെനൂത്തോ ഇത്താലോ കാസ്തേലാനീയുടെയും, അറബിരാജ്യങ്ങളിലെ അപ്പസ്തോലിക് നൂണ്‍ഷിയോ ആര്‍ച്ചുബിഷപ്പ് പോള്‍ മൗന്‍ജഡ് എല്‍ ഹക്കെമിന്‍െറയും പേരില്‍ വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ അയച്ച കമ്പിസന്ദേശങ്ങളിലാണ് അവ കാണുന്നത്. പാപ്പാ ട്രെയിന്‍ അപകടത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥന ഉറപ്പു നല്‍കുന്നുവെന്നും, മുറിവേറ്റവര്‍ക്ക് സുഖപ്രാപ്തി ആശംസിക്കുന്നുവെന്നും, ദുരന്തത്തിനു് ഇരകളായവരെ കന്യകാംബികയുടെ മാതൃസഹജമായ സംരക്ഷണത്തിന് ഭരമേല്പിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ബെന്‍വെനൂത്തോ കാസ്തേലാനിയുടെ പേരിലയച്ച കമ്പിസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ അറിയിക്കുന്നു. ഗ്യാസ് വാഗണ്‍ ഘടിപ്പിച്ച ട്രെയിന്‍ പാളം തെറ്റി കുട്ടിയിടിച്ചുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരണമടഞ്ഞു. അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. 152 പേരുടെ മരണത്തിനു കാരണമായ വിമാനാപകടത്തിനു ഇരകളായവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുന്നുവെന്നും, ആ അപകടം മൂലം വേദനിക്കുന്നവര്‍ക്കായി തന്‍െറ അപ്പസ്തോലികാശീര്‍വാദം നല്‍കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് പോള്‍ മൗന്‍ജഡ് എല്‍ ഹക്കെമിന്‍െറ പേരിലയച്ച കമ്പിസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പറയുന്നു.. യെമന്‍ യാത്രാവിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. മഡഗാസ്കറിനു സമീപെയുള്ള കോമോറോസിലെ മിറ്റ്സാമിയോലി പട്ടണത്തിനടുത്താണ് വിമാനം തകര്‍ന്നുവീണത്.







All the contents on this site are copyrighted ©.