2009-06-21 19:32:58

വൈദിക വത്സരം സമാരംഭിച്ചു.


പതിനാറാം ബനഡിക്ട് മാര്‍പാപ്പ സാര്‍വ്വത്രിക കത്തോലിക്കാസഭയില്‍ പ്രഖ്യാപിച്ച പുരോഹിത വത്സരം യേശുവിന്‍റെ തിരുഹൃദയത്തിരുനാളും പുരോഹിതരുടെ പവിത്രീകരണത്തിനുള്ള പ്രാര്‍ത്ഥനാദിനവുമായിരുന്ന 19 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നു വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയില്‍ സായംകാല പ്രാര്‍ത്ഥന നയിച്ചുകൊണ്ടു ബനഡിക്ട് പതിനാറാമ൯ പാപ്പാ 19 ജൂണ്‍ 2010 വരെ ദീര്‍ഘിക്കുന്ന വൈദിക വര്‍ഷത്തിന് ആരംഭം കുറിച്ചു. ഇടവക വൈദികരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥ൯, ഫ്രാ൯സിലെ ആര്‍സ് എന്ന സ്ഥലത്തെ ഇടവകയുടെ വികാരിയായിരുന്ന, വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ നൂറ്റിയമ്പതാം ചരമവാര്‍ഷികം പ്രമാണിച്ച് ആചരിക്കപ്പെടുന്ന പുരോഹിത വത്സരത്തിന്‍റെ ഉദ്ഘാടനത്തിരുക്കര്‍മ്മം വിശുദ്ധന്‍റെ തിരുശേഷിപ്പിന്‍റെ സന്നിധിയിലാണു നടത്തപ്പെട്ടത്. ആ അവസരം പ്രമാണിച്ചു പുണ്യവാന്‍റെ പൂജ്യാവശിഷ്ടം ആര്‍സില്‍നിന്നു, ബെല്ലി-ആര്‍സ് രൂപതയുടെ ബിഷപ്പ് ഗീ ബഞ്ഞാ, വത്തിക്കാനിലേക്കു കൊണ്ടുവന്നിരുന്നു. വിശുദ്ധ പത്രോസിന്‍റെ ബസലിക്കയിലെ ഗായകഗണ കപ്പേളയില്‍ പൊതുദര്‍ശനത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ആ തിരുശേഷിപ്പു വണങ്ങുകയും ധൂപാര്‍പ്പണം നടത്തുകയും അതിന്‍റെ മുമ്പില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തതിനുശേഷമാണു മാര്‍പാപ്പ വൈദിക വത്സരം ഉദ്ഘാടനംചെയ്യപ്പെട്ട സായാഹ്ന പ്രാര്‍ത്ഥന നയിച്ചത്.
“നിങ്ങള്‍ എന്‍റെ സ്നേഹത്തില്‍ നിലനില്ക്കുവി൯” ‹യോഹ.15,9› എന്ന യേശുവിന്‍റെ ക്ഷണം ജ്ഞാനസ്നാനപ്പെട്ട ഓരോ വ്യക്തിയ്ക്കും ഉള്ളതെങ്കിലും യേശുവിന്‍റെ തിരുഹൃദയത്തിരുനാളും പുരോഹിതരുടെ പവിത്രീകരണത്തിനായുള്ള പ്രാര്‍ത്ഥനയുടെയുമായദിനത്തില്‍, വിശിഷ്യ, ആര്‍സിലെ വിശുദ്ധനായ വികാരിയുടെ നൂറ്റിയമ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആചരിക്കപ്പെടുന്നതിനു താന്‍ അഭിലഷിച്ച പുരോഹിത വര്‍ഷത്തിനു സാഘോഷമായ പ്രാരംഭം കുറിക്കുന്ന പ്രദോഷത്തില്‍, പുരോഹിതര്‍ക്കായി കൂടുതല്‍ ശക്തിയോടും ഉച്ചൈസ്തരവും മാറ്റൊലിക്കൊള്ളുന്നുവെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ സായംകാല പ്രാര്‍ത്ഥനയിലെ തന്‍റെ പ്രഭാഷണത്തില്‍ പറഞ്ഞു. വിശുദ്ധ വിയാനിയുടെ, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള, “യേശുവിന്‍റെ ഹൃദയത്തിലെ സ്നേഹമാണു പൗരോഹിത്യം” ‹1589› എന്നുള്ള മനോജ്ഞവും ഹൃദയസ്പര്‍ശിയുമായ പ്രസ്താവം തന്‍റെ സ്മരണയിലെത്തുന്നുവെന്നു അറിയിച്ച പാപ്പാ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു‚ “ നമ്മുടെ പൗരോഹിത്യ ശുശ്രൂഷ എന്ന ദാനം നേരിട്ട് ഈ ഹൃദയത്തില്‍നിന്നു നിര്‍ഗ്ഗളിക്കുന്നതാണെന്നു വികാരനിര്‍ഭരരായി സ്മരിക്കാതിരിക്കാതിരിക്കാന്‍ നമുക്കാവുമോ? ......സഭയ്ക്കും ലോകത്തിനും അത്യന്ത്യാപേക്ഷിതമായ ഒരു ധര്‍മ്മമാണു നമുക്കു നിര്‍വ്വഹിക്കാനുള്ളത്. നമ്മുടെ ഈ ധര്‍മ്മം ക്രിസ്തുവിനോടുള്ള പരിപൂര്‍ണ്ണ വിശ്വസ്തയും അവിരത ഐക്യവും ആവശ്യപ്പെടുന്നു. വിശുദ്ധ ജോണ്‍ മരിയ വിയാനി ചെയ്തതുപോലെ വിശുദ്ധി പ്രാപിക്കുന്നതിനു നാമും നിരന്തരം പരിശ്രമിക്കണമെന്ന് ഇത് ആവശ്യപ്പെടുന്നു. .....സഭയെ, ക്രിസ്തുവിന്‍റെ ശരീരത്തെ, ഏറ്റവും കൂടുതല്‍ നൊമ്പരപ്പെടുത്തുന്നത് അവളുടെ ഇടയരുടെ, സര്‍വ്വോപരി ആടുകളെ മോഷ്ടിക്കുന്നവരായി രൂപാന്തരപ്പെടുന്നവരുടെ, പാപങ്ങളാണ് എന്നതു നമുക്കെങ്ങനെ വിസ്മരിക്കാനാവും? കാരണം അവര്‍ തങ്ങളുടെ സ്വന്തമായ സിദ്ധാന്തങ്ങളിലുടെ വിശ്വാസികളെ വഴിതെറ്റിക്കുകയോ പാപത്തിന്‍റെയും മരണത്തിന്‍റെയും പാശങ്ങളാല്‍ ബന്ധിതരാക്കുകയോ ചെയ്യുന്നു. ആകയാല്‍ മാനസാന്തരപ്പെടാനും ദൈവിക കാരുണ്യത്തില്‍ ശരണപ്പെടാനും ഉള്ള ആഹ്വാനം, പ്രിയപ്പെട്ട വൈദികരേ, നമുക്കുംകൂടി ഉള്ളതാണ്. രക്ഷിക്കാ൯ നമുക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നവരെ നശിപ്പിക്കുന്ന ഭീകര അപകടത്തില്‍പ്പെടാതെ കാത്തുസൂക്ഷിക്കാ൯ നാമും യേശുവിന്‍റെ തിരുഹൃദയത്തോടു വിനയപൂര്‍വ്വവും നിരന്തരമായും അപേക്ഷിക്കേണ്ടിയിരിക്കുന്നു. സഭയ്ക്കു വിശുദ്ധരായ പുരോഹിതരെ, കര്‍ത്താവിന്‍റെ കരുണാര്‍ദ്ര സ്നേഹം അനുഭവിച്ചറിയാ൯ വിശ്വാസികളെ സഹായിക്കുന്നവരും ഉത്തമ ബോധ്യമുള്ള സാക്ഷികളുമായ ശുശ്രൂഷകരെ, ആവശ്യമാണ്. ,,,,,... അജപാലന ശ്രദ്ധയ്ക്ക് കര്‍ത്താവ് നമ്മെ ഏല്പിക്കുന്ന വിശ്വാസികള്‍ക്കു ദൃഢനിശ്ചയമുള്ളവരും പ്രബുദ്ധരുമായ മാര്‍ഗ്ഗദര്‍ശികളായിത്തീരുന്നതിനു നമ്മുടെ അമ്മയായ പരിശുദ്ധ കന്യക നാം ഇന്ന് ആരംഭിക്കുന്ന വൈദിക വത്സരത്തിലുടനീളം നമ്മോടൊപ്പമുണടായിരിക്കട്ടേ!”







All the contents on this site are copyrighted ©.